Saturday, April 12, 2025

കേരളത്തിന്റെ ഐക്യത്തെ ഒറ്റ മനസ്സായി നിലനിർത്തണം: മുഖ്യമന്ത്രി

Must read

- Advertisement -

തൃശൂര്‍: കേരളത്തിന്റെ ഐക്യാധിഷ്ഠിതമായ നിലനില്‍പ്പുതന്നെ വലിയ ഭീഷണി നേരിടുന്നുവെന്നും ഒറ്റ മനസായി നിന്ന് നമുക്ക് ഇതിനെ നേരിടാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ രക്ഷിച്ചുകൊണ്ട് ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയണം. കേരളത്തെ രാജ്യമാകെ ഉറ്റുനോക്കുന്നുണ്ട്. ആ നോട്ടം വലിയ ഉത്തരവാദിത്വം നമ്മില്‍ ഏല്‍പ്പിക്കുന്നുമുണ്ട്. ഒരേ മനസായി നിന്ന് അതു നിര്‍വ്വഹിക്കാന്‍ നമുക്കു കഴിയണം. കൊച്ചു കേരളം എന്നല്ലാതെ മഹത്തായ കേരളം എന്നു പറയാന്‍ ശീലിക്കണം. ചെറിയ ഭാഷ എന്നല്ലാതെ മഹത്തായ ഭാഷ എന്നു പറയാന്‍ ശീലിക്കണം. കേരളത്തിന്റെ, മലയാളത്തിന്റെ മഹത്വം ആദ്യം നമ്മള്‍ മനസിലുറപ്പിക്കണം. ആ ബോധ്യത്തിലുറച്ചു നിന്നുകൊണ്ട് കേരളീയതയുടെ ഓരോ അംശത്തെയും ഇല്ലാതാക്കുന്നതിനെതിരേ പൊരുതി മലയാളി സമൂഹം എന്ന നിലയ്ക്കുള്ള നമ്മുടെ സ്വത്വം ഉറപ്പിക്കാന്‍, അതിലൂടെ ദേശീയതയെ ശക്തിപ്പെടുത്താന്‍ നമുക്കു കഴിയണം. ഈ കാഴ്ചപ്പാടോടെയാണ് സാംസ്‌കാരിക രംഗത്ത് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം മതമൈത്രിയുടെ, സഹവര്‍ത്തിത്വ ജീവിതത്തിന്റെ, സാഹോദര്യത്തിന്റെ ഒക്കെ ലാസ്റ്റ് ഔട്ട് പോസ്റ്റാണെന്നും അതു വീണുപോയിക്കൂടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയതയെ പരിരക്ഷിച്ചുകൊണ്ടു തന്നെ ഇന്ത്യ എന്ന വികാരത്തെ ശാക്തീകരിക്കാന്‍ കഴിയണം. കേരളത്തിന് ഒരു ഇടതുപക്ഷ മനസുണ്ട്. ആ മനസാണു കേരളത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്ടിച്ചത്. കേരളത്തെ മതസൗഹാര്‍ദം മുതല്‍ ജീവിത നിലവാരം വരെയുള്ള കാര്യങ്ങളില്‍ മാതൃകാ സംസ്ഥാനമാക്കിയത്. ആ ഇടതുപക്ഷ കേരളത്തെ വലതുപക്ഷ കേരളമാക്കാനും ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനും ശ്രമം നടക്കുന്നു.
കേരളത്തിലെ തനതുകലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാരെ സംരക്ഷിക്കുന്നതിനും കല അവരുടെ ജീവനോപാധിയാക്കി മാറ്റുന്നതിനും ആവശ്യമായ ഇടപെടലുകളാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. കലാപ്രവര്‍ത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും, അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനും ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്.
വിശ്വാസത്തെ വര്‍ഗീയതയായും വര്‍ഗീയതയെ ഭീകരതയായും ഒക്കെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ജനാധിപത്യം ഫാസിസത്തിലേക്കു വഴുതി വീഴുകയാണ്. ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം, ഒരു ജീവിതക്രമം, ഒരേ ഭക്ഷണരീതി എന്നൊക്കെയുള്ള ഏകത്വത്തിന്റെ സംസ്‌കാരം അടിച്ചേല്‍പ്പിക്കുമ്പോഴും സംഭവിക്കുന്നത് അതു തന്നെയാണ്. സമ്പന്നവും സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ ഏകശിലാരൂപിയാക്കിയാല്‍ വൈവിധ്യമാകെ ഞെരിഞ്ഞമര്‍ന്നു പോകുമെന്നും അതാണ് ഫാസിസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറല്‍ ഘടനയെക്കുറിച്ചുള്ള നമ്മുടെ സംവാദങ്ങള്‍ സാമ്പത്തിക രംഗത്തു മാത്രമായി പരിമിതപ്പെടേണ്ട ഒന്നല്ല. സാംസ്‌കാരിക രംഗത്തും ഫെഡറല്‍ സ്പിരിറ്റ് പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനയുടെ സത്തയാണത്. ഭാഷാപരവും വിശ്വാസപരവും ജീവിതശൈലീപരവും ഒക്കെയായ വൈജാത്യത്തിന്റെ നിലനില്‍ പ്പിന് ഗ്യാരന്റി നല്‍കുന്നുണ്ട് സാംസ്‌കാരിക രംഗത്തെ ഫെഡറലിസം. ആ ഫെഡറലിസത്തെ തകര്‍ത്ത് യൂണിറ്ററി സമ്പ്രദായം കൊണ്ടുവന്നാലോ? നമ്മുടെ സാംസ്‌കാരിക വൈജാത്യവും അതിന്റെ അടിസ്ഥാനത്തിലുള്ള കലാ-സാഹിത്യങ്ങളും ഒക്കെ അപകടപ്പെടും. അതുണ്ടായിക്കൂട. അതുകൊണ്ടുതന്നെ ഫെഡറല്‍ ഘടനയ്ക്കു വേണ്ടിയുള്ള പോരാട്ടം സാമ്പത്തിക രംഗത്തു മാത്രമല്ല, സാംസ്‌കാരിക രംഗത്തും നടക്കണം. അധിനിവേശത്തിന്റെ സംസ്‌കാരത്തെ ചെറുത്തുകൊണ്ടേ ഇതു സാധിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് എല്ലാ രംഗത്തും ഒരു മലയാളത്തനിമയുണ്ട്. ആ തനിമ നശിച്ചുപൊയ്ക്കൂട. അതു സംരക്ഷിക്കപ്പെടണം. ഐക്യകേരളം നാം രൂപപ്പെടുത്തിയെടുത്തതുപോലും ഈ മലയാളിത്തത്തില്‍ ഊന്നിക്കൊണ്ടാണ്. ആ ഐക്യകേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അത് അനുവദിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു.

See also  തൃശൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article