നാളെയാട്ടാ മ്മ്ടെ പൂരം!!!!

Written by Taniniram1

Published on:

കെ. ആർ. അജിത

തൃശൂർ : ഇനി രണ്ടു നാളുകൾ പൂരത്തിന്റെ ആരവവും ആഘോഷവും തൃശൂർ ജനത നെഞ്ചേറ്റും. ഇന്ന് നെയ്തലക്കാവിൽ അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്നതോടെ പൂരത്തിന്റെ ആവേശത്തിര ഉണരുകയായി. തൃശ്ശൂർ നഗരത്തിൽ ഇന്നുമുതൽ വിദേശികൾ അടക്കമുള്ളവരുടെ വരവ് പൂരത്തിരക്കിന്റെ ആഴത്തിൽ തൃശ്ശൂരിനെ എത്തിച്ചു. വൈകിട്ട് ആകുന്നതോടെ വർണ്ണാഭമായ വെളിച്ചങ്ങളുടെ തേരോട്ടം നടത്തുന്ന മൂന്നു പന്തലുകൾ കാണാനും ദീപാലകൃതമായ ക്ഷേത്രദർശനത്തിനും ഇന്ന് ജനങ്ങളുടെ ഒഴുക്കാകും. മഞ്ഞും മഴയും വെയിലും ഏൽക്കാതെ പുലർച്ചെ മൂന്നിന് പുറപ്പെടുന്ന കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങുന്നതോടെ പൂരം തുടങ്ങുകയായി. അസുരവാദ്യത്തിന്റെയും കൊമ്പ്, കുഴൽ ഇലത്താളം എന്നിവയുടെയും മേള പെരുക്കത്തിൽ പൂരം കൊട്ടിക്കയറും.

നാളത്തെ പൂരം വിദേശി പൂരം എന്നാണ് തൃശ്ശൂർകാർ പൊതുവേ പറയുക. വിദേശികളും സ്വദേശികളുമായ ജനതയുടെ ആഹ്ളാദാരവം നിറയുന്ന തേക്കിൻ കാട് മൈതാനം നാളെ ചെമ്പട താളത്തിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയും ശബ്ദ സൗകുമാര്യത്തിലേക്ക് വഴിമാറും. രാവിലെ 7:30ന് മഠത്തിൽ വരവ് ആരംഭിക്കുന്നതോടെ നഗരത്തിൽ ആളും ബഹളവും കൂടുകയായി. വടക്കുംനാഥന്റെ അങ്കണത്തിലേക്ക് തിരുവമ്പാടി ഭഗവതി എഴുന്നള്ളുന്നതോടെ പൂരത്തിന്റെ ആവേശ ചൂടിലാകും തൃശൂർ. തുടർന്ന് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. ഉച്ചയ്ക്ക് ഒരുമണിവരെയുള്ള മേളം ജനതതിയുടെ മനം കുളിർപ്പിക്കും. അതിനുശേഷം ഇലഞ്ഞിത്തറ മേളത്തിന്റെ ശബ്ദ സുഭഗതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മേള കൊഴുപ്പിന്റെ ആരവമാണ് പിന്നീട് നഗരത്തെ സമ്പന്നമാക്കുക. തെക്കോട്ടിറക്കവും കുടമാറ്റവും പൂരാവേശം നിറയ്ക്കുന്ന മനോഹരമായ കാഴ്ചകളാണ്.

തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും വർണ്ണാഭമായ മത്സരം കാണേണ്ട കാഴ്ച്ച തന്നെ. രണ്ടു വിഭാഗക്കാരും സ്പെഷ്യൽ കുടകൾ ഇറക്കി കാണികളെ കയ്യിലെടുക്കുന്ന അനർഘനിമിഷങ്ങളാണ് കുടമാറ്റത്തിൽ. തുടർന്ന് പൂരം അവസാനിക്കുന്നു. പുലർച്ചെ 3 ന് നടക്കുന്ന ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ടിന് തിങ്ങി നിറഞ്ഞ ജനങ്ങളുടെ ആർപ്പുവിളികളും കാതടപ്പിക്കുന്ന വെടിക്കെട്ടിന്റെ ശബ്ദ ഘോഷങ്ങളും മാനത്തു നിറങ്ങൾ വാരി വിതറുന്ന അമിട്ടുകളും ആകാശ പൂരം തീർക്കും… പിറ്റേന്ന് പകൽ പൂരം ഒരു മണിവരെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കും. തുടർന്ന് ഇരു ഭഗവതിമാരും വടക്കുന്നാഥനോട് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും. ലക്ഷകണക്കിന് പൂരാരാധകരെ സാക്ഷിയാക്കി നടക്കുന്ന തൃശൂർ പൂരം തൃശ്ശൂരിന് മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഒരു വികാരം കൂടിയാണ്.

Leave a Comment