മലയാളത്തിലെ പ്രശസ്തനായിരുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ (Raveendran Master) വിടവാങ്ങി പത്തൊമ്പതു വർഷങ്ങൾ പിന്നിടുന്നു.. . സംഗീതാസ്വാദകർക്ക് തീരാനഷ്ടമായ ആ വേർപാട് 2005 മാർച്ച് മാസം മൂന്നാം തിയ്യതിയായിരുന്നു. സിനിമാ സംഗീതരംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ ജീവൻ അർബുദം കവർന്നെടുത്തത്.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയാണ് രവീന്ദ്രൻ്റെ ജന്മദേശം,1943 നവംബർ ഒമ്പതിന് ജനിച്ച രവീന്ദ്രൻ്റെ അച്ഛനമ്മമാർ മാധവനും ലക്ഷ്മിയും. എട്ടു സഹോദരങ്ങളിൽ ഏഴാമൻ. 1974ൽ വിവാഹം: ഭാര്യ: ശോഭ, മക്കൾ: സാജൻ,നവീൻ, രാജൻ.
ബാല്യകാലത്തു തന്നെ രവിക്ക് സംഗീതശാഖയോട് അതീവ താൽപ്പര്യമുണ്ടായിരുന്നു. കുളത്തൂപ്പുഴ ഗവണ്മെന്റ് സ്കൂൾ, എരൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. യുവജനോത്സവങ്ങളിലെ സംഗീത മത്സരങ്ങളിൽ നിരന്തരമായി സമ്മാനങ്ങൾ നേടിയിരുന്നു. ഹൈസ്കൂൾ പഠനശേഷം രവിയെ സൈനികനാക്കാനായിരുന്നു അച്ഛന് താൽപര്യം. എന്നാൽ രവിയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. സംഗീതത്തോടുള്ള അഭിനിവേശം വീട്ടിൽ തുറന്ന് പറഞ്ഞു.രവിയുടെ നിർബന്ധത്തിന് വഴങ്ങി 1960ൽ തിരുവനന്തപുരം സംഗീത കോളേജിൽ അപേക്ഷ നൽകി.
ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആയിരുന്നു രവിയെ അഭിമുഖം നടത്തിയത്. അദ്ദേഹം രവിയുടെ സംഗീതവാസന തിരിച്ചറിയുകയും പ്രവേശനം നൽകുകയും ചെയ്തു.സംഗീത കോളേജിലെ അധ്യയനം രവീന്ദ്രൻ്റെ സ്വതസിദ്ധമായ കഴിവുകളെ പരിപോഷിപ്പിച്ചു അതോടൊപ്പം യേശുദാസിനെ പരിചയപ്പെടാനും സംഗീത വിദ്വാൻ നെയ്യാറ്റിൻകര വാസുദേവനിൽ നിന്ന് കൂടുതൽ സംഗീത പാഠങ്ങൾ സ്വായത്തമാക്കാനും കഴിഞ്ഞു.
