മതേതര ഭാരതം

Written by Taniniram1

Published on:

വി. ആർ. അജിത് കുമാർ

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം കാണുകയുണ്ടായി. മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന അതിര്‍ത്തി ചെറുതായി ചെറുതായി ഇല്ലാതാകുന്ന കാലമാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ ശ്രദ്ധേയമായ ഒരു വിഷയമാണിത്. സ്വതന്ത്ര ഇന്ത്യയും അതിന് മുന്നെയുള്ള ഇന്ത്യയുമെല്ലാം മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നതെങ്കിലും ഇത്രമാത്രം ഒന്നായി മാറിയ കാലം മുന്നെ ഉണ്ടായിട്ടില്ല. ഗാന്ധിജി കോണ്‍ഗ്രസിനെ പരമാവധി മതേതരമാക്കാന് ശ്രമിച്ചിരുന്നെങ്കിലും ഹിന്ദുമേധാവിത്തം ആരോപിച്ചാണ് മുസ്ലിംലീഗ് ഉണ്ടായത്. ലീഗ് ഒരു ഇസ്ലാമിക രാഷ്ട്രം രൂപീകരിച്ചാണ് കളം വിട്ടതും. ഹിന്ദു ഭൂരിപക്ഷം വരുന്ന ഇന്ത്യ പക്ഷെ അതിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്തി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സവര്‍ണ്ണ സ്വഭാവം നിലനിര്‍ത്തിയിരുന്നു. സമൂഹത്തിലെ അധ:സ്ഥിത ജനതയ്ക്കായി മുന്നിട്ടിറങ്ങിയ സവര്‍ണ്ണ കുടുംബങ്ങളിലെ യുവാക്കളായിരുന്നല്ലൊ തുടക്കത്തില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍. കേരളത്തില്‍ ക്രമേണ അത് മാറിയെങ്കിലും ബംഗാളില്‍ ആ രീതി തുടരുകയും പാര്‍ട്ടി അവിടെ തീരെ ചെറുതാകുകയും ചെയ്തു. ഇന്ത്യയില്‍ പ്രത്യേകിച്ചും വടക്കേ ഇന്ത്യയില് ജനസംഘത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചുനിന്നത് അതിന്‍റെ മതേതര സ്വഭാവം കൊണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഭരണത്തിനെതിരെ ഇടതും വലതും സോഷ്യലിസ്റ്റുകളുമൊക്കെ ഒന്നിച്ചു നില്‍ക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അത് വിജയിച്ചത് അടിയന്തിരാവസ്ഥ എന്ന ദുര്‍ഭൂതത്തെ ഇന്ദിര അഴിച്ചുവിട്ടതോടെയാണ്. നെഹ്റു പല അബന്ധങ്ങളും കാട്ടിയതായി കമ്മ്യൂണിസ്റ്റുകള് ആരോപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മതേതര സമീപനത്തെ അഭിന്ദിച്ചിരുന്നു. അത് പിണറായി എടുത്തു പറയുന്നുണ്ട്.

ഇവിടെ ശ്രദ്ധേയമാകുന്ന ഒന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത് അവരെല്ലാം മതേതര പാര്‍ട്ടികളാണെന്നാണ്. ബിജെപിയും മുസ്ലിംലീഗും ഇന്ത്യന്‍ നാഷണല്‍ ലീഗും എസ്ഡിപിഐയും കേരള കോണ്‍ഗ്രസുകളുമൊക്കെ മതാധിഷ്ഠിത പാര്‍ട്ടികളാണെങ്കിലും ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കും വിധം പ്രവര്‍ത്തിക്കുന്ന സെക്കുലാര്‍ പാര്‍ട്ടികളാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല് പൊതുജനത്തിന് ഇവരെല്ലാം മതാധിഷ്ഠിത പാര്‍ട്ടികളാണ് എന്നു മനസിലാക്കാന് ബുദ്ധിമുട്ടില്ല. കോണ്‍ഗ്രസ് മുന്നണിയില്‍ ലീഗും കേരള കോണ്‍ഗ്രസുമുള്ളപ്പോള്‍ അവര് എങ്ങിനെ മതേതര മുന്നണിയാകും. അത് കപടമതേതരത്വമാണ്. ഇടതുപക്ഷത്ത് ഇന്ത്യന്‍ നാഷണല്‍ ലീഗും കേരള കോണ്‍ഗ്രസുമുണ്ടാകുമ്പോള് ആ മുന്നണി എങ്ങിനെ മതേതരമാകും. അതും കപട മതേതരത്വമാണ്.

ഇന്ന് ഇന്ത്യയില് സംഭവിക്കുന്നത് ഹിന്ദുമത വികാരം ഉണര്‍ത്തി പരമാവധി വോട്ടു നേടാന്‍ ശ്രമിക്കുന്ന ബജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയും പരമാവധി മുസ്ലിം -ക്രിസ്ത്യന്‍- സിഖ് വോട്ടുകള്‍ നേടാന്‍ ശ്രമിക്കുന്ന ഇന്ത്യ ഗ്രൂപ്പും തമ്മിലുള്ള മത്സരമാണ്.ബിജെപി മതപരമായി ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിതീഷും അഖിലേഷ് യാദവുമൊക്കെ ജാതി പരമായി വോട്ടറന്മാരെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അടിസ്ഥാനപരമായി എല്ലാ നേതാക്കളുടെയും ലക്ഷ്യം ഒന്നുതന്നെയാണ് .അധികാരം പിടിച്ചെടുക്കുക, സുഖിക്കുക എന്നത് മാത്രമാണത്. എവിടെയും രണ്ട് വര്‍ഗ്ഗങ്ങളെയുള്ളു എന്ന് നമ്മള്‍ മനസിലാക്കണം. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും. ഭരിക്കുന്നവര് നാടകമാടുന്നു, നമ്മള് കാഴ്ചക്കാരായ വോട്ടറന്മാര്‍ ഒക്കെ കണ്ട് ആസ്വദിക്കുന്നു. ഇതിനിടയില്‍ രൂപപ്പെടുന്ന ആരാധക വൃന്ദങ്ങളെയാണ് നമ്മള്‍ ശരിക്കും ഭയക്കേണ്ടത്. അവര്‍ ഓരോ നേതാക്കളുടെയും ചാവേറുകളാണ്. അവരെ ഭയന്ന് നമുക്ക് ജീവിക്കാം. കാരണം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അതിര്‍വരമ്പ് മാഞ്ഞുമാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്

Leave a Comment