Wednesday, May 21, 2025

ചാണക്യനീതി

Must read

- Advertisement -

വി ആർ അജിത് കുമാർ

ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനും ഭരണാധികാരിയും രാഷ്ട്രീയ ബുദ്ധിജീവിയുമായിരുന്നു ചാണക്യന്‍. ചാണക്യന്‍റെ അച്ഛന്‍ ചണക് രാഷ്ട്രമീമാംസ പണ്ഡിതനായിരുന്നു. മഗധ രാജാവായിരുന്ന ധനനന്ദന്‍റെ ഉപേദശകനായിരുന്നു ചണക്. സുഖലോലുപനായ ധനനന്ദനെ നാട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. അതകൊണ്ടുതന്നെ രാജാവിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ചണക് ശ്രമിച്ചു. ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ വധിച്ചു. ബാലനായ ചാണക്യന്‍ മഗധയില്‍ നിന്നാല്‍ തന്‍റെ ജീവനും നഷ്ടപ്പെടും എന്ന് മനസിലാക്കി അവിടെനിന്നും രക്ഷപെട്ടു. അവന്‍ തക്ഷശിലയിലെത്തി പഠനം തുടര്‍ന്നു. രാഷ്ട്രമീമാംസയില്‍ പഠനം പൂര്‍ത്തിയാക്കിയ ചാണക്യന്‍ അച്ഛന്‍റെ പാതപിന്‍തുടര്‍ന്ന് അധ്യാപകനായി. എന്നാല്‍ ആ ജീവിതം അയാള്‍ക്ക് സംതൃപ്തി നല്കിയില്ല, എന്നുമാത്രമല്ല അച്ഛനെ കൊല ചെയ്ത ധനനന്ദനോടുള്ള കടുത്ത പകയും മനസില്‍ ഉണ്ടായിരുന്നു. അയാള്‍ മഗധയുടെ തലസ്ഥാനമായ പാടലീപുത്രയിലെത്തി,അവിടെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് രാഷ്ട്രമീമാംസയും നേതൃപാടവവും പഠിപ്പിച്ചു. തുടര്‍ന്ന് അവരുടെ സഹായത്തോടെ ധനനന്ദനെ അധികാരത്തില്‍ നിന്നും പുറത്താക്കി. ശിഷ്യരില്‍ മിടുക്കനായ ചന്ദ്രഗുപ്തനെ മഗധയിലെ രാജാവാക്കി. ചാണക്യന്‍റെ തന്ത്രങ്ങളുടെ ഫലമായി അലക്സാണ്ടറിനെ യുദ്ധത്തില്‍ തോല്‍പ്പിക്കാനും കഴിഞ്ഞു.

ഭാരതത്തിലെ പതിനാറ് ദേശങ്ങളിലേയും രാജാക്കന്മാരെ തോല്‍പ്പിച്ച് അഖണ്ഡ ഭാരതം സ്ഥാപിച്ചത് ചന്ദ്രഗുപ്തനാണ്. അതിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രം ചാണക്യനായിരുന്നു. ചാണക്യന്‍ അധികാരം സംബ്ബന്ധിച്ച തന്‍റെ കാഴ്ചപ്പാടുകള്‍ ക്രോഡീകരിച്ചാണ് അര്‍ത്ഥശാസ്ത്രം രചിച്ചത്. ഇതില്‍ ആറായിരം ശ്ലോകങ്ങളാണുള്ളത്. ഇന്നും പല വിഷയങ്ങളിലും പ്രസക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ അര്‍ത്ഥശാസ്ത്രത്തിന് കഴിയുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ചാണക്യന്‍ ജീവിച്ചിരുന്ന കാലത്തെ ജനങ്ങള്‍ എങ്ങിനെ ജീവിക്കണം എന്നതായിരുന്നു ചാണക്യനീതി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ചാണക്യന്‍ പഠിപ്പിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ പിന്നീട് ക്രോഡീകരിച്ചതാണ് ചാണക്യനീതി എന്നും അഭിപ്രായമുണ്ട്. ആ കാലത്ത് ജാതി ശക്തമായിരുന്നു എന്നുമാത്രമല്ല സ്ത്രീസ്വാതന്ത്ര്യവും കുറവായിരുന്നു.ശൂദ്രരിലും താഴെയുള്ള മനുഷ്യര്‍ക്ക് മൃഗങ്ങളുടെ മൂല്യം പോലും നല്‍കിയിരുന്നില്ല. ആ കുറവുകള്‍ ചാണക്യനീതിയിലും പ്രതിഫലിക്കുന്നത് കാണാം.

