Friday, April 4, 2025

2023: കുറ്റകൃത്യങ്ങളുടെ തിരനോട്ടം.

Must read

- Advertisement -

പോയ വർഷ൦ തിരിഞ്ഞു നോക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ ഘോഷയാത്രയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ബന്ധങ്ങളുടെ മൂല്യം മറന്ന മനുഷ്യ മൃഗങ്ങളെയാണ് 2023 നാടിനു സമ്മാനിച്ചത്. കൊന്നും കൊലവിളിച്ചും 2023 എന്ന വർഷത്തെ അവർ പറഞ്ഞയച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള കേരളത്തിന് ഇന്ന് ആ പേരിനു അർഹതയുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീധന പീഡനം പെറ്റുപെരുകുന്ന കാഴ്ചയാണ് സമൂഹത്തിൽ കാണുന്നത്. പെൺ സ്വത്തിനെ മൊത്തം വിഴുങ്ങി അവളെ കൊലയ്ക്ക് കൊടുക്കുന്ന നരാധമന്മാർ വാഴുന്ന കേരളത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നതെന്നത് ഓർമ്മ വേണം. ബാലികയെന്നോ വയോധികയെന്നോ ഭേദമില്ലാതെ അവരെ നിഷ്ഠൂരം പീഡനത്തിനിരയാക്കി സമൂഹത്തിൽ അഴിഞ്ഞാടുന്ന കാപാലികരുടെ നാടാണ് ഇപ്പോൾ നമ്മുടെ കേരളം. അക്കമിട്ടു നിരത്താൻ കഴിയാത്തത്ര സംഭവങ്ങളാണ് കേരളത്തിൽ അരങ്ങേറിയത്. എങ്കിലും ചില സംഭവങ്ങൾ ഓർത്തെടുക്കാം.

1.കേരള മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച കൊലപാതകമായിരുന്നു ആലുവയിൽ സംഭവിച്ചത്.
ജൂലൈ 28നാണ് ആലുവയില്‍ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ജ്യൂസ് വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി പ്രതി അസഫാഖ് ആലം എന്ന ഇതരസംസ്ഥാന തൊഴിലാളി കൂട്ടിക്കൊണ്ടുപോകുന്നത്. ആലുവ മാർക്കറ്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുന്നു. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. നേരമൊട്ടും വൈകാതെ ശിശുദിനത്തിന്റെ അന്ന് പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി ഉത്തരവിറക്കിയത് ചരിത്രമായി മാറി.

2.കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചിരുന്നു. നവംബർ 27ന് വൈകിട്ട് 4.30നാണ് സംഭവം നടക്കുന്നത്. സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ വന്നപ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടിയുടെ സഹോദരനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം പൊളിഞ്ഞതോടെ പ്രതികളിലേക്കുള്ള വഴി തുറന്നു. കേരളം ഉറങ്ങാതിരുന്ന രാപ്പകലുകളായിരുന്നു അത്. ജനങ്ങളും പൊലീസും മാധ്യമങ്ങളും ഒന്നായി ചേര്‍ന്നപ്പോള്‍ പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നാലെ പ്രതികളും വലയിലായി. കുറ്റവാളികളുടെ വിചിത്രമായ മാനസികാവസ്ഥകള്‍ കൂടി കണ്ടു ഓയൂർ സംഭവത്തില്‍.

3.ആലുവയിലെ ദുരഭിമാനക്കൊലയാണ് ഏവരെയും മുൾമുനയിൽ നിർത്തിയ മറ്റൊരു സംഭവം. ഇതര മതസ്ഥനുമായുള്ള പ്രണയത്തിൽനിന്ന് പിന്മാറാൻ തയാറാകാത്തതിനെ തുടർന്ന് അച്ഛൻ കമ്പിവടികൊണ്ട് അടിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത പെൺകുട്ടിയുടെ മരണം. ഇതരമതസ്ഥനുമായുള്ള സൗഹൃദം ചോദ്യംചെയ്ത് പതിനാലുകാരിയെ കമ്പി വടികൊണ്ട് കയ്യിലും കാലിലും ക്രൂരമായി അടിച്ചശേഷം അച്ഛൻ ബലമായി വിഷം വായിൽ ഒഴിക്കുകയായിരുന്നു . കളനാശിനിയായി ഉപയോഗിക്കുന്ന വിഷം ഉള്ളിലെത്തിയതോടെ ഗുരുതരാവസ്ഥയിലായ കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒടുവില്‍ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ പെണ്‍ക്കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

