കൊച്ചി (Kochi) : ഹൈക്കോടതി ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണ മേല്‍നോട്ടം വഹിക്കും. (The High Court has announced a special investigation team into the Sabarimala gold amulet issue. Crime Branch chief ADGP H Venkatesh will oversee the investigation.) വിജിലന്‍സ് മുന്‍ എസ്പി കൂടിയായ എസ് ശശിധരനാണ് അന്വേഷണ ചുമതല. സംഘത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാകും. സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരും സംഘത്തിലുണ്ടാകും. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും, ഒരു വിവരങ്ങളും പുറത്തു പോകരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുരുതര കുറ്റകൃത്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. കേസിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. 1998 ല്‍ ഒന്നര കിലോ സ്വര്‍ണം ശബരിമല ദ്വാരപാലക ശില്‍പ്പങ്ങള്‍ പൊതിയാന്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ സ്വര്‍ണം എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ദേവസ്വം വിജിലന്‍സ് എസ് പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം.
ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് എസ് പി സുനില്‍കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്. നിര്‍ണായക രേഖകളും ചിത്രങ്ങളും കോടതിക്ക് കൈമാറി. ശബരിമല സ്വര്‍ണപ്പാളി മാറ്റിയതില്‍ ഗൂഢാലോചന സംശയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിക്ക് നല്‍കിയത്. യു ബി ഗ്രൂപ്പ് ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും വിജിലന്‍സിന് കൈമാറിയിരുന്നു. ഈ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്.
അതിനിടെ, 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പു പാളിയല്ല, സ്വര്‍ണ്ണപ്പാളി തന്നെയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ കേരള നിയമസഭയെ രേഖാമൂലം അറിയിച്ചു. വീഴ്ചകളെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണപ്പാളി സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ സ്വാഗതം ചെയ്തു.