സന്തോഷം ഒരു തിരഞ്ഞെടുപ്പാകുമ്പോൾ…

Written by Taniniram1

Updated on:

നമ്മുടെയൊക്കെ ജീവിതത്തിലെ പ്രധാന ലക്ഷ്യം എന്താണ്? എല്ലാവരുടേയും മനസ്സിൽ ആദ്യം കയറി വരുന്ന ഉത്തരം സന്തോഷത്തോടെ ജീവിക്കുക എന്നതാവാം. എത്ര തന്നെ ശ്രമിച്ചാലും സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല എന്നതാണ് സങ്കടമെന്നും അവർ അതിന്റെ കൂടെ കൂട്ടിച്ചേർക്കും.

സന്തോഷം എന്നത് ഒരു മാനസികാവസ്ഥയാണ്. നമ്മൾ കാര്യങ്ങൾ എങ്ങനെ വീക്ഷിക്കുന്നുവോ അതിനനുസരിച്ചാണ് ജീവിതത്തിൽ സന്തോഷം സാധ്യമാകുന്നത്. ഭാരതീയ തത്വചിന്തകർ തൊട്ട് അരിസ്റ്റോട്ടിൽ വരെ പലരും സന്തോഷത്തെ നിർവ്വചിച്ചിട്ടുണ്ട്.സ്വന്തം സ്വത്വം തിരിച്ചറിയുകയും നമ്മുടെ കഴിവുകൾക്ക് അനുസരിച്ച് ജീവിക്കുകയും, അവനവനും അന്യന്മാർക്കും നല്ലത് മാത്രം ചെയ്യുകയും ചെയ്താൽ ജീവിതം സന്തോഷഭരിതമാകും എന്നാണ് അവരുടെ അഭിപ്രായം. ഇങ്ങനെയൊക്കെ സന്തോഷത്തെ പലരും നിർവ്വചിച്ചെങ്കിലും സന്തോഷം എന്നത് നമ്മൾ സ്വയം കണ്ടെത്തേണ്ടതു തന്നെയാണ്.

പണവും ഭൗതീകസന്തോഷങ്ങളും ജീവിതത്തിൽ സാധിച്ചാൽ സന്തോഷം ലഭിക്കുമോ ? ഈ ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അങ്ങനെയാണെങ്കിൽ പണക്കാരെല്ലാം സന്തോഷവാൻമാരാകണ്ടേ? അവിടെയാണ് ‘റിച്ചാർഡ് ഈസ്റ്റർ’ രൂപപ്പെടുത്തിയ സന്തോഷ സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ നാം തിരിച്ചറിയേണ്ടത്. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നതോടെ ദരിദ്രരാജ്യങ്ങളിലെ ജനങ്ങൾ സന്തോഷവാന്മാരാകുന്നു എന്ന കാര്യം അദ്ദേഹം കണ്ടെത്തി.എന്നാൽ അതിനുശേഷം പണം ലഭിക്കുമ്പോൾ അവരുടെ സന്തോഷം വർദ്ധിക്കുന്നില്ലെന്നും പഠനത്തിൽ നിന്നും അദ്ദേഹം വ്യക്തമാക്കി. പൂന്താനം പറഞ്ഞ പോലെ പത്തു കിട്ടിയാൽ നൂറിനും ആയിരത്തിനും ആഗ്രഹം ഉണ്ടാവും.അങ്ങനെ ആഗ്രഹം കൂടുംതോറും ആനന്ദം കണ്ടെത്താനാവാതെ വരുന്നു.

പണമല്ല സന്തോഷത്തിന്റെ അടിസ്ഥാനഘടകമെന്ന് ഉറച്ച് വിശ്വസിച്ചാലും ഒരു കൂട്ടം മനുഷ്യർ അത് തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നു. അവിടെയാണ് ഹാപ്പിനോമിക്സ് എന്ന വാക്കിനെ അവർ പരിചയപ്പെടുത്തുന്നത്. ഹാപ്പിനെസ്സിനെ ഇക്കണോമിക്സുമായി കൂട്ടിച്ചേർത്ത് ചിലരുണ്ടാക്കിയ പദമാണ് ഇത് .ഇക്കണോമിക്സ് ആണ് ഹാപ്പിനെസ്സിന്റെ അടിസ്ഥാനമെന്ന് അവർ അടിയുറച്ച് വിശ്വസിക്കുന്നു.

മനുഷ്യർ സന്തോഷം കണ്ടെത്തുന്ന വഴികൾ പലതും വ്യക്തിപരമാണ്. ചിലർക്ക് ഇഷ്ടപ്പെട്ട ജോലിയോ ഹോബിയോ പ്രണയമോ യാത്രയോ ആകാം.മനസ്സിൽ സമാധാനവും സംതൃപ്തിയും അനുഭവപ്പെടുകയും ദുഃഖം പോലുള്ള വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനുമായാൽ ഒരു പരിധിവരെ നമുക്ക് സന്തോഷവാനാകാം.നെഗറ്റീവ് ചിന്തകളെ കളയാനും ധ്യാനം, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവയിലൂടെയും ശുഭാപ്തി വിശ്വാസമുള്ള ആളുകളുമായി ഇടപെടുന്നതിലൂടെയും നമുക്ക് സന്തോഷത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. ഇവിടെയാണ് സന്തോഷം ഒരു തെരെഞ്ഞെടുപ്പാക്കുന്നത്.

സന്തോഷം കണ്ടെത്തിയാൽ അത് പങ്കുവയ്ക്കുന്നതിലൂടെ പുതിയ ആശയങ്ങളേയും അനുഭവങ്ങളേയും ഉൾകൊള്ളാൻ സാധിക്കുന്നു. ഒരു മെഴുകുതിരിയിൽ നിന്ന് ആയിരക്കണക്കിന് മെഴുകുതിരികൾ കത്തിക്കാം. മെഴുകുതിരിയുടെ ആയുസ്സ് ഒരിക്കലും കുറയുന്നില്ല. അങ്ങനെ സന്തോഷം പങ്കുവയ്ക്കപ്പെടുന്നതിലൂടെ ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു. അതിലൂടെ നമ്മളോരുരുത്തരും.

താര അതിയടത്ത്

Leave a Comment