കെ. ആർ. അജിത
തൃശ്ശൂരിലെ ജനങ്ങളെയും തൃശ്ശൂർ പൂരത്തിനെയും(THRISSUR POORAM) കുറച്ച് നിമിഷങ്ങൾ കൊണ്ട് അപമാനിച്ചു. മാലോകരുടെ മുന്നിൽ നാണംകെടുത്തി അപഹസിച്ചു. ആര്??? പോലീസ്. ശക്തൻ തമ്പുരാൻ 200 വർഷങ്ങൾക്കു മുമ്പ് വിഭാവനം ചെയ്ത പൂരത്തിന്റെ ഗരിമയാണ് നിയമവും കോടതിയും സാങ്കേതിക തടസ്സവും പറഞ്ഞ് നശിപ്പിച്ചത്. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് കൂച്ചുവിലങ്ങിട്ടത് പോലീസിന്റെ അമിതമായ ആവേശവും മുഷ്‌ക്കും. പൂരത്തിന്റെ നിറം കെടുത്തി കളഞ്ഞു. തൃശ്ശൂർ ജനതയെ അപമാനിക്കുന്നതിന് തുല്യമായി. മുൻ വർഷങ്ങളിൽ മഴ മൂലം വെടിക്കെട്ട് മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ പോലീസിന്റെയും ദേവസ്വങ്ങളുടെയും പടല പിണക്കം കൊണ്ട് വെടിക്കെട്ട് മാറ്റേണ്ട അവസ്ഥ വന്നതിൽ അത്യധികം രോഷവും നിരാശയും തൃശ്ശൂർക്കാർക്കുണ്ട്.
ഹൈക്കോടതി ഉത്തരവും കൊണ്ട് തൃശ്ശൂർ പൂരത്തിൽ നിയമം നടപ്പാക്കാൻ തുനിഞ്ഞത് തന്നെ ആദ്യത്തെ പിഴവാണ്. (THRISSUR POORAM) തൃശ്ശൂർ പൂര ദിവസം ചെരുപ്പിടാതെ ക്ഷേത്രത്തിന് മുന്നിൽ നിൽക്കണം എന്നുള്ള നിയമവും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. പൂഴി ഇട്ടാൽ നിലത്ത് വീഴാത്ത ജനസാഗരം തിങ്ങിനിറയുന്നിടത്ത് ഇതുപോലെയുള്ള ബാലിശമായ നിയമത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്? ക്ഷേത്രത്തിനകത്ത് ആരും ചെരുപ്പ് ഉപയോഗിച്ച് കയറാറില്ല. ക്ഷേത്രം എന്ത് എന്നും അതിന്റെ പവിത്രത എന്തു എന്നും അറിയാവുന്ന ജനങ്ങളാണ് തൃശ്ശൂർക്കാർ.
തൃശ്ശൂരിന്റെ ഇടവഴികൾ എല്ലാം ചെന്ന് എത്തുന്നത് തൃശ്ശൂർ റൗണ്ടിലേക്ക് ആണ്. ഈ ഇടവഴികളെല്ലാം തന്നെ ബ്ലോക്ക് ചെയ്തു പോലീസ് ജനങ്ങൾക്ക് പൂരം കാണാൻ ഉള്ള അവസരം നിഷേധിക്കുകയായിരുന്നു ഇതിലൂടെ. ഒന്നാമത് തൃശ്ശൂരിനെ കുറിച്ച് അറിയാത്തതും തൃശ്ശൂരിന്റെ വൈബും പൂരവും എന്തെന്നും അറിയാത്ത നിയമപാലകരെ അതൊന്നു ബോധ്യപ്പെടുത്തി വേണമായിരുന്നു ചുമതല ഏൽപ്പിക്കാൻ എന്നു കൂടി ഓർമ്മപ്പെടുത്തട്ടെ. പൊതുജനങ്ങളെ കൂടാതെ പൂരം നടത്തിപ്പിന്റെ ഭാരവാഹികളായവരെ കൂടി പോലീസ് തടഞ്ഞത് ഇരു ദേവസ്വങ്ങളെയും അപമാനിക്കുന്നതിന് തുല്യമായി. രാവിലെ മഠത്തിൽ വരവ് മുതൽ പോലീസും തിരുവമ്പാടി ദേവസ്വം തമ്മിലുള്ള തർക്ക വിതർക്കങ്ങളിൽ പൂരത്തിന്റെ തെളിമ കെട്ടു പോയിരുന്നു.
മേളക്കാർ മേളം നിർത്തി പോവുകയും രാത്രി ദേവസ്വം പന്തലുകളിലെ വെളിച്ചം അണയ്ക്കുകയും ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം നടക്കുന്ന സംഭവങ്ങളായാണ് തൃശ്ശൂർക്കാർ പറയുന്നത്. പന്തലിലെ വെളിച്ചം കെടുത്തി തങ്ങളുടെ പ്രതിഷേധം തിരുവമ്പാടി ദേവസ്വക്കാർ അറിയിക്കുമ്പോൾ ഇതൊന്നും അറിയാതെ തൃശ്ശൂരിന്റെ പൂരം ആവേശത്തിൽ ആഘോഷിക്കാൻ എത്തിയ ജനലക്ഷങ്ങളാണ് ഇവരുടെ അനാസ്ഥയിൽ അപഹാസ്യരായി പോയത്. വെടിക്കെട്ടിന്റെ മാസ്മരികത അറിയാനും കാണാനും മണിക്കൂറുകളോളം അക്ഷമരായി കാത്തുനിന്ന് പല ദേശങ്ങളിലേക്ക് മടങ്ങിപ്പോയ പൂരാസ്വാദകരുടെ നിരാശ കലർന്ന മുഖവും വാക്കുകൾക്കും ആരാണ് മറുപടി പറയുക?? പകൽ വെളിച്ചത്തിൽ വെടിക്കെട്ട് നടത്തി ആർക്ക് ആസ്വദിക്കാൻ ആണ് കടമ പോലെ ഇത് നിർവഹിച്ചത്?? വെടിക്കെട്ടിന്റെ ശോഭ എന്ന് പറയുന്നത് അമിട്ട് കുഴിമന്നൽ…. ഇതൊക്കെയാണ്. ഇത് പകൽവെളിച്ചത്തിൽ പൊട്ടിത്തീരുമ്പോൾ ആർക്കാണ് ആസ്വദിക്കാൻ കഴിയുന്നത്? ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നടത്തുന്ന തൃശ്ശൂർ പൂരത്തിന് അനാവശ്യ നിയമനടപടികൾ കുത്തിത്തിരുകി പൊതുജനങ്ങളെയും ദേവസ്വങ്ങളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രവണത അടുത്ത വർഷമെങ്കിലും ഒഴിവാക്കാൻ സർക്കാർ തയ്യാറാവണം.. തൃശ്ശൂരിന്റെ ഹൃദയത്തിൽ ലയിച്ചു ചേർന്ന ഒന്നാണ് തൃശ്ശൂർ പൂരം. അതിന്റെ സകല സത്തയും ഉൾക്കൊണ്ട് മനോഹരമാക്കി തീർക്കാനാണ് അനുബന്ധപ്പെട്ട വരും ശ്രമിക്കേണ്ടത്.