ചോട് മുതൽ നേര് വരെ… മലയാള സിനിമ 2023

Written by Taniniram1

Published on:

വിരൽ തുമ്പിന്റെ അറ്റത്ത് വിനോദമെത്തുന്ന ഈ ഇൻസ്റ്റഗ്രാം കാലഘട്ടത്തിലും നാം ചിന്തിക്കേണ്ടത് ഇന്ത്യൻ സിനിമയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതു തന്നെയാണ്. സലാർ,ലിയോ,ജയിലർ തുടങ്ങിയ സിനിമകൾ ചടുലമായ എഡിറ്റിങിലൂടെയും ഉദ്യേഗത്തിന്റെ ഉയർന്ന നിമിഷങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.എന്നാൽ മലയാള സിനിമാവിപണിക്ക് അഭിമാനിക്കാൻ സാധിക്കും വിധം വിരലിലെണ്ണാൻ പറ്റുന്ന ചുരുക്കം ചില സിനിമകളേ കഴിഞ്ഞ വർഷം പുറത്തിറങ്ങിയുള്ളൂ.

ആസ്വാദനത്തിന്റെ അത്ഭുതലോകത്തിൽ നിന്നുകൊണ്ട് 2023 ലെ സിനിമകളെ നോക്കി കാണുകയാണെങ്കിൽ കാഴ്ചക്കാരുടെ മനസ്സിൽ ദൃശ്യഭംഗിയോടെ സമ്മിശ്ര വികാരങ്ങളാൽ തുന്നിച്ചേർത്ത ഒരു പാട് നിമിഷങ്ങളുണ്ട്. കൃത്യമായി പറഞ്ഞാൽ 225 ഓളം സിനിമകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മലയാളത്തിന്റേതായി ഇറങ്ങി.അതിൽ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയത് വളരെ ചുരുക്കം മാത്രം. കുറേയേറെ വർഷങ്ങളായി മലയാള സിനിമാവ്യവസായം അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയുടെ തുടർവിശേഷമായിതു മാറുന്നു.

2023 ന്റെ ആദ്യപാദത്തിൽ അരുൺ കിഷോർ സംവിധാനം ചെയ്ത’ചോട്’ എന്ന സിനിമയോടെ ആയിരുന്നു തുടക്കം. പിന്നീട് ജിന്ന്, ആയിഷ, എന്നാലും എന്റളിയാ, തേര്, തങ്കം എന്നീ സിനിമകളും ജനുവരിയുടേതായി പുറത്തിറങ്ങി.ആളനക്കം ഇല്ലാത്ത തിയേറ്ററുകൾക്ക് സാക്ഷ്യം വഹിക്കാനായിരുന്നു ഇത്തരം സിനിമകളുടെ വിധി.അത്തരത്തിൽ മൂകമായ അന്തരീക്ഷത്തിൽ നീങ്ങുമ്പോഴാണ് ‘നൻപകൽ നേരത്ത് മയക്കം’എന്ന ചിത്രവുമായി ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നത്. ഉറക്കം മരണവും, ഉണർവ് ജനനവും ആണെന്നറിയിച്ചു കൊണ്ട് ജെയിംസും സുന്ദരവുമായി ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ മമ്മൂട്ടി പകർന്നാടിയപ്പോൾ പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞു കവിഞ്ഞു. മമ്മൂട്ടിയുടെ അസാധ്യ പ്രകടനം കൊണ്ടും പ്രമേയം, അവതരണം എന്നിവയുടെ പുതുശൈലിയിലൂടെയും ഈ സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അമ്പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ സിനിമ വാരിക്കൂട്ടി.തുടക്കം നന്നായാൽ ഒടുക്കം നന്നാകും എന്ന് പറയുന്നത് പോലെ 2023 മമ്മൂട്ടിയുടെ സമ്പൂർണ്ണ വർഷമായി മാറി.മലയാള ചലച്ചിത്രങ്ങൾ പലതും ബോക്സോഫിൽ തകർന്നടിഞ്ഞപ്പോഴും പോലീസ് അന്വേഷണത്തിന്റെ കഥ പറഞ്ഞ് കണ്ണൂർ സ്ക്വാഡും സ്വവർഗ്ഗാനുരാഗത്തിന്റേയും ഒറ്റപ്പെടലിന്റെയും അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിച്ച കാതലും സിനിമാ ആരാധകരെ കയ്യടിപ്പിച്ചു. ക്രിസ്റ്റഫർ എന്ന മമ്മുട്ടി സിനിമയ്ക്ക് വേണ്ടത്ര അംഗീകാരം കിട്ടിയില്ലെങ്കിലും മറ്റു വിജയങ്ങൾക്കിടെ അതെവിടെയൊ മാഞ്ഞുമറഞ്ഞുപോയി.

കേരളക്കരയിൽ രോമാഞ്ചിഫിക്കേഷൻ സൃഷ്ടിച്ചു കൊണ്ട് രോമാഞ്ചം എന്ന സിനിമയുമായാണ് ജനുവരി അവസാനിച്ചത്. ഹൊറർ കോമഡി വിഭാഗത്തിൽ പെട്ട ഈ ചിത്രം തിയേറ്റർ മുഴുവൻ ചിരിയും ആർപ്പുവിളിയും ഉയർത്തിക്കൊണ്ട് ആഗോള തലത്തിൽ എഴുപത് കോടിയോളം നേടി.സംവിധായകൻ ജിത്തു മാധവന്റെ കയ്യിൽ അർജുൻ അശോകൻ,സൗബിൻ ഷാഹിർ, സജിൻ ഗോപു, സിജു സണ്ണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി മാറിയപ്പോൾ അത് മലയാള സിനിമയ്ക്ക് ഇനിയും ഒരു രോമാഞ്ചം സൃഷ്ടിക്കും എന്ന പ്രതീക്ഷയാണ് നൽകിയത്’.

