Thursday, April 3, 2025

നാട്ടു തെളിമയുടെ കണിക്കൊന്ന പൂക്കൾ….

Must read

- Advertisement -

കെ. ആർ. അജിത

“കണിക്കൊന്നകൾ പൂക്കുമ്പോൾ….
മണി തൊങ്ങലും ചാർത്തുമ്പോൾ….”

ഷിബു ചക്രവർത്തിയും (SHIBU CHAKRAVARTHY) രവീന്ദ്രൻ മാസ്റ്ററും (RAVENDRAN MASTER) അണിയിച്ചൊരുക്കിയ സുജാത മോഹനന്റെ(SUJATHAMOHAN) മാധുര്യമുള്ള ശബ്ദത്തിൽ പിറന്ന ഈ പാട്ട് പോലെ കണിക്കൊന്നകൾ (KANIKONNA)നാടിനെ തൊങ്ങലുകൾ ചാർത്തുന്ന നാട്ടുതെളിമയുടെ കണിക്കൊന്ന പൂക്കൾ. സൂര്യ വെയിലിന്റെ കത്തുന്ന പ്രഭയിലും വാടിപ്പോകാതെ കണിക്കൊന്ന മരങ്ങളിൽ സ്വർണ്ണപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് അഴകോലുന്ന കാഴ്ച തന്നെയാണ്. വിഷുവെത്തും മുൻപേ ഫെബ്രുവരിയിൽ തന്നെ കണിക്കൊന്നകൾ നാടെങ്ങും പൂത്തുതളിർക്കുന്നു. കണിക്കൊന്നയും വിഷുവുമായി ബന്ധപ്പെടുത്തി അറിയാകഥകളും മിത്തുകളും ഒരുപാടുണ്ട്. വിഷു കാർഷിക ആഘോഷമായി ബന്ധപ്പെടുത്തിയാണ് മലയാളികൾ ആഘോഷിച്ചു വരുന്നത്. കണിക്കൊന്നയുമായി ബന്ധപ്പെട്ട് മലയാളികളുടെ സങ്കൽപ്പത്തിൽ ഭഗവാൻ കൃഷ്ണന്റെ അരഞ്ഞാണമായാണ് കണിക്കൊന്നയായി പൂത്തു വിടരുന്നത് എന്നാണ്. ആ കഥ ഇങ്ങനെ….

വളരെ പണ്ട് ഒരു ഗ്രാമത്തിൽ കൃഷ്ണഭക്തരായ ഒരു അമ്മയും മകനും ഉണ്ടായിരുന്നു. ഉണ്ണി എന്നായിരുന്നു ആ ബാലന്റെ പേര്. അവനെ എന്നും അമ്മ ഉറങ്ങാൻ നേരത്ത് ഭഗവാൻ ഉണ്ണിക്കണ്ണന്റെ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. അമ്പാടി കണ്ണന്റെ വികൃതിയും കുസൃതിയും നിറഞ്ഞ കഥകൾ കേട്ട് ഉണ്ണിക്ക് അമ്പാടി കണ്ണനെ കാണണമെന്ന് തോന്നൽ ഉണ്ടായി. വീടിനടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ ഭഗവാനെ കാണാൻ ചെന്നപ്പോൾ ഭഗവാൻ ഒരു കുട്ടിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ നിഷ്കളങ്ക ഭക്തിയിൽ അലിഞ്ഞ ഭഗവാൻ അവന് സമ്മാനമായി തന്റെ അരഞ്ഞാണം ഊരി നൽകുകയുമായിരുന്നു. അമ്പാടി കണ്ണൻ തന്നതാണെന്നും പറഞ്ഞ് അരഞ്ഞാണം കൂട്ടുകാരെ കാണിച്ചപ്പോൾ കൂട്ടുകാർ കളിയാക്കി ചിരിച്ചു പോലും. പിറ്റേന്ന് കൃഷ്ണ ക്ഷേത്രത്തിൽ തിരുമേനി പൂജ ചെയ്യാൻ നട തുറന്നപ്പോൾ ഭഗവാന്റെ വിഗ്രഹത്തിൽ അരഞ്ഞാണം കാണാനില്ല. അരഞ്ഞാണം ഉണ്ണിയുടെ കയ്യിൽ ഉണ്ടെന്ന് നാട്ടിൽ പരന്നു. ഉണ്ണി മോഷ്ടിച്ചതാണെന്നും നാട്ടിൽ പാട്ടായി. തിരുമേനിയും അമ്പല കാര്യക്കാരും ഉണ്ണിയുടെ വീട്ടിലെത്തിയപ്പോൾ സങ്കടവും അപമാന ഭാരത്താലും അമ്മ ഉണ്ണിയെ തല്ലുകയും കയ്യിലിരുന്ന പൊന്നരഞാണം പിടിച്ചു വലിച്ചു ദൂരേക്ക് എറിഞ്ഞു കളഞ്ഞു. അരഞ്ഞാണം ചെന്ന് പതിച്ചത് അവരുടെ വീട്ടിലെ പൂന്തോട്ടത്തിലെ ഒരു മരത്തിനു മുകളിലാണ്.. ഒരു പൂ പോലും ഇല്ലാതിരുന്ന മരത്തിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ വിടർന്നു … അതാണ് കണിക്കൊന്നയായി പിന്നീട് അറിയപ്പെട്ടത് എന്നാണ് ഐതിഹ്യം. വിഷുവിന് കണികാണാൻ നമ്മൾ ഭഗവാന്റെ വിഗ്രഹത്തിനടുത്ത് കണിക്കൊന്നയും വയ്ക്കുന്നത് ഈയൊരു സങ്കല്പം മുൻനിർത്തിയാണ്.

