പ്രവാസം അന്നും ഇന്നും; ജനുവരി 9 പ്രവാസ ദിനം

Written by Taniniram1

Published on:

“എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട് …
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട് ….

ഒരു കാലത്ത് ഏറെ ഹിറ്റായ കത്തുപാട്ടിന്റെ വരികളാണിത്. മനോഹരമായ കൈയെഴുത്തുകളിലൂടെ വികാരനിർഭരമായ വാക്കുകളിലൂടെ പ്രവാസി മലയാളികളുടെ മനസ്സിൽ ആർദ്രത തുളുമ്പുന്ന വരികൾ.

ആരാണ് പ്രവാസി? എന്താണ് പ്രവാസി എന്ന വാക്കിന്റെ അർത്ഥം? പ്രവാസം അനുഭവിക്കുന്നവനാണ് പ്രവാസി.അതായത് സ്വന്തം രാജ്യം വിട്ട് വിദ്യാഭ്യാസം,ജോലി എന്നീ ആവശ്യങ്ങൾക്കായി വിദേശത്ത് താമസിക്കുന്ന വ്യക്തിയെ ആണ് പ്രവാസി എന്നു വിളിക്കുന്നത്. അർത്ഥത്തിലുപരിയായി കാലങ്ങളായി സുവർണ്ണ നൂലുകളാൽ നെയ്ത് ചേർത്ത ഒരു സ്ഥാനം നമ്മുടെ മനസ്സിൽ ഈ വാക്കിനുണ്ട്.എന്നാൽ സാധാരണക്കാരായ ജനങ്ങൾ അവരുടെ ശ്വാസനിശ്വാസങ്ങൾ പോലെ’ പ്രവാസി’ എന്ന വാക്കിനു പകരം ഗൾഫുകാരനെന്നോ,ദുബായ്ക്കാരനെന്നോ വിളിച്ചു വന്നു.ഓരോ പ്രവാസിദിനമെത്തുമ്പോഴും ആ വിളികൾ പലരുടേയും മനസ്സിൽ ഇന്നും സ്വകാര്യമായി ആഘോഷിക്കപ്പെടുന്നുണ്ടാവും.

ഗൾഫ് രാജ്യങ്ങളോടുള്ള നമ്മുടെ ആശ്രിതത്വം തുടങ്ങിയിട്ട് അരനൂറ്റാണ്ടിലധികമായി.വിദേശ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുകയും നാട്ടിൽ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം കിട്ടുകയും ചെയ്തപ്പോൾ ഉരുവിലും മത്സ്യബന്ധന ബോട്ടുകളിലായി നമ്മുടെ പിൻ തലമുറക്കാർ ഗൾഫ് തീരത്തെത്തി.ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചക്കൊപ്പം നമ്മളും വളർന്നു.ആ കാലങ്ങളിൽ മറ്റുള്ളവർക്കായുള്ള ആത്മ സമർപ്പണത്തിന്റെ ജീവിതം കൂടിയായിരുന്നു ഓരോ ഗൾഫ്കാരന്റേയും.

“മതിയായി, ഈ ഗൾഫ് വാസം. ഇനിയുള്ള കാലം കുടുംബത്തോടൊത്ത് ഉള്ള കഞ്ഞിയും കുടിച്ച് കഴിയണം’,

