സ്വയമെരിഞ്ഞ് വെളിച്ചമാകുന്ന ”പരസഹായം” അനിൽകുമാർ

Written by Taniniram1

Updated on:

പൊതുസേവനത്തിൽ തന്റേതായ വൃക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീ അനിൽ കുമാർ. ഒരു തവണ പരിചയപെടുന്നവർ പിന്നൊരിക്കലും മറക്കാത്ത മുഖം. അഭിഭാഷകനായ മുരളി സി എസിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ:

” ഞാൻ 2019 ൽ മോട്ടോർ വാഹന വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തശേഷം അഭിഭാഷകനായി വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുവാൻ തുടങ്ങിയ കാലം മുതൽക്കാണ് ശ്രീ അനിൽ കുമാറിനെ എനിയ്ക്ക് നേരിട്ടുള്ള പരിചയം. ഓടി നടന്ന് കാര്യങ്ങൾ കൃത്യമായും ഉത്തരവാദിത്വത്തോടു കൂടിയും ചെയ്തിരുന്ന അനിൽ കുമാറിനെ അടുത്തറിഞ്ഞപ്പോൾ എന്റെയുള്ളിലെ സൗഹൃദം ഒരു ആരാധനയിലേയ്ക്ക് വളരുകയായിരുന്നു.

കോടതിയിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി നോക്കുന്നതിന് മുമ്പ് തന്നെ സ്റ്റേറ്റ് റിമോട്ട് സെൻസിങ്ങ് സെന്ററിൽ ഫീൽഡ് അസിസ്റ്റന്റ് ആയി പത്ത് വർഷം സേവനമനുഷ്ഠിച്ചതിലൂടെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുമായി അടുത്തിടപഴകിയപ്പോൾ ലഭിച്ച അനുഭവ സമ്പത്ത് അനിലിന്റെ സേവന പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നൽകിയെന്നു വേണം കരുതാൻ.

കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരുമായുള്ള ഇടപെടലുകളിലൂടെ ലഭിച്ച അച്ചടക്കവും കൃത്യതയും സൂക്ഷ്മതയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സേവന പ്രവർത്തനങ്ങൾക്ക് ശരിയായ ഊടുംപാവും നൽകിയിട്ടുണ്ടാവണം. കോടതിയിൽ നിന്നും തൊഴിലിന്റെ പുതിയ മേച്ചിൽ പുറങ്ങളിലേയ്ക്ക് നീങ്ങി അനിൽ ഇപ്പോൾ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിലും ഇൻഡ്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലെ ഫിനാൻഷ്യൽ അഡ്വൈസർ ജോലിയിലേയ്ക്കും എത്തി നിൽക്കുന്നു.

ജീവിതത്തിന്റെ ഓരോ വഴിത്തിരിവുകളിലും മാനവ സേവ തന്നെ മാധവ സേവ എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചു കൊണ്ട് കഴിഞ്ഞ പതിനാറ് വർഷമായി ശ്രീ അനിൽകുമാർ ഇപ്പോഴും തന്റെ സേവാ പ്രവർത്തനങ്ങൾ തുടരുകയാണ് , ഏകനായി …, ഒരു ഒറ്റയാൾ പട്ടാളമായി…..!

ഞായറാഴ്ച ഉൾപ്പെടെയുള്ള എല്ലാ അവധി ദിനങ്ങളിലും സുമനസ്സുകളുടെ അഭ്യർത്ഥന പ്രകാരമുള്ള മറ്റ് ദിവസങ്ങളിലും വൈകീട്ട് ഗവ. ഫോർട്ട് ആശുപത്രിയിൽ എത്തി പിറ്റേന്നത്തെ പ്രാതൽ വേണ്ടുന്നവരുടെ ലിസ്റ്റ് എടുത്ത് ടോക്കൺ കൊടുത്ത് രാവിലെയും ചിലപ്പോൾ വൈകീട്ടും കൃത്യമായി ആഹാരം എത്തിയ്ക്കുന്ന യജ്ഞം അനവരതം, അഭംഗുരം ഇപ്പോഴും ഭംഗിയായി നടത്തുന്നതിന് സഹധർമ്മിണിയേകുന്ന പിന്തുണ ചെറുതൊന്നുമല്ല.

പുനരുപയോഗയോഗ്യമായ വസ്ത്രങ്ങൾ കഴുകിയുണക്കി തേച്ച് മടക്കിയത് ശേഖരിച്ച് അർഹതപ്പെട്ട അഗതികളുടെ കൈകളിൽ എത്തിയ്ക്കുവാനുള്ള ശ്രമകരമായ തപസ്സിൽ ശ്രീ അനിലിന് പലപ്പോഴും കൂട്ടാകുന്നത് സേവന തൽപരരായ സമാന ചിന്താഗതിയുള്ള സഹൃത്തുക്കളുടെ പിൻബലമാണ്.

കുടുംബങ്ങളിൽ വിശേഷാവസരങ്ങളിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം ഈ സമൂഹത്തിലെ അഗതികൾക്കു കൂടി ഉപയോഗപ്പെടേണ്ടതാണ് എന്ന അത്യുദാത്തമായ സാമൂഹ്യ കാഴ്ചപ്പാടിൽ ശ്രീ അനിൽ സേവനങ്ങൾ നടത്തുമ്പോൾ ഇതിന്റെ പിന്നിലുള്ള ചിന്തയും ഭാവനയും പ്രേരണയും കുട്ടിക്കാലത്ത് സ്വന്തം അമ്മാവൻ അഗതികളായവർക്ക് വീടിന് ഓല കെട്ടി മേഞ്ഞു കൊടുത്തിരുന്നത് പോലെയുള്ള നിരവധി പുണ്യ കാര്യങ്ങൾ കണ്ട് വളർന്നതു തന്നെയാണ്. ആനയറ സ്വദേശിയായ ശ്രീ അനിലിന്റെ സേവന പാരമ്പര്യത്തിൽ തദ്ദേശീയർക്കും അഭിമാനിയ്ക്കാൻ വകയുണ്ട്.

ഈ നാട്ടിലെ പത്രങ്ങൾ അനിൽ കുമാറിന്റെ സേവന മലരുകളെ കൂടുതൽ തെളിച്ചമുള്ളതാക്കി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുള്ളത് തന്നെയാണ് എല്ലാത്തിന്റെയും നേർസാക്ഷ്യങ്ങൾ. അന്നവും വസ്ത്രവും നൽകിക്കൊണ്ട് സേവനപാതയിലുള്ള ഇത്തരം യജ്ഞങ്ങളെ കാണുമ്പോൾ ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകത്തിലെ ഈരടികളാണ് മനസ്സിൽ തെളിയുന്നത്.
” അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു –
തന്നെ ഞങ്ങൾക്കു തമ്പുരാൻ”

ഇനിയുമിനിയും ഇതേ പാതയിൽ മുന്നേറി അശരണർക്ക് ആലംബമാകുവാൻ ശ്രീ അനിൽ കുമാറിന് ജഗദീശ്വരൻ കരുത്ത് നൽകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.”

മൊബൈൽ നമ്പർ 9495917830
വാട്ട്സ്ആപ്പ് നമ്പർ 80899 50 590

Leave a Comment