കണിക്കൊന്നയുടെ ശാസ്ത്രീയ നാമം കാസിയ ഫിസ്റ്റുല എന്നാണ്. ലഗുമിനോസെ അഥവാ ഫാബേഷിയെ കുടുംബത്തിൽപ്പെട്ട ഒന്നാണ് കണിക്കൊന്ന. ഇംഗ്ലീഷിൽ ഗോൾഡൻ ഷെവർ ട്രീ എന്നും കണിക്കൊന്നയ്ക്ക് പേരുകൾ ഉണ്ട്.. പൂക്കൾ താഴോട്ട് തൂങ്ങിക്കിടക്കുന്നത് കൊണ്ടാണ് ഇന്ത്യൻ ലബന എന്ന ഇംഗ്ലീഷ് പേര് കണിക്കൊന്നക്ക് ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലംബര്നാനിനും കണിക്കൊന്നയുടെ ഘടനയാണ്. ഫെബ്രുവരി മുതൽ നാലു മാസക്കാലമാണ് കണിക്കൊന്നയുടെ പൂക്കാലം. പൂങ്കുലയ്ക്ക് ഏകദേശം 50 സെന്റീമീറ്റർ നീളം വരും.

See also  യുവതി പപ്പടക്കോല്‍ വിഴുങ്ങി…

വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. രക്തശുദ്ധിക്കും കൊന്നമരത്തിന്റെ തോല് കൊണ്ടുള്ള കഷായവും ത്വക്ക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദത്തിൽ പറയുന്നു. ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിച്ച് വരുന്നുണ്ട്. കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസ്ട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ നല്ലൊരു കൊതുകനാശിനി കൂടിയാണ് കണിക്കൊന്ന.

കണിക്കൊന്ന പൂക്കളുടെ സ്വർണ്ണ വർണ്ണം കാണുമ്പോൾ കണ്ണന്റെ പൊന്നരഞ്ഞാണം ആണെന്ന് തന്നെ മലയാളികൾ വിശ്വസിക്കുന്നു. ആ മരത്തിന്റെ ഗുണങ്ങൾ ആയുർവേദവുമായി ബന്ധപ്പെടുത്തുമ്പോൾ മികച്ച ഗുണങ്ങളാണ് കണിക്കൊന്നക്കുള്ളത്. സൂര്യതാപത്താൽ പൊള്ളിപ്പടരുന്ന അവസ്ഥയിലും കണ്ണിന് ആനന്ദം പകരുന്ന സ്വർണ്ണപ്രഭയുടെ കണിക്കൊന്ന പൂക്കൾ മനം നിറയ്ക്കുന്ന കാഴ്ചകളായി നാട്ടിടവഴികളിലെങ്ങും മാറുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article