സഞ്ചാരികളുടെ കണ്ണിന് കൗതുകവും മനസ്സിന് കുളിർമയും നൽകിക്കൊണ്ട് തൃശൂരിലെ പീച്ചിയിൽ മണലി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പീച്ചിഡാം. ഈ ഡാമിനോട് ചുറ്റപ്പെട്ട വനമേഖല പീച്ചി വാഴാനി വന്യജീവി
സംരക്ഷണ കേന്ദ്രമെന്നാണ് അറിയപ്പെടുന്നത്.
ഓർമ്മകളിൽ മായാതെ, നേർത്ത വിങ്ങലോടെ
മനസ്സിൽ മായാതെ കിടക്കുന്ന കുഞ്ഞു വേദനയാണ് പീച്ചിഡാം(Peechi Dam). ഡാമിന്റെ തൊട്ടടുത്ത് പട്ടിക്കാടാണ് താമസമെങ്കിലും ഡാം ഒന്ന് കാണുവാനായി കുഞ്ഞുനാളിൽ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. ആരോടും പറയാതെ മനസ്സിൽ ഒളിപ്പിച്ചുവെച്ച ആ ആഗ്രഹം എനിക്ക് സാധിച്ചു തന്നത് അപ്രതീക്ഷിതമായി എത്തിയ വിരുന്നുകാരായിരുന്നു. അങ്ങനെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഓർമ്മയിൽ ആദ്യമായി ഡാം കാണുന്നത്. അതിനു മുൻപ് പോയിട്ടുണ്ടോ? മനസ്സിലെ നിറമുള്ള ഓർമ്മകളിലൊന്നും അങ്ങനെയൊന്നില്ല .
പീച്ചി ഡാമിന്റെ വീഥികളിലൂടെ നടന്നു പോകുമ്പോൾ മനസ്സിലെ ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ. കവാടത്തിൽ എത്തുമ്പോൾ പാസ് എടുക്കണം . പ്രവേശന ഫീസ് ഇപ്പോൾ കുട്ടികൾക്ക് ₹10 രൂപയും മുതിർന്നവർക്ക് ₹20 രൂപയുമാണ്. ഉള്ളിലേക്കു പ്രവേശിച്ചാൽ ആദ്യം ചെന്നു കയറുന്നത് നേരെ പാലത്തിലേക്ക് ആണ്. അവിടെനിന്ന് അഗാധ നീലിമ ഗർത്തത്തിലേക്ക് നോക്കുമ്പോൾ എടുത്തു ചാടി നീന്തിത്തുടിക്കാൻ തോന്നിപ്പോകും.
ആ പാലത്തിൽ കൂടി നടന്നു നീങ്ങുമ്പോൾ ഉയർന്നു നിൽക്കുന്ന ഡാമിലെ നക്ഷത്രബംഗ്ലാവ് കാണാം. അതിന്റെ പടവുകൾ ഓടിക്കയറി ചെന്ന് നിൽക്കുമ്പോൾ ചുവരിലെ പല എഴുത്തുകളും മുമ്പ് വന്നു പോയവരുടെ ഓർമ്മകൾ ഉണർത്തുന്നതാണ്. അവിടെ നിന്നാൽ പീച്ചി ഡാമും വാഴാനി വന്യജീവി സങ്കേതവും വീക്ഷിക്കാം. അവിടെ നിന്ന് ഇറങ്ങി വന്നാൽ കുട്ടികൾക്ക് കളിക്കാനും വലിയവർക്ക് ഇരിക്കാനും പറ്റിയ ഇരിപ്പിടങ്ങൾ തണൽ വിരിച്ച മരച്ചുവടുകളിൽ ഒരുക്കിയിട്ടുണ്ട്.
ഡാമിലെ പൂന്തോട്ടം നയനമനോഹരമാണ്. നടുവിൽ ജലാശയവും ഇരുവശങ്ങളിൽ ഇരിക്കാനുമായി വള്ളിക്കുടിലുകളും ഒരുക്കിയിട്ടുണ്ട്. ആ വള്ളിക്കുടിലുകൾ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് ‘ഒരു നോക്കു കാണാൻ’ എന്ന സിനിമയിലെ ഇണക്കിളി വരുകില്ലേ എന്ന ഗാനമാണ്.1985 -ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ മമ്മൂട്ടിയും അംബികയും ചേർന്ന് അഭിനയിച്ച മനോഹരമായ ഗാനം ചിത്രീകരിച്ചത് ഈ വള്ളിക്കുടിലിൽ വച്ചാണ്. പീച്ചി ഡാമിലെ നീന്തൽ കുളത്തിൽ നിന്നും പരിശീലനം ലഭിച്ച നിരവധി താരങ്ങൾ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു.
