Saturday, March 29, 2025

പൂരമാണ്…. വരൂ….. ചായ കുടിക്കാം….!!!!

Must read

- Advertisement -

കെ. ആർ. അജിത

ഇതാര് ജയനോ!!! എന്ന് വിസ്മയത്തോടെ നോക്കുകയായിരുന്നു ചിലർ അഷറഫ് ജയനെ. തൃശ്ശൂരിൽ ഏകദേശം രണ്ടു വർഷക്കാലമായി സിനിമാ നടൻ ജയന്റെ വേഷത്തിൽ ചായക്കച്ചവടം നടത്തുകയാണ് വടൂക്കര സ്വദേശിയായ അഷറഫ് ജയൻ. ചെറുപ്പം തൊട്ട് ജയന്റെ സിനിമകൾ കണ്ടും ശബ്ദം അനുകരിച്ചും അഭിനവ ജയനായി മാറുകയാണ് അഷറഫ്.

ഒമാനിൽ ജോലി ചെയ്തിരുന്ന അഷറഫ് കൊറോണയ്ക്ക് മുൻപാണ് നാട്ടിലെത്തിയത്. ജോലിയില്ലാതെ ഇരിക്കുന്ന വേളയിൽ ചായക്കച്ചവടം തുടങ്ങി. തുടർന്ന് കോവിഡ് പടർന്നു പിടിച്ചപ്പോഴും ചായക്കച്ചവടം പൊടിപൊടിച്ചു. തൃശ്ശൂരിൽ കെട്ടിടം പണി നടക്കുന്നിടത്തും വ്യാപാര സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ ഇവിടെയൊക്കെയാണ് തന്റെ ടിവിഎസ് ലൂണയിൽ ചായക്കച്ചവടവുമായി പോകുന്നത്. കോവിഡ് ബാധ മൂലം സ്ഥിരമായി ചായക്കച്ചവടം നടത്തുന്നവർ കടകളെല്ലാം പൂട്ടിപ്പോയി. അഷ്റഫിന്റെ ചായയാണ് എല്ലാവരും ആശ്രയിച്ചിരുന്നത്. കോവിഡിന് ശേഷം പുതിയ കടകളെല്ലാം വന്നതോടുകൂടി അഷറഫിന്റെ ചായക്കച്ചവടത്തിനു താഴ് ഇടേണ്ട അവസ്ഥയായി. അതിനൊരു പരിഹാരം എന്നോണം ജയന്റെ വേഷത്തിൽ കച്ചവടത്തിന് ഇറങ്ങുകയായിരുന്നു അഷറഫ്. അതോടുകൂടി എല്ലാവർക്കും അഷറഫിനോട് സ്നേഹവും ആരാധനയും കൊണ്ട് ഇന്നിപ്പോൾ മോശമല്ലാത്ത രീതിയിൽ ചായക്കച്ചവടം നടക്കുന്നു. കൂടാതെ പുതിയ സംരംഭമായി ജ്യൂസുകളും ചെറുകടികളും ഇന്ന് ഈ ലൂണക്കടയിൽ വിൽപ്പനയ്ക്ക് ഉണ്ട്.

ജയന്റെ വേഷത്തിൽ കളക്ടറേറ്റിൽ ജില്ലാ കളക്ടർ ആർ കൃഷ്ണതേജ തന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ച് 1000 രൂപ തന്നത് ജീവിതത്തിൽ മറക്കാൻ പറ്റില്ലെന്ന് അഷറഫ് പറയുന്നു. തെരഞ്ഞെടുപ്പ് യോഗത്തിനിടെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കും താൻ ചായ നൽകിയിട്ടുണ്ടെന്ന് അഭിമാനത്തോടെ അഷറഫ് പറയുന്നു. പ്രവാസ ജീവിതത്തിനു മുൻപ് തൃശ്ശൂരിലെ മിമിക്രി ട്രൂപ്പുകൾ ആയ കോമിക്ക് ഇന്ത്യ, രസലയ, നൈറ്റ് ഈഗിൾസ് എന്നീ ട്രൂപ്പുകളിലെ കലാകാരൻ കൂടിയായിരുന്നു അഷറഫ്. 15 വർഷമായി വാടകയ്ക്ക് വടൂക്കരയിൽ താമസിക്കുന്ന അഷറഫിന്റെ ഉപ്പ വർഷങ്ങളായി തളർന്നു കിടക്കുകയാണ്. അസുഖക്കാരിയായ സഹോദരിയും ഉമ്മയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക വരുമാനവും ആശ്രയവുമാണ് അഷറഫിന്റെ ഈ തുച്ഛമായ ചായക്കച്ചവടത്തിൽ നിന്നും ലഭിക്കുന്ന വരുമാനം. ആദ്യമൊക്കെ ജയനായി വേഷം മാറി കച്ചവടം നടത്തുമ്പോൾ ആളുകൾ പരിഹസിച്ചത് ഇപ്പോൾ അംഗീകാരം ആയി മാറി വരുന്നുണ്ടെന്നും അഷറഫ് പറയുന്നു.

മിമിക്രി രംഗത്തും മറ്റ് ഇവന്റ് ഗ്രൂപ്പുകൾ നടത്തുന്ന പരിപാടികളിലേക്കും കല്യാണ പരിപാടിക്കും അഷറഫിന് ക്ഷണം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഭാര്യ നിഷയും മൂത്തമകൻ അസ്നാൻ, ജയൻ, സീമ എന്ന് വിളിക്കുന്ന ഇരട്ടക്കുട്ടികൾ ആയ അസ്ലം, അസ്മി എന്നിവരും അഷറഫിന് പ്രചോദനവും പ്രോത്സാഹനവും ആയി ചേർന്നുനിൽക്കുന്നു. തൃശ്ശൂരിലെ തിരക്കേറിയ മിക്ക കവലകളിലും തന്റെ വാഹനത്തിൽ ജയന്റെ ഫോട്ടോ പതിച്ച വണ്ടിയുമായി അഷറഫ് ജയനെ നിങ്ങൾ കണ്ടേക്കാം. കാണുന്നവർക്ക് കൗതുകവും അത്ഭുതവും ആയിരിക്കും… ജീവിതത്തിന്റെ പോരാട്ടവീഥിയിൽ തോൽക്കാതിരിക്കാൻ പല വേഷങ്ങളും പലർക്കും അണിയേണ്ടതായി വന്നിട്ടുണ്ട്. അതിൽ കലയുടെ നന്മയും തെളിച്ചവും കൂടെ ചേർത്ത് ജീവിതത്തിന് സുഗന്ധവും പ്രകാശവും പരത്താൻ പോരാടുകയാണ് അഷറഫ് ജയൻ.

See also  നിമഞ്ജനം ചെയ്യാതെ അഴീക്കോട്‌ മാഷിൻ്റെ ചിതാഭസ്മം "കുടുക്കയിലാക്കി വെക്കാൻ അഴീക്കോട്‌ മാഷ് ഭൂതമൊന്നുമല്ല. "എഴുത്തുകാരൻ വിജേഷ് എടക്കുന്നി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article