“നടുന്ന നാരകച്ചെടികൾ നമ്മുടെ ജീവിതകാലത്ത് തന്നെ കായ്ക്കണമെന്ന് എന്താണ് ഇത്ര വാശി”. ‘നാരങ്ങയുടെ ഉപമ’ എന്ന കഥയിലെ നമ്മെ ഏറ്റവും ചിന്തിപ്പിക്കുന്ന വരികളാണിത്.ഒന്നിനും സമയമില്ലെന്ന് വിലപിച്ച് ജീവിക്കാനെന്ന പേരിൽ നെട്ടോട്ടമോടുന്ന ഇന്നത്തെ സമൂഹത്തോടുള്ള മുന്നറിയിപ്പ് എന്നോണം കഥയും കഥാപാത്രങ്ങളും വായനക്കാരനിലേക്ക് ഇറങ്ങിചെല്ലുന്നു.ഇങ്ങനെ വായനക്കാരനെ കൂടെ കൂട്ടുന്ന ലളിതമായ കഥാകഥന രീതിയും ഭാഷയുടെ മനോഹാരിതയും കൊണ്ട് ഈ സന്തോഷ് കുമാർ എന്ന എഴുത്തുകാരൻ എന്നോ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ‘നാരകങ്ങളുടെ ഉപമ’ എന്ന പുസ്തകം വായിച്ചു കഴിഞ്ഞതും മനസ്സ് ഉറപ്പിച്ചതാണ്, ഈ പുസ്തകം നിരവധി പുരസ്കാരങ്ങളാൽ സമ്പന്നമാകുന്ന അപൂർവ്വ കഥാ സമാഹാരമാവുമെന്ന് .
പുരസ്കാരങ്ങൾ ലഭിക്കുന്നവർക്കും അത് ശ്രവിക്കുന്നവർക്കും ഒരുപോലെ നിറവാണെന്ന് പറയുന്നതു പോലെ ഏതൊരു വായനക്കാരനും സന്തോഷം നിറയ്ക്കുന്നതു തന്നെയാണ് ഈ അവാർഡ്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനാറാമത് ബഷീർ സാഹിത്യ പുരസ്കാരം ഈ സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറുകഥാസമഹാരത്തിന് ലഭിച്ചിരിക്കുന്നു.50,000 രൂപയും പ്രശസ്തിപത്രവും സി.എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.നിസ്സംഗതയും നിസ്സഹായതയും അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിന്റെ കഥകളാണ് ഈ പുസ്തകം പറയുന്നത്.
ജീവിതത്തിന്റെ ആകസ്മിക വ്യവഹാരമണ്ഡലങ്ങളിൽ അകപ്പെട്ടു പോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്ക് പോലെ ചില വ്യക്തി ബന്ധങ്ങളുടെ നിഴലുകളിൽ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവലം മനുഷ്യരുടെ കഥകളാണ് നാരകങ്ങളുടെ ഉപമ. പരുന്ത്, സിനിമാ പറുദീസ, നാരകങ്ങളുടെ ഉപമ വാവ ,രാമൻ – രാഘവൻ തുടങ്ങിയ ആറോളം കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
മലയാളത്തിലെ ഉത്തരാധുനിക ചെറു കഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാലോളം നോവലുകളും രചിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിൽ തന്റേതായ ഭാഷ കൊണ്ട് ചരിത്രം സൃഷ്ടിച്ച ബേപ്പൂർ സുൽത്താന്റെ ജന്മനാളായ ജനുവരി 21നാണ് അവാർഡ് ദാന ചടങ്ങ് .ഇ. സന്തോഷ്കുമാറിൽ നിന്നും നിരവധി മലയാള സാഹിത്യത്തെ പൂർണ്ണമാക്കുന്ന രചനകൾ ഇനിയും എഴുതപ്പെടട്ടെ … വായനയുടെ വസന്തം തീർത്തുകൊണ്ട് വായനക്കാർ നിറയട്ടെ ….
താര അതിയടത്ത്