ഡാമിലെ ഓണക്കാലം
ഓണക്കാലമായാൽ പാണഞ്ചേരി ഗ്രാമ നിവാസികൾ മുഴുവനും ഉത്സവത്തിൻ്റെ പെരുമഴക്കാലമെന്ന പോലെ അവിടെ ഒത്തുചേരാറുണ്ട്. പഞ്ചായത്തിലെ എല്ലാ അമ്മമാർക്കും കുട്ടികൾക്കും അവരുടെ കലകൾ പങ്കിടാനുള്ള ഒരു വേദി കൂടിയാണ് അവിടം. പ്രമുഖ രാഷ്ട്രീയപ്രവർത്തകർ സിനിമ പ്രവർത്തകർ തുടങ്ങി കലാസാംസ്കാരിക രംഗത്തുനിന്നുള്ള ‘നിരവധി പേർ ചേർന്ന് ഓരോ ഓണക്കാലവും ഒരു ഉത്സവമാക്കി മാറ്റാറുണ്ട്.
ആ രാത്രികാലങ്ങളിൽ ലൈറ്റുകളാൽ ഒരുക്കി നിർത്തിയിരിക്കുന്ന ഡാം കണ്ടാൽ നവവരനെ എതിരേൽക്കാൻ നിൽക്കുന്ന വധു ഗൃഹം പോലെ മനോഹരമാണ്. ഈ ഓണാഘോഷം നിരവധി പേരെ ഇവിടേക്ക് ആകർഷിക്കുന്നു. കാനനഭംഗി ആസ്വദിക്കാൻ നിരവധി പ്രകൃതിസ്നേഹികൾ എത്തിച്ചേരുന്ന സ്ഥലമായ പീച്ചി- വാഴാനി വന്യജീവി സങ്കേതം പാലപ്പിള്ളി- നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.
ചരിത്രം പറയുന്നത്
ജലസേചനം, വൈദ്യുതി നിർമ്മാണം എന്നിവ മുന്നിൽക്കണ്ട് കെ.എസ്. മാരാർ അന്നത്തെ കൊച്ചി പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട വാര്യരെ ഇത്തരത്തിലുള്ള പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിസഭ ഭരണാനുമതി നൽകി കൊണ്ട് 1947 -ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1957 ഒക്ടോബർ 4ന് കേരള ഗവർണർ ബി.കൃഷ്ണറാവു ആണ് കേരളത്തിലെ ഒരു മേജർ ഇറിഗേഷൻ പ്രോജക്ട് എന്ന നിലയിൽ രാജ്യത്തിന് സമർപ്പിച്ചത്. KSEB യുടെ പീച്ചി ചെറുകിട ജലവൈദ്യുത പദ്ധതിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ജലസേചനം
ഈ പദ്ധതി ഉപയോഗിച്ച് 17555 ഹെക്ടർ പ്രദേശത്ത് ജലസേചനം സാധ്യമാക്കുന്നു. ഇത് പ്രകാരം പ്രധാനമായും മുകുന്ദപുരം, തലപ്പിള്ളി, തൃശ്ശൂർ, ചാവക്കാട് എന്നീ താലൂക്കുകളിലെ പ്രദേശങ്ങളിലേക്ക് കനാലുകൾ വഴി ജലം എത്തിക്കുന്നു. ഇതിനുപുറമേ തൃശൂർ കോർപ്പറേഷനിലേക്കും ചുറ്റുമുള്ള എട്ടു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം പീച്ചി ഡാമിൽ നിന്നാണ്. ധാരാളം പേർ കൃഷി ആവശ്യത്തിന് ഈ ജലം ഉപയോഗിക്കുന്നു.
യാത്ര
തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിൽ നിന്നും പീച്ചിയിലേക്ക് നേരിട്ട് ബസ് കയറാം.പാലക്കാട് ബസ് കയറി പീച്ചി റോഡ് ജംഗ്ഷനിൽ ഇറങ്ങി പീച്ചി യിലേക്ക് ബസ് കയറിയാലും അവിടെ എത്തിചേരാം . തൃശ്ശൂരിൽ നിന്ന് പീച്ചിയിലേക്ക് ഒരു 20 കിലോമീറ്റർ യാത്രയുണ്ട്.
ഷട്ടർ തുറക്കുമ്പോൾ ആ മനോഹര കാഴ്ചയ്ക്കായി ആളുകൾ അവിടെ തിങ്ങിക്കൂടാറുണ്ട്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന് കുടിനീരും വിനോദസഞ്ചാരികൾക്ക് കണ്ണിനും മനസ്സിനും കുളിർമയും ശാന്തതയും നൽകുന്ന പീച്ചി ഡാമിലെ ആ മനോഹരമായ വെള്ളച്ചാട്ടം വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയോടെ…. വീണ്ടുമൊരു ഉത്സവക്കാലത്തിനായ് കാത്തുകൊണ്ട്….
സുരേഖ. കെ. എസ്