കെ.ആര്‍ അജിത
സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ അലയടിക്കുകയാണ്. കലോത്സവമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് ഒളരി സ്വദേശിയായ ഡേവീസേട്ടന്റെ മുഖമാണ് . 55 ഓളം വര്‍ഷമായി നൃത്തത്തിനും നാടകത്തിനും കഥകളിക്ക് എന്നു വേണ്ട കലാ പ്രദര്‍ശനത്തിന് ചമയം ഇട്ടുകൊടുത്ത പരിചയസമ്പന്നതയില്‍ ഇന്നും വേദികളില്‍ നിന്ന് വേദികളിലേക്ക് പ്രയാണമാണ് ഇദ്ദേഹം. ആധികാരികമായി മേക്കപ്പ് ചെയ്യാന്‍ പഠിച്ചിട്ടില്ലെങ്കിലും കണ്ട് പഠിച്ച് ചമയമൊരുക്കലില്‍ ഒന്നാമതായി മാറുകയായിരുന്നു ഡേവീസേട്ടന്‍.
ക്രിസ്തുമസിനോടനുബന്ധിച്ച് തൃശൂരില്‍ നടന്ന ബോണ്‍ നത്താലയില്‍ ടാബ്ലോയില്‍ മേക്കപ്പ് ചെയ്യുന്നത് വര്‍ഷങ്ങളായി ഡേവീസേട്ടനാണ്. എല്‍തുരുത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ പോള്‍ മാഷ് കുട്ടികള്‍ക്ക് മേക്കപ്പ് ചെയ്യുന്നത് ഒളിഞ്ഞു നിന്ന് കണ്ടു. പിറ്റേന്ന് സ്‌കൂളില്‍ ആദ്യമെത്തി കഴിഞ്ഞ ദിവസം മേക്കപ്പിന് ശേഷം പോള്‍മാഷ് ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ ശേഖരിച്ച് സ്വയം മേക്കപ്പ് ചെയ്തു നോക്കി. സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിന് നാടകം കൊണ്ടു പോകുന്ന കൂട്ടത്തില്‍ നാടകത്തിന് മേക്കപ്പ് ചെയ്‌തോളാമെന്നേറ്റ് കൊച്ചു ഡേവീസും എന്‍.എസ്.എസ് ക്യാമ്പിന് പോയി നാടകത്തിന് മേക്കപ്പിട്ട് അങ്ങനെ മേക്കപ്പ്മാനായി. പൂങ്കുന്നം സീതാറാം മില്ലില്‍ ജോലിക്കെത്തിയപ്പോള്‍ അവിടെ ജോലിചെയ്തിരുന്ന പൂങ്കുന്നം പള്ളിയില്‍ കുമാര്‍ അന്ന് തൃശൂരിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. അദ്ദേഹമാണ് ഡേവിസിന്റെ മേക്കപ്പിലെ ഗുരുനാഥന്‍. കുമാരന്റെ കൂടെ മേക്കപ്പിന് ഫൗണ്ടേഷന്‍ ഇട്ട് കൊടുത്തുന്ന ദൗത്യമായിരുന്നു ഡേവിസിന്. നൃത്തത്തില്‍ കണ്ണെഴുത്തിനാണ് ഏറെ പ്രാധാന്യം. ഡേവീസ് ഇന്നും ഓര്‍ക്കുന്നു. ചിന്മയമിഷനിലെ വിദ്യാര്‍ത്ഥികളുടെ പരിപാടിക്ക് മേക്കപ്പ് ഇട്ടുകൊണ്ടിരിക്കേ കണ്ണെഴുതാനുള്ള ബ്രഷ് എടുത്തു കൊടുത്ത് ഭരതനാട്യത്തിനുള്ള കണ്ണെഴുതിച്ചത് പള്ളിയില്‍ കുമാരേട്ടനാണെന്ന് പറയുമ്പോള്‍ ഗുരുനാഥനോടുള്ള നന്ദിയും സ്‌നേഹവും ഡേവീസേട്ടന്റെ ശബ്ദത്തില്‍ നിറഞ്ഞു.
![](https://taniniram.com/wp-content/uploads/2025/01/davis-2-1024x584.jpg)
ഡേവീസ് മേക്കപ്പിട്ട പലരും ഇന്ന് പ്രശസ്തരായിട്ടുള്ളവരുണ്ട്. സിനിമാതാരങ്ങളായ ഭാവന, ഗോപിക എന്നിവരടക്കം ഇന്നും നൃത്തരംഗത്തുള്ളവരും ഡേവീസിന്റെ ചമയത്തിന്റെ നൃത്ത സൗന്ദര്യം അറിഞ്ഞവരാണ്. ഓണത്തിന് കുമ്മാട്ടികള്‍ക്കും ടാബ്ലോയില്‍ അണിനിരക്കുന്നവര്‍ക്കും ഡേവിസ് തന്നെ വേണം മേക്കപ്പ് ചെയ്യാന്‍. ഡേവിസിന്റെ മകന്‍ വിപിനും നല്ലൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ഉല്‍സവ സീസണ്‍ ആയപ്പോള്‍ വേദികളില്‍ നിന്നും വേദികളിലേക്ക് തിരിക്കിട്ട ഷെഡ്യൂള്‍ ആണ് ഡേവിസിന്. ഒരു കുട്ടിയെ മേക്കപ്പിട്ട് അണിയിച്ചൊരുക്കുന്നതിന് ഇന്ന് വലിയ തുക ആവശ്യപ്പെടുന്ന പോള്‍ ഡേവിസ് തുച്ഛമായ തുകവാങ്ങി ചമയമിട്ടു കൊടുക്കുന്നത് രക്ഷിതാക്കള്‍ക്കും ആശ്വാസമാണ്. ഈശ്വരന്റെ അനു?ഗ്രഹമാണ് തന്റെ ഈ കഴിവെന്ന് വിശ്വസിക്കുകയാണ് ഡേവിസ്. മുഖചമയമണിഞ്ഞ നര്‍ത്തകി ചിലങ്കയണിഞ്ഞ് മനോഹരമായി നൃത്തം ചെയ്യുന്നതാണ് തന്റെ മനസ്സിന്റെ ആത്മസംപ്തൃപ്തിയെന്ന് ഡേവീസേട്ടന്‍.