ധനുമാസത്തിലെ തിരുവാതിര : കേരളീയ വനിതകളുടെ വസന്തോത്സവം

Written by Taniniram

Published on:

ജ്യോതിരാജ് തെക്കൂട്ട്

ധനുമാസത്തിലെ തിരുവാതിര നാള്‍ ഏഴര വെളുപ്പിന് കുളിച്ച് കുറിത്തൊട്ട് വിളക്ക് കത്തിച്ചു കൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. തൃത്തം വെച്ചും ഊഞ്ഞാലാടിയും ആഹ്‌ളാദിക്കുന്നു. പരമശിവന്റെ തിരുനാളാണ് തിരുവാതിര എന്നാണ് വിശ്വാസം. ധനുമാസത്തിലെ തിരുവാതിരയ്ക്ക് വളരെയധികം പ്രത്യേകതകളും, വ്രതങ്ങളില്‍ അതീവപ്രാധാന്യവും തിരുവാതിര വ്രതത്തിനുണ്ട്. തന്നില്‍ ശിവന് പ്രണയം വര്‍ദ്ധിക്കാന്‍ പാര്‍വതി അനുഷ്ഠിച്ച വ്രതത്തെ അനുകരിച്ച് കേരളത്തിലെ സ്ത്രീകളും വ്രതം ആചരിക്കുന്നു എന്ന് തിരുവാതിരയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. ശ്രീ പരമേശ്വരനെ ഭര്‍ത്താവായി ലഭിച്ചതിന്റെ ആഹ്‌ളാദത്തില്‍ പാര്‍വതി ദേവി വനത്തില്‍ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങള്‍ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും ഊഞ്ഞാലാടിയും ആനന്ദിച്ചതിന്റെ ഓര്‍മ്മ പുതുക്കലായും മകയിരവും തിരുവാതിര നാളും ചേര്‍ന്ന രാവില്‍ തിരുവാതിര ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു. തന്നില്‍ ശിവന് കാമം വര്‍ദ്ധിക്കാന്‍ പാര്‍വതി അനുഷ്ഠിച്ച വ്രതാനുഷ്ഠാനങ്ങളെ പിന്‍തുടര്‍ന്ന് കാമദഹനഫലമായി വികാരവിഹീനരായിത്തീര്‍ന്ന ശിവനെ പ്രാര്‍ത്ഥിക്കുകമൂലം ശിവന്‍ കാമദേവനെ പുനര്‍ജ്ജീവിപ്പിച്ചുവെന്നും , തിരുവാതിരനാളില്‍ പുനര്‍ജ്ജനിച്ച കാമദേവന്റെ ഓര്‍മ്മയ്ക്ക് സ്ത്രീകള്‍ ആ ദിവസം ആഘോഷിക്കുന്നുവെന്നുമാണ് മറ്റൊരു കഥ.

ക്ഷേത്ര ദര്‍ശനത്തിന് അതീവ പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കള്‍ക്കുവേണ്ടിയും, തിരുവാതിര വ്രതം ഭര്‍ത്താവിനു വേണ്ടിയുള്ളതാണ്. കുടുംബ ഐശ്വര്യം , ഇഷ്ട വിവാഹം ദീര്‍ഗ്ഗായുസ് രോഗമുക്തി അഭിവൃദ്ധി തുടങ്ങി അനേകം ഗുണതളുണ്ട് ഈ വ്രതത്തിന് എന്നാണ് വിശ്വാസം. വിവാഹശേഷം ദമ്പതികളുടെ ആദ്യത്തെ തിരുവാതിര ആഘോഷം പൂത്തിരുവാതിര അഥവാ പുത്തന്‍ തിരുവാതിര എന്നറിയപ്പെടുന്നു. തിരുവാതിര വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ ദശപുഷ്പങ്ങള്‍ ചൂടിയാലെ പൂര്‍ണ വ്രതം ലഭിക്കൂ എന്നാണ് വിശ്വാസം. കറുക, വിഷ്ന്നു ക്രാന്തി, മുക്കൂറ്റി പൂവാം കുരുന്നില, നിലപ്പന, കയ്യൂന്നി, ഉഴിഞ്ഞ, മുയല്‍ചെവിയന്‍, ചെറൂള, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങള്‍.

ആര്‍ദ്രാ ജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടല്‍ ചടങ്ങുകളും രാത്രിയിലാണ് നടത്തേണ്ടത്. തിരുവാതിര ആഘോഷിക്കേണ്ടത് മകയിരം കഴിഞ്ഞ് പിറ്റേന്ന് തിരുവാതിര ദിവസവുമാണ്. മകയിര സന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയ്യാറാക്കുന്നത്. അന്ന് വീട്ടു പറമ്പുകളില്‍ നിന്നും പറിച്ചെടുത്ത കിഴങ്ങുവര്‍ഗങ്ങള്‍ ചേന, ചേമ്പ്, ചെറുകിഴങ്ങ് കൂര്‍ക്ക കാച്ചില്‍ എത്തക്കായ വന്‍പയര്‍, ശര്‍ക്കര എന്നിവ കൊണ്ട് തയ്യാറാക്കിയതാണ് എട്ടങ്ങാടി നിവേദ്യം. സ്ത്രീകളുടെ ആ ദിവസത്തെ മുഴുവന്‍ ഭക്ഷണവും ഈ പുഴുക്കലാണ്. കൂവ കുറുക്കി കുടിക്കുന്നതും ചിലയിടത്ത് പതിവുണ്ട്. അതുപോലെ നൂറ്റെട്ട് വെറ്റില നേദിച്ച് ഭര്‍ത്താവും ഭാര്യയും കൂടെ തിരുവാതിരനാളില്‍ കഴിച്ചു തീര്‍ക്കുന്ന ഏര്‍പ്പാടും ഉണ്ട്. ഇതെല്ലാം പ്രാദേശികമായി പലയിടത്തും വ്യത്യാസപ്പെട്ടിരിക്കാം. പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകള്‍ രാത്രിയില്‍ ഏതെങ്കിലുമൊരു തറവാട്ടുമുറ്റത്ത് ഒത്തു കൂടുമായിരുന്നു .ഇന്നത് ശിവപാര്‍വതി പ്രാധാന്യമുള്ള ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങി.

See also  പൂരമാണ്…. വരൂ….. ചായ കുടിക്കാം….!!!!

Leave a Comment