‘മരുഭൂമിയിൽ മരുപ്പച്ച തേടുന്നു ‘ എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. അത് യാഥാർത്ഥ്യമാക്കുകയാണ് വടക്കാഞ്ചേരി കുമരനല്ലൂർ സ്വദേശിയായ മേലെമ്പാട്ട് കളപ്പുരയിൽ രാജഗോപാൽ. ഖത്തറിൽ പയനിയർ കോൺട്രാക്ടിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഖത്തറിൽ അറിയപ്പെടുന്നത് മികച്ച കർഷകൻ എന്നു കൂടിയാണ്.
രാജഗോപാൽ തന്റെ ഫ്ലാറ്റിന് ചുറ്റും പച്ചക്കറി കൃഷിയുടെ ഹരിതാഭയാണ്. വിളഞ്ഞു കിടക്കുന്ന മത്തനും, പടവലവും, പപ്പായയും, കപ്പയും എല്ലാം സ്വന്തം നാടിനെ ഓർമ്മിപ്പിക്കും വിധം മനം നിറയ്ക്കുന്ന കാഴ്ചകളാണ്. ഏതൊരു മലയാളിയെ പോലെ കൃഷി ഒരു വികാരമായി മനസ്സിലും പ്രവർത്തിയിലും ഒപ്പം ചേർക്കുന്ന ഹൃദയത്തിന്റെ ഉടമ കൂടിയാണ് രാജഗോപാൽ.
നാട്ടിൽ പാരമ്പര്യമായി നെൽകൃഷി ചെയ്തുവന്നിരുന്ന കുടുംബമാണ് രാജഗോപാലിന്റെ. കുമരനെല്ലൂരിൽ രണ്ട് ഏക്കർ നെൽകൃഷിയും ഒരു ഏക്കറിൽ വിവിധങ്ങളായ പച്ചക്കറി കൃഷിയും ചെയ്തു വരുന്നുണ്ട് ഇദ്ദേഹം. 25 വർഷമായി നാട്ടിൽ പാരമ്പര്യ ശൈലിയിൽ തന്നെയാണ് നെൽകൃഷി ചെയ്തു വരുന്നത്. ഖത്തറിലേക്ക് ജീവിതം പറിച്ചു നട്ടപ്പോഴും കൃഷി എന്ന വികാരം മാറ്റിവയ്ക്കപ്പെടാൻ രാജഗോപാലിനായില്ല. തന്റെ ഫ്ലാറ്റിന് ചുറ്റും മണ്ണുള്ള സ്ഥലങ്ങളിലെല്ലാം നാട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറി വിത്തുകൾ പാകി നട്ടു നനച്ചു കായ് ഫലം കിട്ടുന്നത് തന്നെ വലിയ സന്തോഷമാണെന്ന് രാജഗോപാൽ പറയുന്നു.
ഓണത്തിന് ഖത്തറിൽ തന്റെയൊപ്പം ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കൾക്ക് ഖത്തറിൽ തന്നെ വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറി കൊണ്ടുള്ള സദ്യയും നൽകി നാടിന്റെ തനതോണരുചി പകർന്നുനൽകാനും രാജഗോപാലിനു കഴിയുന്നു.
അവധിക്ക് നാട്ടിൽ എത്തുമ്പോൾ ഗ്രാമത്തിലെ ഉത്സവങ്ങളിലും കലാപ്രവർത്തനങ്ങളിലും പങ്കാളിയാണ് രാജഗോപാൽ. മികച്ച പ്രവാസി കർഷകനുള്ള അവാർഡും നാട്ടുകാർ രാജഗോപാലിന് നൽകിയിട്ടുണ്ട്. രാജഗോപാലിന്റെ കാർഷിക പ്രയത്നങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കാൻ ഭാര്യ രമ്യയും എം ബി എ ബിരുദധാരിയായ മകൻ അഭിഷേകും മകൾ അഞ്ജലിയും ഉണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം കലർന്ന പച്ചക്കറികൾ കഴിച്ച് ദിനംപ്രതി രോഗികളായി മാറിക്കൊണ്ടിരിക്കുന്ന നാം ഓരോരുത്തരും മാതൃകയാക്കേണ്ടുന്ന ഒരു വ്യക്തിത്വം തന്നെയാണ് രാജഗോപാലിന്റെ. യാന്ത്രികമായി പോകുന്ന ജീവിതത്തിൽ കൃഷിയിൽ ആത്മനിർവൃതി തേടുകയാണ് രാജഗോപാൽ.
–കെ. ആർ. അജിത