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസിലെത്തി. കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ പ്രവർത്തകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്.ഏറെ നാളത്തെ പരിശ്രമത്തിനും പട്ടിണിയ്ക്കും കഷ്ടപ്പാടുകൾക്കും ശേഷമാണ് ഭാഗ്യം തെളിഞ്ഞത്. അനശ്വര നടൻ സത്യൻ (Sathyan) പ്രശസ്ത സംഗീത സംവിധായകൻ ബാബുരാജിന് (Baburaj Music Director) രവിയെ പരിചയപ്പെടുത്തി. 1969 ൽ വെള്ളിയാഴ്ച എന്ന ചിത്രത്തിനു വേണ്ടി ആദ്യ ഗാനമാലപിച്ചു.തുടർന്ന് മുപ്പതോളം സിനിമകളിൽ പിന്നണി പാടി. ചില ഗാനങ്ങൾ മാത്രമേ ശ്രദ്ധേയമായുള്ളൂ അവസരം കുറഞ്ഞതിനെ തുടർന്ന് ഡബ്ബിംഗ് മേഖലയിലേക്ക് ചുവട് മാറ്റി. യുവകോമളനായിരുന്ന രവികുമാറിനു വേണ്ടിയാണ് കൂടുതലും ശബ്ദം നൽകിയത്. ഒപ്പം ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
അക്കാലത്ത് രവീന്ദ്രൻ ചിട്ടപ്പെടുത്തിയ സിനിമയില്ലാത്ത ചില ഗാനങ്ങൾ യേശുദാസിന് വളരെ ഇഷ്ടപ്പെട്ടു. പിന്നണി ഗായകനേക്കാൾ ശോഭിക്കുക സംഗീത സംവിധായകനായിട്ടായിരിക്കും എന്ന് യേശുദാസ് (K. J. Yesudas) ഉപദേശിക്കുകയും സംവിധായകൻ ശശികുമാറിനോട് അവസരം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഗായകനാകാൻ മദ്രാസിലേക്ക് വണ്ടി കയറിയ കുളത്തൂപ്പുഴ രവി അങ്ങനെ രവീന്ദ്രനായി 1979-ൽ ചൂള എന്ന ചിത്രത്തിലൂടെ സംഗീതസംവിധാന രംഗത്ത് ചുവട് വച്ചു. “താരകേ മിഴിയിതളിൽ കണ്ണീരുമായി. ” എന്ന ഹൃദ്യമായ ഗാനത്തിലൂടെ അരങ്ങേറ്റം മനോഹരമായ ഗാനം രചിച്ചത് സത്യൻ അന്തിക്കാട് (Sathyan Anthikad).
തുടർന്ന് .ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകി. അനേകം സിനിമകൾക്ക് പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു. അദ്ദേഹം രചിച്ച് കോളേജ് ഡേയ്ക്ക് പാടിയ വാ വാ മനോരഞ്ജിനി എന്ന ഗാനം ബട്ടർ ഫ്ളൈസ് എന്ന സിനിമയിൽ ഉൾപ്പെടുത്തി. സംഗീതം നിർവ്വഹിച്ചതിൽ അമരം(Amaram), സുഖമോ ദേവി(Sukhamo Devi), ഹിസ് ഹൈനസ്സ് അബ്ദുള്ള(His Highness Abdullah), ഭരതം (Bharatham), കമലദളം (Kamaladalam) തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ വളരെ ജനപ്രീതി നേടി.
മലയാളം കൂടാതെ തമിഴ് കന്നട ചലച്ചിത്രങ്ങൾക്കും ഉത്സവഗാനങ്ങൾ, വസന്തഗീതങ്ങൾ ഹൃദയാഞ്ജലി തുടങ്ങി അനേകം ലളിതഗാന കാസറ്റുകൾക്ക് വേണ്ടിയുംസംഗീതം നിർവഹിച്ചു. ഭരതത്തിലെ സംഗീത സംവിധാനത്തിന് 1991ലെ സംസ്ഥാന പുരസ്കാരം (State Award) ലഭിച്ചു. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഭരതത്തിലെ സംഗീതത്തിന് ജൂറിയുടെ പ്രത്യേക പ്രശംസ നേടി.നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം 2002 ൽ.
യേശുദാസുമായുള്ള ദൃഢമായ ബന്ധത്തിലൂടെ അവരുടെ ഗാനങ്ങൾ കൂടുതൽ മധുരതരമായി. ഒട്ടേറെ ഹിറ്റു ഗാനങ്ങൾ മലയാളത്തിനു ലഭിച്ചു. യേശുദാസിനു ദേശീയ പുരസ്കാരം ലഭിച്ച ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിന് പുരസ്കാരം ലഭിച്ചത് കൂടാതെ ഇതേ കൂട്ടുകെട്ടിലൂടെ .എം.ജി.ശ്രീകുമാറിന് (MG Sreekumar) ആദ്യത്തെ ദേശീയ പുരസ്കാരവും (National Award) ലഭിച്ചു. മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം — എന്ന രവീന്ദ്ര ഗാനത്തിലൂടെയും. (ചിത്രം :ഹിസ് ഹൈനസ് അബ്ദുള്ള ) ചിത്രയായിരുന്നു (Singer Chithra) മാസ്റ്ററുടെ ഇഷ്ട ഗായിക. മലയാളത്തിലെ എല്ലാ ഗായകർക്കും അദ്ദേഹം അവസരം നൽകിയിട്ടുണ്ട്.
