ഇരുളടഞ്ഞ ഭാവിയിൽ ഭാഗ്യം തേടുന്നവർ

Written by Taniniram1

Published on:

വടക്കുംനാഥനെ ചുറ്റുന്ന തേക്കിൻ കാടിന്റെ വഴിയോരത്തു കൂടി നടക്കുമ്പോൾ വാകമരച്ചുവട്ടിൽ മുറുക്കി ചുവന്ന ചുണ്ടുകളും കറപുരണ്ട ചിരിയുമായി നമ്മുടെ കൈ രേഖകളും മുഖ ലക്ഷണവും പറഞ്ഞു ജീവിതം തള്ളിനീക്കുന്ന അമ്മമാരെ കാണാം. വാർദ്ധക്യത്തിന്റെ അസ്കിതകളിലും പതറാതെ ഈ വയോധികർ നിത്യേന അന്നത്തിനായുള്ള വഴി കണ്ടെത്തുകയാണ്. അത്താണി സ്വദേശികളായ ശാന്ത, വിജയമ്മ മലപ്പുറം എടപ്പാൾ സ്വദേശിനി പങ്കജം എന്നിവർ അറുപത് കൊല്ലത്തിലേറെയായി പാരമ്പര്യ തൊഴിലായ കൈനോട്ടക്കാരായി ജീവിക്കുന്നു. പാരമ്പര്യമായി പകർന്നു കിട്ടിയ ഈ ശാസ്ത്രവിധിയെക്കുറിച്ച് എഴുപത്തി നാലുകാരിയായ ശാന്ത വാചാലയായി.

യുഗങ്ങൾക്ക് മുമ്പ് മലകളും പുഴകളും പൂമരങ്ങളും കൊണ്ട് ചാരുതയാർന്ന കാനനഭൂമികയിൽ കാട്ടുമൃഗങ്ങളോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരു കൂട്ടം കാട്ടുമനുഷ്യർ ഉണ്ടായിരുന്നു . അവരാണ് പിൽക്കാലത്ത് മലവേടർ, മലങ്കുറവൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിത്. പെരിയാർ കാട്ടിലെ മനുഷ്യരും മൃഗങ്ങളും പെരിയാറിന്റെ തീരങ്ങളിലായിരുന്നു വിശ്രമ സങ്കേതം കണ്ടെത്തിയിരുന്നത്. ഈ തീരത്തെ മനോഹാരിത ദേവകൾക്കുപോലും അസൂയ ജനിപ്പിച്ചതായിരുന്നു. ശാന്തച്ചേച്ചി തങ്ങളുടെ താവഴി ബന്ധത്തിന്റെ കഥപറയുന്നതിനിടയിലും വഴിയാത്രക്കാരോട് കൈ നോക്കണോയെന്ന് ഉറക്കെ ഉറക്കെ വിളിച്ചു ചോദിക്കുന്നു.

ഒരിക്കൽ നിഷാദ രാജകുമാരൻ ആയ കുറവൻ പ്രാണസഖിയായ കുറത്തിയുമൊത്തു പെരിയാറിന്റെ തീരങ്ങളിൽ വിഹരിക്കുകയായിരുന്നു. ഇതിനിടയിൽ പെരിയാറിന്റെ വിശാലമായ ജലപരപ്പിൽ നീന്തി കുളിക്കുന്ന രണ്ട് സുന്ദര രൂപങ്ങൾ കാണുകയുണ്ടായി. അവരുടെ ആകാരസൗഷ്ഠവത്തിൽ ആകൃഷ്ടരായി കുറവനും കുറത്തിയും മിഴിച്ചു നിന്നു. ദേവഗണങ്ങളായ പുരുഷനും സ്ത്രീയുമായിരുന്നു അത്. തങ്ങളുടെ സ്വൈര്യ വിഹാരത്തിന് ഭംഗം നേരിട്ടതറിഞ്ഞു ദേവൻ ഉഗ്ര കോപത്തോടെ കുറവനെയും കുറത്തിയേയും ശപിക്കുകയുണ്ടായി. ആ ഉഗ്രശാപത്താൽ പാറകളായി അകന്നു മാറിക്കഴിയാൻ ശാപം കിട്ടി. കലിയുഗത്തിൽ മനുഷ്യർ നിങ്ങളെ ബന്ധിപ്പിക്കുമെന്നും മനുഷ്യരുടെ ഭാവിയും ഭൂതവും പ്രവചിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കുമെന്നുമുള്ള ശാപമോക്ഷവും നൽകി ദേവകൾ അപ്രത്യക്ഷരായി. ശിവനും പാർവതിയും ആയിരുന്നു ആ ദേവകൾ എന്നു പറഞ്ഞപ്പോൾ ശാന്ത ചേച്ചിയുടെ കണ്ണുകളിൽ ഭക്തിയുടെ നിറവ് കാണാമായിരുന്നു. ഇങ്ങനെ കുറവൻ പാറയും കുറത്തി പാറയും പെരിയാറിനെ തൊട്ടരികിൽ നിൽക്കുന്നു എന്നാണ് ഇതിന്റെ പിന്നിലെ ഐതിഹ്യം. ഇന്ന് ഇടുക്കി ജില്ലയിലാണ് ഈ പാറകൾ.. മലങ്കുറവരുടെ ഈ പൂർവികരാണ് ഇന്നും അവർക്ക് അനുഗ്രഹമായി കിട്ടിയ ‘വരവു’ മായി കൈനോട്ടക്കാരായി ജീവിക്കുന്നത്.