എന്ന് ഓരോ അവധിക്കാലത്തും പറഞ്ഞു പോകുന്ന ഒരു ഗൾഫുകാരനെ അക്കാലങ്ങളിൽ കാണാമായിരുന്നു.എന്നാൽ വിദ്യഭ്യാസ സാമൂഹിക മാറ്റങ്ങൾ ഇന്ത്യയും ഗൾഫും തമ്മിലുള്ള ആശ്രിതത്വത്തിന് പുതിയ മാനങ്ങൾ സൃഷ്ടിച്ചു.ഗൾഫിൽ കിട്ടുന്ന മാസ ശമ്പളത്തേക്കാൾ സ്വന്തം നാട്ടിൽ നിന്നും ലഭിക്കുമെന്നായപ്പോൾ ഗൾഫ് സ്വപ്നം പതുക്കെ വിട പറഞ്ഞു.വിദേശമണ്ണ് ഇത്രത്തോളം വളരാത്ത ഒരു കാലത്ത് ഗൾഫിലേക്ക് പോകുന്ന ഒരാൾക്ക് വിസ ലഭിച്ചാലും മുന്നിലുള്ള ഏറ്റവും വലിയ കടമ്പയെന്നത് ടിക്കറ്റായിരുന്നു.അതിനാൽ തന്നെ പല യാത്രകളും മുംബൈ വഴിയാണ് നടന്നിരുന്നത്.ഇപ്പോൾ വിദേശയാത്രയ്ക്ക് ടിക്കറ്റ് എന്നത് ഒരു പ്രശ്നമെ അല്ലാതായിരിക്കുന്നു. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്ന ഗൾഫുകാരനെയും കാത്ത്, അവന്റെ പെട്ടിയിലെ അത്തർ കുപ്പിക്കും ടൈഗർ ബാമിനും സോപ്പിനും പൗഡറിനുമായി കാത്തിരുന്ന ഒരു കൂട്ടം ആൾക്കാരുണ്ടായിരുന്നെന്ന് പറയുമ്പോൾ നമ്മുടെ പുതു തലമുറയ്ക്ക് അത് അവിശ്വനീയമാവുന്നു. നാട്ടിൽ തന്നെ ദുബായ് മാർക്കറ്റെന്ന പേരിലുള്ള കടകളിൽ ഗൾഫിൽ കിട്ടുന്ന എല്ലാ സാധനങ്ങളും ലഭ്യമാകുമ്പോൾ ദുബായ് പെട്ടികൾക്ക് പുതുമയില്ലാതായി.ഇത്തരം സാധനങ്ങൾ നാട്ടിലെത്തിച്ചാൽ തന്നെ പഴയ പോലെ അത് ആഹ്ലാദത്തോടെ സ്വീകരിക്കുന്ന ആൾക്കാരുമില്ലാതായി. പുതു തലമുറയ്ക്ക് ഇതൊക്കെ ഏതോ ലോകത്ത് നിന്ന് ഇറങ്ങി വന്ന കഥകളായി മാറി. അതുകൊണ്ട് തന്നെ ആ ഓർമ്മകളെ പുനരുജ്ജീവിപ്പിക്കാനെങ്കിലും ഓരോ പ്രവാസ ദിനവും ഓർക്കപ്പെടേണ്ടതാണ്.

നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി ഒൻപതിനാണ് പ്രവാസി ദിനം അഥവ എൻ ആർ ഐ ദിനം ആഘോഷിച്ചു വരുന്നത്.1915 ജനുവരി 9 ന് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ സ്മരണയാണ് ഈ ദിനം.പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തിപ്പെട്ട ലക്ഷകണക്കിന് ആളുകൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനായി ഈ ദിനം മാറിയെന്നതും അഭിമാനാർഹമാണ്.

നാമെത്ര മാറിയാലും കാലത്തിന്റെ സമയയന്ത്രങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളിൽ പെയ്ത് വറ്റിപ്പോയ മഴത്തുള്ളികൾ പോലെ ഓർമ്മകളുടെ ബാക്കിപത്രമാകുന്നുണ്ട് ഇന്നും ആ വരികൾ.

“കത്തു വായിച്ചുടൻ കണ്ണുനീർ വാർക്കണ്ട

കഴിഞ്ഞു പോയതിനി ഒന്നുമേ ഓർക്കണ്ട ….

തൽക്കാലം ഞാൻ കത്ത് ചുരുക്കിടട്ടേ..”

താര അതിയടത്ത്

Leave a Comment