യേശുദാസ്, ചിത്ര ,സുജാത, ജയചന്ദ്രൻ എന്നിവരെ കൂടാതെ ചന്ദനമണിവാതിൽ പാതി ചാരി എന്ന ഹിറ്റ്
ഗാനത്തിലൂടെ വേണുഗോപാലിനും ‘ കളഭം തരാം:പത്തു വെളുപ്പിന് ഉൾപ്പെടെയുള്ള ഗാനങ്ങൾ നൽകിക്കൊണ്ട് ബിജു നാരായണനും . കണ്ടു ഞാൻ മിഴികളിൽ, കുപ്പിവള കിലുകിലെ, നാദരൂപിണി, രാമായണക്കാറ്റേ ഉൾപ്പെടെയുള്ള ഗാനങ്ങൾ ശ്രീകുമാറിനും കൂടാതെ പന്തളം ബാലൻ, കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരം ദലീമ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗായകർക്കും രവീന്ദ്രൻ അവസരം നൽകിയിട്ടുണ്ട്. രവീന്ദ്രൻ മാഷിനെപ്പോലെ ഇത്രയും വൈവിധ്യമാർന്ന തലങ്ങളിലുള്ള സംഗീതം നൽകിയ ആരുമില്ല എന്നതാണ് യാഥാർത്ഥ്യം.
എത്രയെത്ര മനോഹര ഗാനങ്ങളാണ് അദ്ദേഹത്തിൻ്റെ ഈണങ്ങളിലൂടെ മലയാള സിനിമാസ്വാദർക്ക് ലഭിച്ചത്. തേനും വയമ്പും എന്ന സിനിമയിലെ ഗാനങ്ങൾ കേട്ടതു മുതൽ രവീന്ദ്രൻ മാഷുടെ ഗാനങ്ങൾ ശ്രദ്ധിക്കാനും കൂടുതൽ ഇഷ്ടപ്പെടാനും തുടങ്ങി.. ‘ഒരു കല്യാണത്തിന് പോകുമ്പോൾ കാർ സ്റ്റീരിയോയിലൂടെയാണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത്. ആ നിമിഷം തന്നെ ഹൃദയത്തിൽ ഇടം പിടിച്ചു. പല്ലവിയ്ക്ക് മുമ്പുള്ള BGM ൽ കുഞ്ഞിക്കിളികളുടെ സല്ലാപ ശബ്ദങ്ങൾ മുമ്പ് ഒരു ഗാനത്തിലും ഇങ്ങനെ കേട്ടിരുന്നില്ല. “മാനത്തെ ശിങ്കാരത്തോപ്പിൽ ഞാലിപ്പൂവൻ പഴ തോാാട്ടം ” എത്ര മനോഹരമായ സംഗീതം: ജാനകിയും (Janaki) ദാസേട്ടനും പാടിയ രണ്ടു ഗാനങ്ങളും ഒന്നിനൊന്ന് മികച്ചത്. നാലുപതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ഗാനത്തിൻ്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല.
