മലയാളത്തിന്റെ കസ്തൂരി സുഗന്ധത്തിന് 84ന്റെ പിറന്നാൾ മധുരം

Written by Taniniram1

Updated on:

കെ. ആർ. അജിത

കസ്തൂരി മണക്കുന്നല്ലോ കാറ്റേ…. നീവരുമ്പോൾ….
എന്ന ഗാനത്തിന്റെ സുഗന്ധം ഇന്നും മാറാതെ നിൽക്കുകയാണ് മലയാളത്തിന്റെ ചലചിത്ര ഗാനശാഖയിൽ. മാധുര്യമൂറുന്ന ഒട്ടനേകം ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച കാവ്യ ഭാവുകത്തിന്റെ ശ്രീകുമാരൻ തമ്പി. ” ആ നിമിഷത്തിന്റെ നിർവൃതിയിൽ.,… ” എന്ന ഒരൊറ്റ ഗാനം മതി അദ്ദേഹത്തിന്റെ കാവ്യ ഭാവനയുടെ സമ്പുഷ്ടത നമുക്ക് തൊട്ടറിയാൻ. കാളിദാസ കല്പനയോളം എത്തുന്ന രചനാവൈദഗ്ധ്യമാണദ്ദേഹത്തിന്റെത്. ‘ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ…’ എന്ന് പാടിയതതിനാലാണ് അദ്ദേഹത്തിലെ കാവ്യഭാവനയുടെ നൈർമല്യവും ഗ്രാമ്യതയും നമുക്ക് സംവദിക്കാനും ആസ്വദിക്കാനും കഴിയുന്നത്. പറഞ്ഞാല്‍ തീരാത്തത്ര പാട്ടുകളുടെ പ്രണയ ശ്രീകോവിലാണ് ശ്രീകുമാരന്‍ തമ്പി. മലയാളത്തനിമയുടെ പാട്ടുകാരന് ഇന്ന് 84 ന്റെ നിലാവ് തൂവുന്ന പിറന്നാൾ മധുരമാണ് ”മനസ്സിലുണരൂ ഉഷസ്സന്ധ്യയായ് മായാമോഹിനീ സരസ്വതി!…” എന്ന ഗാനം സരസ്വതീദേവിക്കുള്ള അര്‍ച്ചനയായിരുന്നു. ”സ്വര്‍ഗ്ഗനന്ദിനീ സ്വപ്ന വിഹാരിണീ ഇഷ്ടദേവതേ സരസ്വതീ…” എന്നും ”ആയിരമിതളുള്ള താമരപ്പൂവില്‍ അമരുമെന്നമ്മയേ കൈതൊഴുന്നേന്‍…” എന്നും അദ്ദേഹം എഴുതി. ഒരാളുടെ ജീവിതം രൂപപ്പെടുന്നതില്‍ അയാള്‍ ആദ്യം കണ്ടതായി ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ചലച്ചിത്രവും മനസ്സില്‍ ആദ്യമായി സ്ഥാനംനേടുന്ന ചലച്ചിത്രഗാനവും വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അമ്പലത്തിലെ വലിയ ആലിന്റെ കൊമ്പത്ത് നാലുവശത്തേക്കും മുഖം തിരിച്ചുവച്ചിരുന്ന കോളാമ്പിയില്‍ നിന്ന് സ്ഥിരമായി കേട്ട ഒരു പാട്ടുണ്ട്. അതൊരു സിനിമാപാട്ടായിരുന്നുവെന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി.
”ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍-ജനനീ
അടിയന്‍ തൂകുമീ ഹൃദയരാഗം
പൊന്‍പരാഗമായ് അണിയൂ, അണിയൂ ദേവീ…..”

