– താര അതിയടത്ത്
എൻ്റെ വഴിയിലെ വെയിലിനും നന്ദി എൻ്റെ ചുമലിലെ ചുമടിനും നന്ദി
നമ്മുടെ ജീവിതത്തിൽ പ്രകൃതിയോടും, പ്രപഞ്ചത്തോടും നന്ദി പറയാതെ ഒരു ദിവസമെങ്കിലും കടന്നുപോകാനാവുമോ? നന്ദി എന്ന വാക്കിന് ജീവിതത്തോളം തന്നെ പ്രാധാന്യമുണ്ടെന്ന് മലയാളി മനസ്സിൽ ശിലാലിഖിതം പോലെ കുറിച്ചിട്ടു തന്ന സുഗതകുമാരിടീച്ചറുടെ പിറന്നാൾ കടന്നുപോകുമ്പോൾ, മനുഷ്യർ മാത്രമല്ല മണ്ണും കാടും മരങ്ങളും മഴയും ഏകസ്വരത്തിൽ വിളിച്ചുപറയുന്നുണ്ട്, പ്രിയ കവയിത്രിക്ക് ഒരായിരം നന്ദി. അതിനു തെളിവായി ടീച്ചർ ഇവിടെ ബാക്കിവെച്ച് പോയിട്ടുള്ളത് സ്വന്തം ആത്മാവിൻ്റെ പ്രകൃതി തന്നെയാണ് .
കവിതകളുടെ ഓർമ്മകൾ തുടങ്ങുന്നിടത്തെവിടെയോ പതിച്ചു വച്ച ഒരു ചിത്രമുണ്ട്. കരുത്തുറ്റ വരികളോടൊപ്പം മനസ്സിൽ പെൺകരുത്തിന്റെ പ്രതീകമായി മാറിയ ചിത്രം. രാത്രി മഴയുടെയും അമ്പലമണിയുടെയും മുത്തുച്ചിപ്പിയുടേയും രൂപത്തിൽ ഇന്നും മനസ്സിൻ്റെ ഉള്ളുരുക്കങ്ങളിൽ കുളിർമഴ പോലെ, കാണാത്ത കാഴ്ചകളിലേക്ക് നീട്ടുന്ന കൈവിളക്ക് പോലെ ടീച്ചർ ജീവിക്കുന്നു. മണ്ണിനും കാടിനും മരങ്ങൾക്കും മഴയ്ക്കും വേണ്ടി ജീവിതം മാറ്റി വച്ച മലയാളിമനസ്സിൻ്റെ അമ്മമരമായി നമ്മുടെ സ്വന്തം സുഗതകുമാരി ടീച്ചർ.
“ലോകാനുരാഗിയായ കവിയാണ് സുഗതകുമാരി ടീച്ചറെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് .നാടിൻ്റെ പുരോഗതിക്കും ജനനന്മയ്ക്കും വേണ്ടി ജീവിതം തന്നെ ഒഴിഞ്ഞുവച്ച കവയിത്രിക്ക് ഇതിൽ കൂടുതൽ വിശേഷണം വേറെയില്ല. സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ട്. അശരണർക്ക് അഭയമായ ‘അഭയ’യിലൂടെ ടീച്ചർ മറ്റുള്ളവരുടെ സങ്കടങ്ങൾ തൻ്റേതാക്കുകയായിരുന്നു.
കവിതക്കുള്ളിലെ വിശേഷമായെന്നും ടീച്ചർ
ടീച്ചറുടെ ഓരോ കവിതക്കുള്ളിലും ഓരോ വിശേഷമുണ്ട്. ആ വിശേഷങ്ങളറിയുമ്പോൾ മനുഷ്യൻ ആത്മബോധത്തിലേക്ക് പ്രവേശിക്കുന്നു. അവിടെയാണ് കവിതയുടെ പ്രാണവായു പോലെ പ്രകൃതി, പ്രണയം, വിഷാദം എന്നിവ കടന്നു വരുന്നത്. അവ കവിതയിലൂടെ വാറ്റിയെടുക്കുമ്പോൾ സാധാരണ മനുഷ്യരുടെ ഹൃദയസ്പന്ദങ്ങളായി മാറുന്നു. കൃഷ്ണ ഭക്തിയാൽ സമൃദ്ധമാണ് ടീച്ചറുടെ കവിതകൾ. കൃഷ്ണാ നീയെന്നെ അറിയില്ല, രാധയെവിടെ, കാളിയമർദ്ദനം, ഗോപിക തുടങ്ങിയ കവിതയിലൂടെ ടീച്ചർ നമ്മെ പിടിച്ചിരുത്തുമ്പോൾ കൃഷ്ണ സാന്നിധ്യം തീവ്രമായ വായനാനുഭവമാകുന്നു.
പ്രകൃതിയുടെ വിളക്കും വെളിച്ചവും
കരുതലിൻ്റെ താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് ടീച്ചറുടെ രചനകൾ പ്രകൃതിയുടെ താഴുകൾ തുറക്കുന്നത്. കാവുതീണ്ടല്ലേ, കുറിഞ്ഞിപ്പൂക്കൾ, വനരോദനം , സൈലൻ്റ് വാലി, പശ്ചിമഘട്ടം, തുലാവർഷപച്ച തുടങ്ങിയ കവിതകളിലൂടെ പ്രകൃതിയുടെ വേദനകൾ നേർക്കാഴ്ചകളായി. പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തുന്ന ചൂഷണ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തു കൊണ്ട് ‘ സൈലൻ്റ് വാലിയിലും പ്ലാച്ചിമടയിലും ടീച്ചറുടെ ശബ്ദം ഉയർന്നു കേട്ടു. മനുഷ്യനും മറ്റു സഹജീവികൾക്കും ഒരുപോലെ വാത്സല്യം പകർന്നു നൽകിയ ടീച്ചർ കാവ്യലോകത്ത് നൽകിയ സംഭാവനകൾ എന്നെന്നും നമുക്ക് തിരിച്ചറിവിൻ്റെ മഹാ സത്യമായ് മാറി.
ഒരേ സമയം നമ്മെ കവിതകളിലൂടെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവയിത്രിയുടെ ജന്മദിനം നമ്മൾക്കിടയിലൂടെ കടന്നുപോകുമ്പോൾ മലയാളഭാഷയുടെ ആസ്വാദകമണ്‌ഡലത്തിൽ മുഴുക്കെ അലയടിക്കുന്നുണ്ട്. ടീച്ചറുടെ കവിതകളോരോന്നും . അതെന്നെന്നും രാത്രിമഴയായ് പെയ്തു കൊണ്ടേയിരിക്കും….. തുലാവർഷപച്ച പോലെ ഹരിതാഭമാകും…. പാതിരാപ്പൂക്കളായ് നിലാവിൽ ചിരിക്കും…..