അതുപോലെ ഒറ്റക്കമ്പി നാദവും’ ഒരു സിനിമാഗാനവും കേട്ട് അത്രയും ഹൃദയാനന്ദം ലഭിച്ചിട്ടില്ല .വളരെ നാളുകൾ കഴിഞ്ഞാണ് ആകാശവാണിയിൽ ഈ ഗാനം എത്തിയത്.ദൂരദർശൻ സംവിധാനമൊന്നുമില്ലാത്ത അക്കാലത്ത് റേഡിയോയും ‘കാസറ്റും കല്യാണ വീടുകളിലെ കോളാമ്പി മൈക്കും ആയിരുന്നു പാട്ടു കേൾക്കാനുള്ള മാർഗ്ഗങ്ങൾ. 1979ൽ ചൂള എന്ന ചിത്രത്തിലെ സിന്ധൂര സന്ധ്യയ്ക്ക് മൗനം, താരകേ മിഴിയിതളിൽ കണ്ണീരുമായ് എന്ന ഗാനത്തോടെ പഴയ സംഗീത സംവിധാന ശൈലിയിൽ വരുത്തിയ മാറ്റം കൊണ്ടാണ് സംഗീതാസ്വാദകർക്ക് ഇത്രയും ഇഷ്ടപ്പെടാൻ കാരണം. ചിരിയോ ചിരി (Chiriyo Chiri Movie) എന്ന സിനിമയിലെ ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനത്തിലൂടെ ശാസ്ത്രീയ സംഗീതത്തിൻ്റെ സ്പർശം കൊണ്ടുവന്നു. ശ്രോതാക്കൾക്ക് അക്കാലത്ത് ഏറെ ഇഷ്ടമായതുകൊണ്ടാണല്ലോ രവീന്ദ്രൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച ഗാനങ്ങളടെ കാസറ്റ് ഏററവുമധികം വിറ്റു പോയത്.
സിനിമാ ഗാനങ്ങളേക്കാൾ കൂടുതൽ കാസറ്റ് വിൽപ്പന നടന്നത് യേശുദാസിൻ്റെ ഉടമസ്ഥതയിലുള്ള തരംഗിണിയിൽ നിന്നുള്ള ഉത്സവഗാനങ്ങൾ ആയിരുന്നു. 100 ഇരട്ടി കാസറ്റുകൾ ഒറിജിനലിൽ നിന്ന് റെക്കോഡിങ്ങ് കടകൾ വഴി കോപ്പി ചെയ്ത് വിറ്റു പോയിട്ടുണ്ടു്. ഉത്രാടപ്പൂനിലാവേ വാ എന്ന ഗാനം മുതലാണ് സംഗീത പ്രേമികൾ രവീന്ദ്രൻ മാഷെ കൂടുതൽ ആരാധിയ്ക്കാൻ തുടങ്ങിയത്. എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ എൻ ഹൃദയപ്പൂത്താലം, ഒരു നുള്ള് കാക്കപ്പൂ ,ഒരു കൊച്ചു ചുംബനത്തിൽ ,പായിപ്പാട്ടാറ്റിൽ വള്ളംകളി തുടങ്ങിയ ഹൃദ്യമായ ഗാനങ്ങൾ.കൂടാതെ പാതിരാ മയക്കത്തിൽ പാട്ടൊന്നു കേൾക്കേ പല്ലവി പരിചിതമല്ലോ—- മുടിപ്പൂക്കൾ വാടിയാലോമനേ — തുടങ്ങി ഒട്ടേറെ ലളിത ഗാനങ്ങൾ .
1984 ൽ പുറത്തിറങ്ങിയ തരംഗിണിയുടെ വസന്ത ഗീതങ്ങളം സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയതു തന്നെയായിരുന്നു. മാമാങ്കം പല കുറി കൊണ്ടാടി, അരുവിയലകൾ, തൊഴുതിട്ടും തൊഴുതിട്ടും എന്നീ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടി. ചിരിയോ ചിരി എന്ന ചിത്രത്തിലെ ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനം കൂടാതെ താരാട്ട് എന്ന ചിത്രത്തിലെ രാഗങ്ങളെ മോഹങ്ങളേ എന്ന ഗാനത്തോടെ സെമി ക്ലാസിക്കൽ സംഗീത സംവിധായകൻ എന്ന പേര് വന്നു. ആട്ടക്കലാശത്തിലെ നാണമാകുന്നോ എന്ന ഗാനം അന്നത്തെ യുവാക്കൾ പാടി നടന്നു. അതേ ചിത്രത്തിലെ തേങ്ങും ഹൃദയം എന്ന ഗാനവും’ രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി ) പുഴയോരഴകുള്ള പെണ്ണ് (എൻ്റെ നന്ദിനിക്കുട്ടിയ്ക്ക് ) കണ്ണോടു കണ്ണായ സ്വപ്നങ്ങൾ ( കളിയിൽ അല്പം കാര്യം ശ്രീലതികകൾ (സുഖമോ ദേവീ)എന്നീ ഗാനങ്ങളും സംഗീതപ്രേമികൾ ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്തെടുത്ത ഗാനങ്ങളായിരുന്നു.