പുലര്‍കാലത്തെ പ്രാര്‍ത്ഥനകള്‍ക്ക് സജീവത നല്‍കിയ വരികളായിരുന്നു അത്. 1978ല്‍ പുറത്തിറങ്ങിയ ഏതോ സ്വപ്നം പോലെ എന്ന ചിത്രത്തിലെ ”ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍-ജനനീ…” എന്ന ഗാനം ആരുടെ മനസ്സിനെയും വേഗത്തില്‍ കീഴടക്കുക തന്നെ ചെയ്യും. സലില്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ മനോഹരമായ ആഗാനം പലര്‍ക്കും ജീവിതത്തിന്റെ തന്നെ പ്രാര്‍ത്ഥനാഗാനവുമായത് കവിയുടെ മഹത്വമെന്നല്ലാതെ മറ്റെന്തുപറയാന്‍.
നാല്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശ്രീകുമാരന്‍ തമ്പി ഈ പാട്ടെഴുതുന്നത്. സിനിമാ പാട്ടുകള്‍ വെറും നേരംപോക്കിന് ഉള്ളതല്ല എന്ന നിരീക്ഷണം സിനിമാ സംവിധായകനും നിര്‍മ്മാതാവിനും കാണികള്‍ക്കുമെല്ലാം നിര്‍ബന്ധമുണ്ടായിരുന്ന കാലം. അക്കാലത്തു തന്നെയാണ് നിത്യഹരിതമായി, കാലാതിവര്‍ത്തിയായി ഇന്നും നിലനില്‍ക്കുന്ന നിരവധി നല്ല ചലച്ചിത്രഗാനങ്ങള്‍ പുറത്തിറങ്ങിയത്. പി.ഭാസ്‌കരനും വയലാര്‍രാമവര്‍മ്മയും പിന്നണിഗാനരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടുനിന്നിരുന്ന കാലത്താണ് ശ്രീകുമാരന്‍തമ്പിയും രംഗത്തെത്തുന്നത്. 1966 ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ പാട്ടെഴുതിക്കൊണ്ടായിരുന്നു തുടക്കം.
”മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവന്‍
കരുണാമയനായ് കാവല്‍ വിളക്കായ്
കരളിലിരിക്കുന്നു….”എന്ന സ്വാമിഅയ്യപ്പനിലെ ഗാനം കാലമെത്ര കഴിഞ്ഞാലും മറക്കാനാകുന്നതല്ല. 1975ലാണ് സ്വാമി അയ്യപ്പനെന്ന ചലച്ചിത്രം തീയറ്ററുകളിലെത്തുന്നത്. വന്‍ വിജയം നേടിയ സ്വാമി അയ്യപ്പന്‍ കാലങ്ങളോളം പ്രേക്ഷകരുടെ ഇഷ്ടസിനിമയായി നിലനിന്നു. ഭക്തി മാത്രമായിരുന്നില്ല അതിനു കാരണമായത്. ഭക്തിക്കുമപ്പുറം ചലച്ചിത്രമെന്ന നിലയില്‍ നിലവാരം പുലര്‍ത്തിയ കലാസൃഷ്ടിയായിരുന്നു അത്. ജി.ദേവരാജന്റെ സംഗീത സംവിധാനത്തില്‍ ശ്രീകുമാരന്‍തമ്പിയെഴുതിയ സ്വാമി അയ്യപ്പനിലെ ഗാനങ്ങളായിരുന്നു ചിത്രത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയത്.
പ്രണയവും ദര്‍ശനവും ഭക്തിയും തത്വവുമൊക്കെ നിറച്ച് പാട്ടുകളെഴുതുന്നതിനൊപ്പം ഹാസ്യവും ശൃംഗാരവുമെല്ലാം അദ്ദേഹത്തിന്റെ വരികളെ സജീവമാക്കി. ”അകലെയകലെ നീലാകാശം…, അശോകപൂര്‍ണ്ണിമ വിടരും…., ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…., ആയിരം അജന്താ ചിത്രങ്ങള്‍……., ഇലഞ്ഞിപ്പൂമണമൊഴുകിവരും…., ഉത്രാടപ്പൂനിലാവേ…., ഉത്തരാസ്വയംവരം…., കസ്തൂരി മണക്കുന്നല്ലോ…, ഏഴിലം പാലപൂത്തു…., കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍.., നിന്‍ മണിയറയിലെ…, തൈപ്പൂയക്കാവടിയാട്ടം…., പാടാത്തവീണയും പാടും…, മനസ്സിലുണരൂ ഉഷസന്ധ്യയായ്…, നീലനിശീഥിനി.., മേഘം പൂത്തുതുടങ്ങി…, സ്വന്തമെന്നപദത്തിനെന്തര്‍ഥം…, ഹൃദയവാഹിനീ ഒഴുകുന്നു…, ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…” അങ്ങനെയങ്ങനെ എണ്ണിപ്പറയാന്‍ കഴിയാത്ത എത്രയോ പാട്ടുകള്‍ ശ്രീകുമാരന്‍ തമ്പി നമുക്കു സമ്മാനിച്ചു.
എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും എഴുതുമ്പോഴും സിനിമയായിരുന്നു മോഹം. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി, തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായത്. 22 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ടെലിവിഷന്‍ പരമ്പരകളുടെ രംഗത്തും മുദ്രപതിപ്പിച്ചു.
ലളിതഗാനങ്ങളില്‍ അദ്ദേഹമെഴുതിയതെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും ലളിതഗാനമത്സരവേദികളില്‍ ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിനു സ്ഥാനമുണ്ട്.
”പണ്ടുപാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍
കൊണ്ടുപോകരുതേയെന്‍ മുരളീ
കൊണ്ടുപോകരുതേ….”
നൃത്തശാല എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി രചിച്ച അതീവഹൃദ്യമായ ഒരു ഗാനത്തിന് ശൃംഗാരഭാവമാണ്. ”പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു, സ്വര്‍ണ പീതാംബരമുലഞ്ഞു വീണു…” എന്നെഴുതാന്‍ കഴിയുന്നത് അദ്ദേഹത്തിനു മാത്രമാണ്. ”ആദ്യത്തെ
പ്രണയാതുരമായ ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ തൂലിക നിരവധി ഹാസ്യഗാനങ്ങളും രചിച്ചു. മധുവും ശ്രീവിദ്യയും ജയനും അഭിനയിച്ച് 1978ല്‍ പുറത്തിറങ്ങിയ ‘വേനലില്‍ ഒരു മഴ’യിലെ ഗാനം തന്നെ ഉദാഹരണം. ”അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്…” എന്ന ഗാനം മലയാളിയുടെ മനസ്സിലേക്കു കൊണ്ടുവരുന്നത് രുചിയുടെ വൈവിധ്യങ്ങളാണ്. ഹരിപ്പാട്ടുകാരനായ ശ്രീകുമാരന്‍ തമ്പി ഓണാട്ടുകരയുടെ രുചിഭേദങ്ങളാണ് പറഞ്ഞുതരുന്നത്.
മനസ്സുനിറയെ കവിതയും കഥയും സിനിമയുമായി ശ്രീകുമാരന്‍ തമ്പി ഇപ്പോഴും സജീവമാണ്. പാടാന്‍ മടിക്കുന്ന ഏതുവീണകമ്പിയെയും പാടിക്കാന്‍ പോന്ന സൗകുമാര്യം തുളുമ്പുന്നതാണ് അദ്ദേഹത്തിന്റെ വരികള്‍.
”ദുഃഖമേ…ദുഃഖമേ… പുലര്‍കാലവവ്‌നദനം!
ദുഃഖമേ നിനക്ക് പുലര്‍ക്കാല വന്ദനം
കാലമേ നിനക്കഭിനന്ദനം!
എന്റെ രാജ്യം കീഴടങ്ങീ
എന്റെ ദൈവത്തെ ഞാന്‍ വണങ്ങി…..” തത്വചിന്തയും പ്രണയവും വിരഹവും ഹാസ്യവും എന്നുവേണ്ട എല്ലാ വികാരങ്ങളെയും ലയിപ്പിച്ചു ചേർന്ന കാവ്യ തൂലികയ്ക്ക് ഇനിയും ഒട്ടേറെ ഗാനങ്ങളും കവിതകളും കൊണ്ട് സമ്പന്നമാവാൻ കഴിയട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.

See also  ഉപതിരഞ്ഞെടുപ്പ്: സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

Related News

Related News

Leave a Comment