പുലിവരകളിൽ പുലിയാണ് പ്രജ്വൽ കൃഷ്ണ

Written by Taniniram

Published on:

തൃശൂർ ചക്കാമുക്കിൽ പുലിയൊരുക്കത്തിന് മനുഷ്യപുലികൾക്ക് പുലിരൂപം പകർന്ന് പതിനൊന്നുകാരൻ ശ്രദ്ധേയമായി. കാറളം സ്വദേശി പ്രജ്വൽ കൃഷ്ണയാണ് പുലികളെ അണിച്ചൊരുക്കിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ. രണ്ടര വയസ്സുമുതൽ ചിത്രം വരച്ചു തുടങ്ങിയതാണ് പ്രജ്വൽ. ചിത്രകല പഠിക്കാത്ത പ്രജ്വലിന് തുടർച്ചയായി മൂന്ന് വർഷം രാജാരവിവർമ്മ പുരസ്ക്കാരവും പങ്കെടുത്ത എല്ലാ ചിത്രകലാമത്സരങ്ങൾക്കും ഒട്ടെറെ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ മുതൽ പുലിവരയുമായി പ്രജ്വൽ ചാക്കാമുക്കിൽ നിറഞ്ഞു നിന്നു. മൂന്ന് കുട്ടി പുലികളെയും രണ്ട് വലിയ പുലികളെയും വരച്ചത് പ്രജ്വലാണ്. അതീവ ശ്രദ്ധ വേണ്ട ഒന്നാണ് പുലിവര. ക്യത്യമായ അളവിൽ കടുത്ത ബഹുവർണ്ണങ്ങൾ ചേർത്താണ് പുലിക്കളി നടത്തുന്നവരുടെ ശരീരത്തിൽ പുലിവരകൾ വരക്കുന്നത്. ഈ വർഷം ആദ്യമായാണ് പ്രജ്വൽ പുലികൾക്ക് വരയ്ക്കുവാൻ തൃശൂരിലെത്തുന്നത്.

പ്രജ്വലിന്റെ ബന്ധു രമേശിന്റെ സുഹൃത്തും ചക്കാമുക്ക് ദേശത്തിന്റെ പുലികളെ വരക്കുന്ന ചിത്രകാരൻ കൂടിയായ സുരേഷ് വിളിച്ചിട്ടാണ് ഇത്തവണ പുലിവരയ്ക്ക് പ്രജ്വലിന് ഭാ​ഗ്യം ലഭിച്ചത്. ഇന്റർ നാഷൺ ഓൺലൈൻ ആർട്ട് എക്സിബിഷൻ, ദേശാഭിമാനി ചിത്രരചനാ മത്സരം, മാതൃഭൂമി സീഡ് ചിത്ര രചനാ മത്സരം, ​ഗുരുവായൂർ ആനവര തുടങ്ങിയവയിലെല്ലാം പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് പ്രജ്വൽ. പുലിക്കളിക്ക് പുലികളെ വരയ്ക്കാൻ അവസരം ലഭിച്ചതിൽ അതീവ സന്തോഷത്തിലാണ് ഈ എഴാംക്ലാസുകാരൻ.

മെഡിക്കൽ റപ്രസന്റിറ്റീവ് കാറളം കുറുമാത്ത് പ്രവീൺകുമാറിന്റെയും തൃശൂർ എൻ.ഐ.ടി സി യിൽ ഫിനാൻസ് മാനേജറും ആറാട്ടുപുഴ കിഴുവീട്ടിൽ ​ഗ്രീഷ്മയുടെയും മകനാണ് പ്രജ്വൽ കൃഷ്ണ. ചക്കാമുക്കിൽ പുലികളെ അണിയിച്ചൊരുക്കുന്നത് കാണുവാൻ എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരും മുൻമന്ത്രി വിഎസ് സുനിൽ കുമാറും പ്രജ്വലിനെ അഭിനന്ദിച്ചു.

ചിത്രകല അഭ്യസിക്കാതെ ജന്മനാ കിട്ടിയ മകന്റെ സിദ്ധിയെ പ്രോത്സാഹിപ്പിക്കാൻ അച്ഛൻ പ്രവീൺകുമാറും അമ്മ ​ഗ്രീഷ്മയും സർവ്വ പിന്തുണയും നൽകുന്നു. ഇന്നലെ തൃശൂരിന്റെ വഴിത്താരയിൽ പുലികളിറങ്ങി ചുവടുകൾ വെച്ചപ്പോൾ പ്രജ്വലിന്റെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം.

See also  മന:പൂര്‍വ്വം മറക്കുന്ന രോഹിണി കമ്മീഷന്‍ റിപ്പോര്‍ട്ട്

Related News

Related News

Leave a Comment