തൻ്റെ ‘ഇരുൾചിറകുകൾ’ എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ മലയാളത്തിൻ്റെ പ്രിയ കവയിത്രി സുഗതകുമാരി ഇപ്രകാരമെഴുതി:
“പൂമൊട്ടിന് വിരിഞ്ഞേ കഴിയൂ. പക്ഷിക്ക് പാടിയേ കഴിയൂ. തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ. തിരമാലക്ക് ആഹ്ലാദത്തോടെ സ്വയം ഉയർന്നടിച്ച് ചിതറിയേ കഴിയൂ. അതുപോലെ തന്നെ അത്രമേൽ സ്വാഭാവികമായി ആത്മാർത്ഥമായി ഞാൻ എഴുതുന്നു…” അത്രമേൽ സ്വാഭാവികവും ലളിതവുമായിരുന്നു സുഗതകുമാരിയുടെ കവിതകൾ. ജീവിതവും പ്രകൃതിയും തന്നെ കാവ്യവിഷയം. അതുകൊണ്ടാണ് വിടപറഞ്ഞ് മൂന്നാണ്ട് പിന്നിട്ടിട്ടും മലയാളമാകെ രാത്രിമഴ പെയ്യിച്ച കവയിത്രിയുടെ വരികൾ ഇന്നും ഈ ഭൂമികയിൽ നനവേടെ നിലനിൽക്കുന്നത്.
ആറു പതിറ്റാണ്ടിലധികം നീണ്ട സർഗസപര്യയിലൂടെ ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കുകയും, അക്ഷരങ്ങളുടെ ലോകത്ത് മാത്രം ഒതുങ്ങിനിൽക്കാതെ, സാധാരണക്കാർക്കിടയിലേക്കിറങ്ങിവന്ന് പരിസ്ഥിതിയ്ക്കു വേണ്ടിയും സമൂഹത്തിന് വേണ്ടിയും പ്രവർത്തിക്കുകയും ചെയ്ത കവയിത്രിയായിരുന്നു സുഗതകുമാരി; മലയാളത്തിലെ സാഹിത്യ-സാംസ്കാരിക വേദികളിലെ നിത്യസാന്നിധ്യമായിരുന്ന, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി.
1970-കളിൽ സൈലൻ്റ് വാലിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയായിരുന്നു പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് സുഗതകുമാരി കടന്നുവന്നത്. എന്നാൽ അതിനും എത്രയോ മുൻപുതന്നെ തൻ്റെ കവിതകളിലൂടെ സുഗത പരിസ്ഥിതിയ്ക്ക് വേണ്ടി പോരാടിയിരുന്നു. അട്ടപ്പാടിയിലെ കരിഞ്ഞുണങ്ങിയ കാടും അരുവികളും വീണ്ടെടുത്ത് പൂത്തുലയുന്ന കൃഷ്ണവനം ഒരുക്കിയതായിരുന്നു സുഗതകുമാരിയുടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രകൃതി സംരക്ഷണ യത്നം. ഒരു കവയിത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യം ആകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇന്നും സുഗതകുമാരി മലയാളികളുടെ മനസിൽ നിലനിൽക്കുന്നു.
മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്നത് ആത്മഹത്യാപരമാണെന്നതിൻ്റെ മുന്നറിയിപ്പുകൾ പ്രളയവും മഹാമാരിയും, ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാമായി പ്രകൃതി തന്നെ പലരീതിയിൽ നമുക്കു തരുന്നുണ്ട്. ഇത്തരം വിപത് സന്ദേശങ്ങൾ ഗൗരവമായി കണ്ട് നടപടികൾ കൈക്കൊള്ളുന്ന കാലം വരെയും സുഗതകുമാരിയുടെ കവിതകൾ തലമുറകളോട് സംസാരിച്ചു കൊണ്ടിരിക്കും.
– Manesha Mani