ഓർമ്മയിലെ നക്ഷത്രത്തിളക്കമായെന്നെന്നും ആ റിപ്പബ്ലിക്ക് ദിനം

Written by Taniniram1

Published on:

നമ്മുടെ കലണ്ടറിൽ ജനുവരിയുടെ ദിനങ്ങളിങ്ങനെ കൊഴിഞ്ഞു വീഴുമ്പോൾ, ഓരോ ഇന്ത്യക്കാരൻ്റേയും ആത്മാഭിമാനത്തിൻ്റെ ആഘോഷമായ റിപ്പബ്ലിക് ദിനം(Republic Day) ഒന്നുകൂടി കടന്നുവന്നിരിക്കുന്നു . ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം പുസ്തകത്താളുകളിലായ ദിവസം .നമ്മൾ ഇന്ത്യക്കാർക്ക് സ്വന്തമായി ഒരു ഭരണഘടനയുണ്ടായെന്നത് ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദിവസം.

       വർഷങ്ങൾക്കിപ്പുറമിരുന്ന്  ഓർമ്മകളെ വാറ്റിയെടുക്കുമ്പോൾ വാത്സല്യത്തോടെ എന്നെ നോക്കി ചിരിക്കുന്ന ഒരു ജനുവരി ഉണ്ട്. മഞ്ഞു വീഴുന്ന തണുത്ത വെളുപ്പാൻകാലത്ത് എഴുന്നേറ്റിരുന്ന് റിപ്പബ്ലിക് ദിന പ്രസംഗം ഉറക്കെ  ഉറക്കെ വായിച്ച് പഠിക്കുന്ന ചുവന്ന ഉടുപ്പിട്ട ഒരു നാലാം ക്ലാസുകാരി . മന:പാഠം പഠിച്ച പ്രസംഗത്തിന് ആത്മവിശ്വാസം കൂട്ടാനായി എഴുതി വച്ച ഒരു ചെറു കടലാസ് രണ്ടായി മടക്കി പുസ്തകത്തിനുള്ളിൽ നിന്ന് പല പ്രാവശ്യം എടുത്തു നോക്കി ആത്മബലം കൂട്ടിയ  നിറമുള്ള ഒരോർമ്മ. ഗാന്ധിജിയും (Gandhiji)സുഭാഷ് ചന്ദ്രബോസും(Subhash  Chandra Bose) ജവഹർലാൽ നെഹ്റുവും(Jawaharlal  Nehru)അംബേദ്കറും(BR Ambedkar )കുഞ്ഞു വർത്തമാനത്തിൽ നിറഞ്ഞു നിന്നെങ്കിലും, കേവലം റിപ്പബ്ലിക് ദിനമെന്നത്  ത്രിവർണ്ണപതാക ഉയർത്താനും മിഠായി തിന്നാനും മാത്രമാണെന്ന് കരുതി. "സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ എന്നു തുടങ്ങി ഞാനും നിങ്ങളുമല്ല, നമ്മൾ" എന്നു പറഞ്ഞവസാനിപ്പിച്ചപ്പോൾ  സദസ്സിൽ നിന്നുയർന്ന നിറഞ്ഞ കയ്യടി റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും വലിയ സമ്പത്തായി മാറി. ഒരു ലോകം തന്നെ കീഴടക്കിയ സന്തോഷവുമായി ആ നാലാം ക്ലാസ്സ് കാരിയുടെ  ജനുവരി ഇരുപത്തിയാറ്(January26) പിന്നീടുള്ള ആത്മധൈര്യത്തിന് വഴി കാണിച്ച്  അങ്ങനെ തന്നെ കിടപ്പുണ്ട്.

റിപ്പബ്ലിക്ദിന കാഴ്ചകൾക്കൊപ്പം

വളരുന്ന ഓർമ്മകൾക്കൊപ്പം റിപ്പബ്ലിക് ദിന കാഴ്ചകളും വളർന്നു.സ്കൂളിലെ പതാക ഉയർത്തലും അസംബ്ലിയും കഴിഞ്ഞാൽ ഓടി വന്ന് ടെലിവിഷനു മുന്നിൽ സ്ഥാനം പിടിക്കുന്ന കാലത്തിലേക്ക് അത് വഴി മാറി. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിക്കുന്നതുതൊട്ട് റിപ്പബ്ലിക് ദിന പരേഡും പുരസ്കാര സമർപ്പണവും കണ്ട് സംതൃപ്തിയടയുന്നതും ഒരു ശീലമാക്കി.