അതേ സമയം പുരുഷ മേധാവിത്വമുള്ള സിനിമാ വ്യവസായത്തിൽ വിരലിലെണ്ണാവുന്ന സ്ത്രീ സംവിധായകരെത്തിയെന്നത് 2023 ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ശ്രുതി ശരണ്യം, ശാലിനി ഉഷാദേവി ,ഇന്ദു ലക്ഷ്മി എന്നിവർ ഐ എഫ് എഫ് കെ യിൽ സ്ഥാനം നേടി.സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെ എസ് എഫ് ഡി സി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ‘ബി 32 മുതൽ 44 വരെ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെണ്ണുടലിന്റെ, പ്രത്യേകിച്ച് ശരീര രാഷ്ട്രീയത്തിന്റെ ചിത്രം തുറന്നു കാട്ടിയ ഈ സിനിമ സ്ത്രീ പ്രേക്ഷകർക്കിടയിൽ വ്യക്തമായ ഇടം കണ്ടെത്തി.

സിനിമകളങ്ങനെ അലസമായി കടന്നുപോകുന്ന സമയത്താണ് സിനിമയിൽ തന്നെ പ്രളയം സൃഷ്ടിച്ചു കൊണ്ട് മെയ് മാസം ആദ്യവാരത്തിൽ ജൂഡ് ആന്റണി ‘2018’ എന്ന സിനിമയുമായി എത്തുന്നത്. തിയേറ്റർക്കാഴ്ചയ്ക്ക് തരാൻ കഴിയുന്നതിലുപരിയായ അനുഭവതലങ്ങളിലുടെസഞ്ചരിച്ച സിനിമ പലയിടങ്ങളിലും തോരാതെ പെയ്യുന്ന വികാരമായി മാറി.ടോവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ,ആസിഫ് അലി,ഇന്ദ്രൻസ് തുടങ്ങിയ വലിയ താരനിരയിൽ എത്തിയ ഈ സിനിമയ്ക്ക് ഓസ്കാർ എൻട്രിയിൽ വരെ എത്താൻ കഴിഞ്ഞു.

ദുൽക്കറിന്റെ കിങ് ഓഫ് കൊത്തയെ ഒതുക്കി കൊണ്ട് മാസ് ആക്ഷൻ രംഗങ്ങളുമായി വൻ ഹൈപ്പോടെ വന്ന് ‘ആർ ഡി എക്സ്’ വമ്പൻ വിജയം നേടി.ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ അടിയും ഇടിയും തീപ്പൊരി പാറും രംഗങ്ങളുമായി തിയേറ്ററുകളെ പിടിച്ചു കുലുക്കി. പാതിരാക്കാറ്റ്, ജവാനും മുല്ലപ്പൂവും, കൊറോണ പേപ്പേഴ്സ്, ഉപ്പുമാവ്, മഹേഷും മാരുതിയും എന്നിങ്ങനെ പല പല സിനിമകളും മലയാളത്തിന്റേതായി ഇറങ്ങിയെങ്കിലും പേര് കൊണ്ടു പോലും ഒരടയാളം സൃഷ്ടിക്കാതെ പലതും കടന്നുപോയി. പ്രണയ വിലാസം, മധുര മനോഹര മോഹം, ജേർണി ഓഫ് ലവ് 18+ എന്നീ സിനിമകൾ ഒ ടി ടി യിലൂടെ പ്രേക്ഷകർ ആഘോഷമാക്കി .

2023 ലെ ഡിസംബർ അവസാനിക്കുന്നത് രണ്ട് വമ്പൻ ഹിറ്റുകളുമായാണ് –
തെന്നിന്ത്യൻ സിനിമയുടെ കാവലാളായി മാറിയ സലാറും നേര് തേടുന്ന യാത്രയുമായെത്തിയ നേരും. പ്രഭാസിന്റെ ദേവയും പൃഥിരാജിന്റെ വരദരാജമന്നാറും ആരാധക പ്രതീക്ഷകൾ വെറുതെയാക്കിയില്ല. മോഹൻലാലിന്റേതെന്ന് പറഞ്ഞ് അവകാശപ്പെടാൻ ‘എലോൺ’ എന്ന ഒരു സിനിമ മാത്രമാണ് ആദ്യ പകുതിയിലറിങ്ങിയതെങ്കിലും ഈ വർഷത്തിലെ തന്നെ വിജയമായി നേര് മാറിക്കൊണ്ടിരിക്കുന്നു. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ഈ സിനിമ ബോക്സോഫീസ് കളക്ഷനിൽ കൊടുങ്കാറ്റായി മാറുകയാണ്.

മലയാള സിനിമ ഇങ്ങനെ വ്യത്യസ്തമായ വഴികളിലൂടെ മുന്നേറുമ്പോൾ ഓരോ പ്രേക്ഷകന്റെ മനസ്സും ഉറക്കെ ഉറക്കെ പറയുന്ന ഒരു കാര്യമുണ്ട് .സിനിമയോളം സിമ്പിളും പവർ ഫുള്ളായതുമായ ജനകീയ മാധ്യമം വേറെയെന്തുണ്ട് …… സിനിമ മാറുകയാണ് …. അതെ അത് അതിജീവിക്കേണ്ട കല തന്നെയാണ്.

താര അതിയടത്ത്

Leave a Comment