See also  എക്‌സ്‌റ്റേണൽ കോ-ഓപ്പറേഷൻ സെക്രട്ടറിയായി കെ വാസുകി IAS ന്റെ നിയമനം വിവാദത്തിൽ … വിശദീകരണവുമായി ചീഫ് സെക്രട്ടറി , വിമർശിച്ച്‌ ശശി തരൂർ

4.നക്ഷത്ര എന്ന പിഞ്ചോമനയെ ആരും അത്ര വേഗം മറക്കില്ല. ആറുവയസുകാരിയായ ആ കുഞ്ഞിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയ അച്ഛനെ കണ്ടതും ഇതേ വര്‍ഷം തന്നെയായിരുന്നു. അച്ഛൻ ശ്രീമഹേഷിന്‍റെ അമ്മയുടെ ബഹളംകേട്ട് ആളുകള്‍ ഓടിച്ചെല്ലുമ്പോൾ കണ്ടത് സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ്. നിലവിളിച്ചുകൊണ്ട് ഓടിയ അമ്മയെയും ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നു പറഞ്ഞ് നക്ഷത്ര വാശിപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണം.

5.സര്‍ക്കാര്‍ കോളജില്‍ എംബിബിഎസ് പഠിച്ച്, സര്‍ക്കാര്‍ കോളജില്‍ തന്നെ സര്‍ജറി വിഭാഗത്തില്‍ പിജിക്ക് അഡ്മിഷന്‍ നേടിയ മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു ഷഹ്ന. ഒരു ദിവസം പെട്ടെന്ന് ഇവരെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തുന്നു. ഒപ്പം ഒരു നൊമ്പരക്കുറിപ്പും. എല്ലാവർക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഷഹ്ന എഴുതിയ പല വാചകങ്ങളില്‍ ഒന്ന്. പിന്നീടാണ് ആത്മഹത്യക്കു പിന്നിലെ കഥ ലോകമറിയുന്നത്. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹ്ന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് 150 പവനും ബിഎംഡബ്ല്യു കാറും ഭൂമിയും ഉൾപ്പെടെ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടു. യുവാവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ കഴിയാഞ്ഞിട്ടും മകളുടെ സന്തോഷം കണക്കിലെടുത്ത് 50 പവനും 50 ലക്ഷം രൂപയും കാറും നൽകാമെന്ന് കുടുംബം അറിയിക്കുന്നു. എന്നാല്‍ അത് പോരെന്ന കാരണത്താല്‍ റുവൈസ്, പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും വിവാഹം മുടങ്ങുകയും ചെയ്യുന്നു. ഇതിൽ മനംനൊന്തായിരുന്നു ഷഹ്നയുടെ ആത്മഹത്യ.

6.ദുരൂഹത മാറാതെയുള്ള മറ്റൊരു മരണം മേഘയുടേതായിരുന്നു. ഈ വര്‍ഷം ജൂൺ 10നാണ് ഭർതൃവീട്ടിൽ മേഘ എന്ന പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയ മേഘ ആത്മഹത്യ ചെയ്യുകയായിരുന്നു. കോഴിക്കോട്ടെ ഐടി സ്ഥാപനത്തിൽ എഞ്ചീനിയറായിരുന്ന മേഘയും കതിരൂർ സ്വദേശിയായ ജിം ട്രെയിനറും തമ്മിൽ പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനു ശേഷമായിരുന്നു കുടുംബത്തെ പോലും ‍ഞെട്ടിച്ചുകൊണ്ടുള്ള മേഘയുടെ മരണം. സംഭവത്തിൽ കതിരൂർ പൊലീസ് അന്ന് തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇത് സാധാരണ മരണമല്ലെന്നും ഭർത്താവിന്‍റെ പീഡനമാണ് മരണകാരണമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