തമ്മിൽ തമ്മിൽ എന്ന സിനിമയിലെ ‘ഇത്തിരി നാണം പെണ്ണിൻ കവിളിൽ’ എന്ന ഗാനവുംസൂപ്പർ ഹിറ്റ് ആയിരുന്നു. അതോടൊപ്പം ‘ഹൃദയം ഒരു വീണയായ്’ എന്ന ഗാനവും.ഭരതന്റെ ഇത്തിരിപൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിലെ ‘ഓമനത്തിങ്കൾ കിടാവോ’ എന്ന താരാട്ടു ഗാനം പാടാത്ത അമ്മമാർ ഉണ്ടായിരുന്നില്ല’ പൊൻപുലരൊളി പൂ വിതറിയ എന്ന ക്ലാസിക്കൽ ടച്ചുള്ള ഗാനവും വളരെ ശ്രദ്ധേയമായിരുന്നു.
1984 ന് ശേഷം ഒട്ടേറെ ഗാനങ്ങൾ ഹിറ്റ് ആക്കിയിട്ടുണ്ട്. ആകാശനീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ :: (കയ്യും തലയും പുറത്തിടരുത് ) ദീപം കയ്യിൽ സന്ധ്യാ ദിപം, കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ ‘.’. അമരം വന്നപ്പോൾ വികാരനൗകയുമായ് എന്ന ഗാനം യുവാക്കളുടെ വിരഹത്തിന്റെ പ്രതീകാത്മക ഗാനം ആയിരുന്നു.പത്തു വെളുപ്പിന് മുറ്റത്തു നിൽക്കുന്ന വെങ്കലത്തിലെ ഗാനം സ്വർണ്ണ ശോഭയുള്ളതായിരുന്നു. ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു. ഒരു കാലത്ത് യുവാക്കൾ മൂളി നടന്ന ഗാനം’.മൂവന്തിത്താഴ്വരയിൽ വെന്തുരുകും വെൺ സൂര്യൻ , മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ കന്മദത്തിലെ മനോഹര ഗാനങ്ങൾ:
മകളേ പാതി മലരേ ചമ്പക്കുളം തച്ചനിലെ ഗാനവും മറക്കാൻ കഴിയില്ല. പിന്നീട് ഹരിമുരളീരവവും ഗംഗേ യും രവീന്ദ്രൻ മാസ്റ്ററെ സിനിമാ സംഗീത ശാഖയുടെ ഉത്തുംഗശൃംഗത്തിൽ എത്തിച്ചു.ഒരു കിളി പാട്ടു മൂളവേ : കളഭം തരാം എന്നീ ഗാനങ്ങളും അതിമധുരം’ എന്തിനായ് ഇടം കണ്ണിൽ മനം തുടിച്ചു :- ‘ ഗോപി കേ എൻ ഹൃദയമൊരു വെൺശംഖുപോൽ വർണ്ണിക്കാൻ വാക്കുകളില്ല. ആരും ആരും: ”… മൗലിയിൽ മയിൽപ്പീലി ചൂടി — ഏതോ നിദ്ര തൻ പൊൻ മയിൽ പീലിയിൽ ഏഴു വർണ്ണങ്ങളും ചാർത്തിയ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് നല്കിയ പ്രതിഭാശാലിയുടെ വേർപാട് തീരാനഷ്ടം തന്നെയാണ്. മറ്റൊരാൾക്കും വന്ന് പരിഹരിക്കാൻ കഴിയാത്ത നഷ്ടം.
