ധീരസൈനീകരുടെ ഓർമ്മയിൽ രാജ്യം ഇന്ത്യക്ക് ഇത് എഴുപത്താറാം കരസേനാദിനം

Written by Taniniram1

Published on:

“നിങ്ങൾ വീട്ടിൽ സമാധാനത്തോടെ ഉറങ്ങൂ, ഇന്ത്യൻ സൈന്യം അതിർത്തികൾ കാക്കുന്നു’ ​​

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തി രാജ്യം ഇന്ന് 76-ാം കരസേനാ ദിനം ആചരിക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് ഈ ഉദ്ധരണിയാണ്. പിറന്ന മണ്ണിനെ നെഞ്ചോടു ചേർത്തുനിർത്തുന്ന ജവാൻമാർ നമ്മിൽ ഉണർത്തുന്ന രാജ്യസ്നേഹവും ദേശഭക്തിയും ചെറുതല്ല. അപ്പോൾ രാജ്യം, ഭാഷ, സംസ്കാരം എന്നിവ ഓരോ മനുഷ്യന്റേയും വൈകാരികതയായി മാറുന്നു.

1895 ഏപ്രിൽ ഒന്നിനാണ് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി ബ്രിട്ടീഷ് ഇന്ത്യൻ കരസേന സ്ഥാപിതമായത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതോടെ1949 ജനുവരി 15-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കരസേന മേധാവിയായി ജനറൽ കെ.എം കരിയപ്പ അധികാരമേറ്റു. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻചീഫിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനമേറ്റത്.1947 ലെ ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിലെ കരിയപ്പയുടെ പങ്ക് ചെറുതായിരുന്നില്ല. കർണ്ണാടക സ്വദേശിയായ കരിയപ്പയുടെ സൈനീക ജീവിതം മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നു. രാജ്യത്തിനു വേണ്ടി ബലിയർപ്പിച്ച സൈനികർക്ക് ആദരമർപ്പിക്കുന്ന ദിനം കൂടിയാവുന്നു ഇത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യൻ കരസേന .ദേശീയ സുരക്ഷയും ഐക്യവും ഉറപ്പുവരുത്തുക , ബാഹ്യ ആക്രമങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക, അതിർത്തികൾക്കുള്ളിൽ നിന്ന് സമാധാനവും സുരക്ഷയും നിലനിർത്തുക എന്നിവയൊക്കെയാണ് ഇന്ത്യൻ കരസേനയുടെ ലക്ഷ്യം.ഈ ദിവസം രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും സാനിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. ഈ വർഷം ലക്നൗവിൽ ആണ് കരസേന ദിനത്തോടനുബന്ധിച്ചുള്ള സൈനിക പരേഡ് നടക്കുന്നത്.

‘സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം ‘ ഇതാണ് ദേശബോധം ഉണർത്തുന്ന ഓരോ സൈനികരുടേയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. നാമെല്ലാവരും ദേശസ്നേഹം നെഞ്ചിലേറ്റിക്കൊണ്ട് നമ്മുടെ ത്രിവർണ്ണ പതാകയെ സല്യൂട്ട് ചെയ്യുമ്പോൾ, ദേശീയ ഗാനം ആലപിക്കുമ്പോൾ, ഇന്ത്യൻ കരസേനാ ദിനമെന്നത് ഓരോ ഇന്ത്യൻ പൗരന്റേയും ദിനമാകുന്നു. ജനിച്ച മണ്ണിനെ പ്രണയിച്ചവന്റെ ദിനമാകുന്നു.

താര അതിയടത്ത്

See also  ഭി - കെ ( ബ്രാൻഡ് ) അരി; 'രാഷ്ട്രീയ വിപണി' ആര് കീഴടക്കും, ഏത് കലത്തിൽ അരി തിളയ്ക്കും, ചർച്ച ചൂടുപിടിക്കുന്നു

Related News

Related News

Leave a Comment