വടക്കുംനാഥ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള തേക്കിൻകാടിന്റെ പ്രദക്ഷിണ വഴികളിൽ കൊച്ചു തത്തയെയും കൂട്ടിലാക്കി കൈ നോക്കി ലക്ഷണം പറയാൻ കാത്തിരിക്കുന്നവരാ ണിവർ. കൈ നോക്കി പ്രവചിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പലർക്കും യാഥാർത്ഥ്യമാകുമ്പോൾ ചിലർ സമ്മാനങ്ങളും പണവും കൊണ്ട് നൽകുന്ന അനുഭവങ്ങളും ഇവർ പങ്കുവെക്കുന്നു. അത്താണി കെൽട്രോണിന് സമീപം താമസിക്കുന്ന വിജയമ്മക്കും ഒരുപാട് കഥകളുണ്ട് തന്റെ കുലത്തൊഴിലിനെ പറ്റി പറയുവാൻ. 36 വർഷം മുൻപ് ഭർത്താവ് മരിച്ചപ്പോൾ നാല് മക്കളെ വളർത്താൻ സ്വന്തം കുലത്തൊഴിലിലേക്ക് ഇറങ്ങിയതാണ് വിജയമ്മ. ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയതാണ് ഈ തൊഴിൽ. പറയുന്നതെല്ലാം ഫലിച്ചില്ലെങ്കിലും കുടി വെച്ച് ആരാധിക്കുന്ന ദൈവങ്ങൾ ചതിക്കില്ല എന്നാണ് വിജയമ്മ പറയുന്നത്.
മലപ്പുറം ജില്ലയിലെ എടപ്പാൾ നിന്നും രാവിലെ 9 മണിക്ക് തൃശ്ശൂരിൽ എത്തുന്നതാണ് പങ്കജം. കൂടെ ലക്ഷണം പറയാൻ ചീട്ടെടുത്ത് നൽകുന്ന കുഞ്ഞി തത്തയും. തത്തയെയും കൊണ്ട് ബസ്സിൽ വരാൻ തന്നെ 75 കാരിയായ പങ്കജത്തിനു ബുദ്ധിമുട്ടാണ്. 15 വയസ്സിൽ കൈനോട്ടം സ്വായത്തമാക്കിയ ഇവർ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉത്സവങ്ങളോടനുബന്ധിച്ചുകൈനോട്ടത്തിനായി പോവാറുണ്ട്. പ്രായഭേദമെന്യേ സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ ഇവരെ സമീപിച്ച് ഭാവിയിലെ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ശാരീരിക അവശതകളും പണത്തിന്റെ അറുതിയും അവരുടെ ജീവിതത്തെ വീർപ്പുമുട്ടിക്കുന്നുണ്ടെങ്കിലും ജീവിതമെന്ന പോരാട്ടത്തിൽ തോറ്റു മടങ്ങാൻ ഇവർ തയ്യാറല്ല. മഞ്ഞും മഴയും വെയിലും മാറിമറിഞ്ഞ് നീങ്ങുന്ന കാലപ്രയാണത്തിൽ പാരമ്പര്യ തൊഴിൽ ഉപജീവനമാർഗമായി കാലത്തിനൊപ്പം ഇവർ സഞ്ചരിക്കുകയാണ്…

See also  ബെയ്‌ലി പാലത്തിന്‌ പിന്നിലെ പെൺകരുത്ത് ; മേജർ സീത അശോക് ഷെൽക്കെയ്ക്ക് ബിഗ് സല്യൂട്ടുമായി മലയാളികൾ

കെ. ആർ. അജിത

Related News

Related News

Leave a Comment