സിനിമയുടെ പ്രമേയത്തിനും കഥാപാത്ര സ്വഭാവത്തിനും കർമ്മമേഖലയ്ക്കും അനുയോജ്യമാകുന്ന സന്ദർഭമനുസരിച്ച് ശാസ്ത്രീയ സംഗീത ചേരുവകൾ ഉൾപ്പെടുത്തേണ്ടി വരുമ്പോൾ മനോഹരമായ ഈണങ്ങളാണ് രവീന്ദ്രൻ മാഷിൽ നിന്നും സംഗീത പ്രേമികൾക്ക് ലഭിക്കാറ്. സംഗീത മാസ്മരികതയുടെ അനന്തവിഹായസ്സിലേക്ക് ശ്രോതാക്കളും ഉയർന്നു പോകുന്നത് അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങൾ കേൾക്കുമ്പോൾ മാത്രമാണ്. “അകലെ മുകിലും ഞാനും പറന്നുയർന്നു”: എന്ന ഗാനം കേൾക്കുമ്പോൾ നമ്മളും ഒപ്പം പറന്നുയരും അത്ര ഫീലോടുകൂടി ജയചന്ദ്രനും സുജാതയും ആലപിച്ചിട്ടുണ്ട്.നിൻ വിരൽത്തുമ്പിലേ വിനോദമായലിഞ്ഞീടാൻ ” നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ എന്തൊരു ഫീലിംഗ് ആണ് ബിച്ചു തിരുമലയുടെ ആ വരികൾക്ക് ജീവൻ നല്കിയപ്പോൾ . പല്ലവിയേക്കാൾ അനുപല്ലവിയിലും ചരണത്തിലുമാണ് അദ്ദേഹം തേനൂറും ഭാവങ്ങൾ നല്കി കൂടുതൽ മികവുറ്റതാകുന്നത് .. കൈതപ്രം രചിച്ച ഏതോ നിദ്ര തൻ എന്ന ഗാനത്തിലെ “ആവഴിയോരത്ത് ആർദ്രമാം ആവണിപ്പൂവായ് നീ നിന്നുവെന്നോ ” എന്ന ഭാഗം പറഞ്ഞറിക്കാനാവാത്ത അനുഭൂതിയാണ് ആസ്വാദകർക്ക് ലഭിക്കുന്നത്.
ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ എന്ന ഗാനത്തിലെ പായിപ്പാട്ടെ ഓടി വള്ളമാണു നീ എന്ന ഭാഗവും അതി മനോഹരം. രാജശില്ലിയിലെ പൊയ്കയിൽ കുളിർ പൊയ്കയിൽ എന്ന ഗാനത്തിൽ ””പൂന്തിരകൾ പൂശി നിന്നെ പുഷ്പ ധൂളി സൗരഭം’, “പാൽത്തിരകൾ ചാർത്തി നിന്നെ മുത്തുകോർത്ത നൂപുരം “ഓ.എൻവിയുടെ വരികൾ ഇത്രയും ഹൃദയത്തിലേക്ക് ചേർത്തുവച്ചത് ആ സംഗീത മാന്ത്രികത കൊണ്ടു മാത്രമാണ്. മഴയെത്തും മുമ്പേ എന്ന സിനിമയിലെ കൈതപ്രം രചിച്ച എന്തിനു വേറൊരു സൂര്യോദയം എന്ന ഗാനത്തിലെ “നിൻ്റെ നൂപുര മർമ്മരം ഒന്നു കാണാനായ് വന്നു ഞാൻ “ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ് “എന്താണ് ആ സംഗീതത്തിൻ്റെ ഒരു അനിർവ്വചനീയമായ സൗന്ദര്യം: സംഗീത പ്രേമികകളുടെ കർണ്ണപുടങ്ങളിൽ തേൻ മഴയായി പെയ്ത എത്രയെത്ര ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു.
ഇനിയും എത്രയെത്ര ഗാനങ്ങൾ ഇതിൽ പ്രതിപാദിക്കാത്തത് ഉണ്ട്. അദ്ദേഹത്തിൻ്റെ വേർപാട് സംഗീതാസ്വാദകർക്ക് തീരാനഷ്ടം തന്നെയാണ്. ആ ശൂന്യതയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല.
സംഗീതാസ്വാദകരുടെ ഹൃദയത്തിൽ തേൻ മഴ ചൊരിഞ്ഞ നാവിൽ തേനും വയമ്പും പുരട്ടിയ ആ അതുല്യപ്രതിഭയ്ക്ക് ഇത്തിരി പൂക്കൾ ചുവന്ന പൂക്കൾ അർപ്പിക്കുന്നു.