റെസ്പബ്ലിക്ക അഥവാ ക്ഷേമരാഷ്ട്രം

കൗമാര കാലഘട്ടത്തിലെ വിരസതയേറിയ സാമൂഹ്യ ശാസ്ത്രം ക്ലാസിലാണ് ജനുവരി 26 എന്ന ദിവസത്തെ പൂർണ്ണമായും മനസ്സിലാക്കുന്നത്. ‘റെസ് പ്ലബ്ലിക്ക’ (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന വാക്ക് ഉടലെടുത്തതെന്നും ക്ഷേമരാഷ്ട്രമെന്നാണ് ആ പദത്തിൻ്റെ അർത്ഥമെന്നും പല കുറി പറഞ്ഞു പഠിച്ചു. പാഠപുസ്തകങ്ങളിലൂടെ മനസ്സിലേക്ക് പകർന്നാടുന്ന ഓരോ വിവരങ്ങളും ഇന്ത്യൻ ചരിത്രത്തിൻ്റെ അകത്തളങ്ങളിലേക്ക് സധൈര്യം കടന്നുകയറാൻ മോഹിപ്പിക്കുന്നതായി മാറി. 1947 ആഗസ്റ്റ് 15(August 15)ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും സ്വന്തമായി ഒരു ഭരണഘടനയുണ്ടായിരുന്നില്ല.1950 ജനുവരി 26 വരെ ഇന്ത്യ, ബ്രിട്ടീഷ്(British) സാമ്രാജ്യത്തിലെ ഒരു ഡൊമിനീയനായിതന്നെ തുടർന്നു.
ബ്രിട്ടീഷ് അധീനതയിൽ നിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് മാറുകയും ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത് 1950 ജനുവരി 26നായിരുന്നു. ഈ ദിവസത്തിന്റെ ഓർമയ്ക്കായാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്നുമുള്ള അറിവ് മനോഹരമായി പകർത്തിയെഴുതിയ പുസ്തകങ്ങൾ പോലെ മനസ്സിൽ പതിഞ്ഞു കിടന്നു.സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1929 ഡിസംബർ 31ന്​ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (Indian National Congress) ലാഹോറിലെ രവി നദിക്കരയിൽ ചേർന്ന സമ്മേളനത്തിൽ പൂർണ സ്വരാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടത് 1930 ജനുവരി 26നായിരുന്നു. ആ പ്രത്യേകതയും ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കാൻ കാരണമായി.

ഡോക്ടർ ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു സംഘം നിയമ വിദഗ്ധർ രണ്ടുവർഷം പതിന്നൊന്ന് മാസം പതിനെട്ട് ദിവസവും എടുത്താണ് നമ്മുടെ ഭരണഘടന നിർമ്മിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി തയ്യാറാക്കിയ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടനയായി മാറി. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആത്മാർത്ഥമായി വായിക്കപ്പെട്ടു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ ലക്ഷ്യങ്ങളെന്ന് ഓർമ്മയിലേക്കും ബോധത്തിലേക്കും പകർത്തിവച്ചു. അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, എന്നിവ സുവ്യക്തമായി നിർവ്വചിക്കുന്ന നമ്മുടെ ഭരണഘടന തത്വചിന്തയിലധിഷ്ഠിതമായ ബഹുസ്വരതയുടെ ഘടകങ്ങൾ പൂർണ്ണാർത്ഥത്തിൽ വിവരിക്കുന്നതാണെന്നും തിരിച്ചറിഞ്ഞു.

 നാം ഇന്നു കാണുന്ന ഇന്ത്യയിലെത്താൻ ഒരുപാട് പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും നേരിട്ടുണ്ട് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതയായെങ്കിലും നിരക്ഷരതയും ദാരിദ്രവും നമ്മെ വേട്ടയാടിക്കൊണ്ടിരുന്നു.

സ്വയംഭരണാവകാശം ലഭിക്കുന്നതിനു മുമ്പ് ഇന്ത്യ പൂർണ്ണമായും കാർഷികാധിഷ്ഠിതരാജ്യമായിരുന്നു.നിരവധി പുതുരീതിയിലുള്ള കൃഷിരീതികൾ വികസിപ്പിച്ചെടുത്തത് ഇന്ത്യയ്ക്ക് കാർഷികമായും വ്യവസായികമായുള്ള മുന്നേറ്റത്തിന് വഴിയൊരുക്കി.1980 കളിലെ സേവന മേഖലകളിലെ വികസനവും പൊതു നിക്ഷേപത്തിലെ ഗണ്യമായ വർദ്ധനവും ഇന്ത്യയുടെ വളർച്ചയ്ക്ക് മാറ്റുകൂട്ടി. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനത ഇന്ത്യയുടെ മുഖമുദ്രയായി മാറി.

  റിപ്പബ്ലിക്കിൻ്റെ ഒരു വർഷം കൂടി കടന്നുപോകുമ്പോൾ ഇന്ത്യ ലോക രാഷ്ട്രങ്ങളിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ലോകരാജ്യങ്ങളെ പിന്നിലാക്കി കൊണ്ട് പ്രപഞ്ചത്തിന് അത്ഭുതമായി മാറി നമ്മുടെ കൈകളിൽ ഭദ്രമായി.രാജ്യത്തെ ശാസ്ത്ര സാങ്കേതികവളർച്ചയിലെ പുരോഗതി ഇന്ത്യയുടെ വൻ കുതിപ്പിന് ആക്കം കൂട്ടി. എല്ലാ അർത്ഥത്തിലും സാമ്പത്തീകമായും സാമൂഹ്യമായും സാംസ്കാരമായും ഇന്ത്യ വളരുമ്പോൾ, ജനാധിപത്യത്തിൻ്റെ പൂർണ്ണമായ അർത്ഥത്തെ ഉൾക്കൊള്ളുന്ന  വ്യവസ്ഥിതി തന്നെ ഇന്ത്യയിൽ നിലനിൽക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. ആ പഴയ നാലാം ക്ലാസുകാരിയുടെ ഓർമ്മയിലെ നക്ഷത്രത്തിളക്കം പോലെ, ഞാനും നിങ്ങളും ഇല്ല ....നമ്മൾ മാത്രം

താര അതിയടത്ത്

Leave a Comment