ചാണക്യന്‍ വലിയ ഈശ്വരവിശ്വാസിയായിരുന്നു. സ്വര്‍ഗ്ഗം ,ഭൂമി, പാതാളം എന്ന് മൂന്ന് ലോകമുണ്ടെന്നും അവയുടെ അധിപന്‍ വിഷ്ണുവാണെന്നും അദ്ദേഹം കരുതിയിരുന്നു. ആ ദൈവത്തിന്‍റെ അനുവാദം വാങ്ങിയും നാളിതുവരെ എഴുതിയിട്ടുള്ള വേദങ്ങളേയും ചിന്തകളേയും സ്വാംശീകരിച്ചുമാണ് അദ്ദേഹം ചാണക്യനീതി എഴുതിയത്. ജനങ്ങളെ ക്ഷേമകാര്യങ്ങളില്‍ ബോധമുള്ളവരും മികച്ച പൌരന്മാരുമാക്കി മാറ്റാന്‍ പുസ്തകം ഉപകരിക്കും എന്ന് ചാണക്യന്‍ വിശ്വസിച്ചു.

ചാണക്യന്‍ ഈ പുസ്തകം എഴുതിയ കാലം വരെ ഉണ്ടായിട്ടുള്ള മഹത്തായ കൃതികളില്‍ പറയുന്നതെല്ലാം ഉള്‍ക്കൊണ്ടാണ് ചാണക്യനീതി എഴുതിയിരിക്കുന്നത് എന്നദ്ദേഹം അവകാശപ്പെടുന്നു. ഇത് വായിക്കുന്ന ആളിന് യഥാര്‍ത്ഥ്യങ്ങള്‍ തരിച്ചറിയാന്‍ കഴിയുമെന്നും അവ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ കഴിയുമെന്നും ചാണക്യന്‍ പറയുന്നു.ജീവിതത്തില്‍ ഉണ്ടാകാവുന്ന ശരിതെറ്റുകള്‍ മനസിലാക്കാനും അതില്‍ എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്തുകൂടാ എന്നും സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്നുമുള്ള അറിവും പുസ്തകം പകര്‍ന്നു നല്‍കും എന്നാണ് അവകാശപ്പെടുന്നത്.

See also  ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്‌; അപർണ്ണയ്ക്ക് പഠിക്കണം, ഭയമില്ലാതെ

തുടക്കം

ശ്ലോകം 1.1

ആദ്യമായി,മൂന്ന് ലോകത്തിന്‍റെയും അധിപനായ വിഷ്ണുവിന് മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു. നാളിതുവരെ ലഭ്യമായ വേദഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും രാജോചിതമായ ശീലങ്ങള്‍ രൂപപ്പെടുത്താനായി രേഖപ്പെടുത്തിയിട്ടുള്ള ധര്‍മ്മസംഹിതകളാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

ശ്ലോകം 1.2

ജനങ്ങളുടെ ക്ഷേമത്തിന് അനിവാര്യമായ കാര്യങ്ങളാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതിനെ ശാസ്ത്രീയമായി മനസിലാക്കുന്ന ഒരാള്‍ക്ക് എല്ലാറ്റിനെകുറിച്ചും ബോധമുള്ളവനായിരിക്കാന്‍ കഴിയും.

ശ്ലോകം 1.3
ഈ ഗ്രന്ഥം പഠിക്കുന്നതുവഴി ഒരു വ്യക്തിക്ക് ഓരോ വിഷയത്തിലേയും സത്യം കണ്ടെത്താന്‍ കഴിയും. വേദഗ്രന്ഥങ്ങളിലെ ശ്രദ്ധേയമായ അറിവുകള്‍ മനനം ചെയ്യാനാകും. ഓരോ വിഷയത്തിലേയും ശരിതെറ്റുകള്‍ കണ്ടെത്താന്‍ കഴിയും, ഗുണദോഷങ്ങളെ അറിയാനും കഴിയും
(തുടരും)

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article