7.വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവവും കേരളക്കരയാകെ ചര്‍ച്ചയായി. ദർശനയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നതിനു തൊട്ടു മുൻപാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച ശേഷം അഞ്ചുവയസ്സുകാരി മകളുമായി പുഴയിൽ ചാടിയ ദര്‍ശന ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങി വരരുതേ എന്നാഗ്രഹിച്ചുകാണും. മരിക്കുന്ന സമയത്ത് ദർശന നാലു മാസം ഗർഭിണിയായിരുന്നു. ഇതിനുമുൻപ് രണ്ടു തവണ ദർശന അബോർഷനായിട്ടുണ്ട്. ഇത്തവണ ഗർഭിണിയായപ്പോഴും കുട്ടി വേണ്ട എന്ന നിലപാടിലായിരുന്നു ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും. ഇതിനായി ദര്‍ശനയില്‍ നിരന്തരം സമ്മർദ്ദം ചെലുത്തി. നാലുമാസം ആയപ്പോഴേക്കും സമ്മർദ്ദം വർദ്ധിച്ചു. അബോർഷൻ ചെയ്യാനുള്ള കാലയളവ് കഴിഞ്ഞതൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു. ഒടുവിൽ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ദർശന കുഞ്ഞുമായി പുഴയിൽ ചാടി മരിക്കുകയായിരുന്നു. ഭര്‍തൃ പീഡനം കാരണം അന്ന് നഷ്ടപ്പെട്ടത് മൂന്നു ജീവനുകള്‍.

See also  യൂടൂബര്‍ അര്‍ജുവും അവതാരക അപര്‍ണയും പ്രണയത്തില്‍

8.പ്രണയപ്പക ഒടുവിൽ കൊലപാതകത്തില്‍ എത്തിയ അനുഭവങ്ങൾക്കും പഞ്ഞമില്ലായിരുന്നു ഈ കഴിഞ്ഞ വര്‍ഷം. എറണാകുളം കുറുപ്പുംപടിയില്‍ പ്രണയപ്പകയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വാക്കത്തി കൊണ്ട് നഴ്സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവിനെ വെട്ടുകയായിരുന്നു. പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണം.മണിക്കൂറുകൾക്കകം ബേസിലിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. അക്രമം ഉണ്ടായ അന്നുമുതല്‍ നാടാകെ അല്‍ക്കയുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ഥനകള്‍ എല്ലാം വിഫലമായി അല്‍ക്ക ഈ ലോകത്തോട് വിട പറഞ്ഞു.

9.ജോലി സ്ഥലത്തെ സുരക്ഷ ഏറെ ചര്‍ച്ചയാക്കിയ വിഷയമാണ് ഡോ. വന്ദനദാസിന്‍റെ മരണം. മേയ് 10ന് പുലർച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനദാസിനു കുത്തേറ്റത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. അതും പൊലീസുകാര്‍ക്ക് മുന്നില്‍. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുത്തേറ്റിരുന്നു.

ഇത് കൊണ്ടൊന്നും തീരുന്നില്ല കേരളത്തിലുണ്ടായ കൊലപാതകങ്ങളും മരണങ്ങളും.വർഷങ്ങൾ മുന്നോട്ടു പോകുംതോറും അക്രമങ്ങളുടെ അതിപ്രസരമാണ് കാണുന്നത്. ഇനി വരുന്ന വർഷമെങ്കിലും മനുഷ്യരെ പരസ്പരം മനസിലാക്കി,താങ്ങും തണലുമായി മുന്നോട്ടു പോകട്ടെയെന്നു പ്രതീക്ഷിക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article