ജ്യോതിരാജ് തെക്കൂട്ട്
തൃശൂർ: ക്രിസ്മസും ന്യൂ ഇയറും അടിപൊളിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒട്ടും മടിക്കേണ്ട, കടന്നു വരൂ തൃശൂർ അരിയങ്ങാടിയിലെ ഷബീറിൻ്റെ ഡോൾ ഹൗസിലേക്ക്. എണ്ണിയാൽ ഒടുങ്ങാത്ത, മാനത്തെ നക്ഷത്രങ്ങളെക്കാൾ തിളക്കമുള്ള, സ്വർഗത്തിലെ മാലാഖമാരുടെ സൗന്ദര്യത്തെ അതേപടി ഒപ്പിയെടുത്ത ക്രിസ്മസ് സ്റ്റാറുകൾ ഷബീറിൻ്റെ കടയുടേത് മാത്രമാണ്.
ജീവിതത്തിൽ സംഭവിച്ച വീഴ്ചകളെ തിരിച്ചറിവുകളാക്കി മുന്നേറിയതാണ് ഷബീറിൻ്റെ ജീവിതസന്ദേശം. ഒരു ലക്ഷം പാവകളുമായി കേരളത്തിലെ ആദ്യത്തെ ഡോൾ ഹൗസിന്റെ അമരക്കാരൻ ഷബീർ പറയുന്നു: വീണപ്പോൾ നടക്കാനല്ല ഞാൻ പഠിച്ചത് ഓടാനാണ്.. , ഓടി ഓടി പിന്നെ മുന്നോട്ടു കുതിക്കാനും “. തിരക്കുകൾക്കിടയിലും തൃശൂർ അരിയങ്ങാടിയിൽ പുത്തൻ പള്ളിക്ക് സമീപമുള്ള കേരള ഫാൻസി സ്റ്റോറിന്റെ അമരക്കാരൻ ‘തനിനിറ’ത്തോട് ആശയങ്ങൾ പങ്കുവച്ചു.
35 വർഷം മുൻപ് പാർട്ണർഷിപ്പിൽ വാപ്പയായി തുടങ്ങിയ സ്ഥാപനം. കളിപ്പാട്ട വിൽപനയായിരുന്നു തുടക്കത്തിൽ. ചില്ലറ കച്ചവടത്തിൽ നിന്നു ലഭിക്കുന്നതാകാട്ടെ തുച്ഛമായ വരുമാനവും. കടബാധ്യതകൾ തലയ്ക്ക് മുകളിലായതോടെ ജീവിതം വഴി മുട്ടി. നോട്ടു നിരോധനം, ജി.എസ്.ടി പ്രശ്നങ്ങൾ. എന്നാൽ വിധിയെ തോൽപ്പിക്കാൻ ഷബീറും കുടുംബവും തീരൂമാനിച്ചു.
കയറിക്കിടക്കാൻ ആകെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റു ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിച്ചു. ഓരോ സീസണിലും അതുമായി ബന്ധപ്പെട്ട് കച്ചവടം നടത്താൻ തലച്ചോർ ഉപദേശിച്ചു. സംഗതി ഫലിച്ചു. ക്രിസ്മസിന് ഡിസംബർ 1 മുതൽ 24 വരെ ഷബീറിന് കണ്ണടയ്ക്കാൻ പോലും നേരം ഉണ്ടായില്ല. കച്ചവടം പൊടി പൊടിച്ചു. സ്റ്റാളിലെ സ്റ്റാറുകൾ ഒന്നൊന്നായി മാനത്തെ നക്ഷത്രങ്ങളേക്കാൾ വീടുമുറ്റങ്ങളിൽ പ്രകാശിച്ചു. കേരളഫാൻസി സ്റ്റോറിലെ തിരക്ക് പൂരത്തിന് സമമായി. പതിവ് പോലെ ഈ ക്രിസ്മസിനും
സൂപ്പർ സ്റ്റാറായി പേപ്പർ സ്റ്റാറുകൾ.
പേപ്പർ സ്റ്റാറിൽ നവകേരളയ്ക്കാണ് തലയെടുപ്പ്. ഈ സ്റ്റാറിൽ പതിനൊന്ന് നിറങ്ങൾ വിടരുമ്പോൾ മനം കവരുന്ന വിസ്മയം തെളിയും. നോർമൽ എൽഇഡി സ്റ്റാറുകൾ ഒൻപത് വ്യത്യസ്ത മോഡലുകളിൽ എത്തിയാണ് വിപണി കീഴടക്കിയത്. അതിൽ തന്നെ പിക്സൽ എൽഇഡി വൈവിധ്യം പകരുന്നു. നിയോൺ സ്റ്റാർസിലെ മൾട്ടികളർ സ്റ്റാറായ ‘മെർളി സ്റ്റാർ’ പൂർണമായി വിറ്റഴിഞ്ഞു. സൗന്ദര്യം വഴിഞ്ഞൊഴുകിയ മോഡൽ പീപ്പി വെച്ച മാലാഖ സ്റ്റാറാണ്. ബെൽ സ്റ്റാർ കുട്ടികളുടെ ഇഷ്ടതാരവും. വ്യത്യസ്തമായ തൊപ്പികൾ മറ്റൊരു പ്രത്യേകതയായി. ക്രിസ്മസ് ട്രീ മറ്റൊരു സവിശേഷതയാണ്. ഒരടി മുതൽ ഇരുപത് അടി വരെ വലുപ്പമുള്ള ട്രീകൾ ആരെയും അമ്പരിപ്പിക്കും. ഇതിൽ ‘സ്നോ ട്രീ ‘ യുടെ അടുത്തു പോയാൽ വല്ലാത്ത മഞ്ഞ് തൊട്ടടുത്തുള്ളതു പോലത്തെ ഫീൽ ഉണ്ടാകും.
പുൽക്കൂടുകളെ വ്യത്യസ്തതയോടെ അണിയിച്ചൊരുക്കിയാണ് ക്രിസ്മസ് കാലത്തെ വരവേൽക്കുന്നത്. പുല്ലും വൈക്കോലും മേഞ്ഞ മുള, ചൂരൽ മൾട്ടി വുഡ്, പ്ലൈവുഡ് പ്ലാസ്റ്റിക് എന്നിങ്ങനെ നിരവധി നിർമ്മാണ സാമഗ്രികൾ കൊണ്ട് തയ്യാറാക്കി ബോളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച ഇടത്ത് മാതാവും ഉണ്ണിയേശുവും. വൈക്കോൽ വെച്ച് നിർമ്മിച്ച കൂടുകൾ എല്ലാം ഒന്നാംന്തരം . ഉപയോഗശേഷം അഴിച്ചെടുത്ത് മറ്റൊരു അവസരത്തിൽ ഉപയോഗിക്കാവുന്നതാണ് ഇവയെല്ലാം.
അശക്തർ എന്ന് മുദ്രകുത്തപ്പെട്ടവർ നേടിയ വിജയമാണ് തൻ്റെതെന്ന് ഷബീർ പറയുന്നു.