തൃശൂർ: തൃശൂർ പൂരത്തിൽ രാഷ്ട്രീയ നിറംകലക്കാൻ ഗൂഢ നീക്കം. പൂരം പ്രദർശന കമ്മിറ്റിയിൽ നിന്നും വടക്കുന്നാഥൻ ഉപദേശകസമിതി സെക്രട്ടറിയെ ഏകപക്ഷീയമായി ഒഴിവാക്കി. വിവാദമായതോടെ ഒഴിവാക്കിയിട്ടില്ലെന്നും യോഗം അറിയിക്കുന്നതിൽ സംഭവിച്ച പിഴവാണെന്നും വിശദീകരിച്ച് കമ്മിറ്റി ഭാരവാഹികൾ രംഗത്തെത്തിയത്.
വടക്കുന്നാഥൻ ഉപദേശക സമിതി സെക്രട്ടറി ടി.ആർ ഹരിഹരനെയാണ് ഒഴിവാക്കിയും പിന്നെ ഇല്ലെന്നും അറിയിച്ചത്. പൂരം പ്രദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാനായി കഴിഞ്ഞദിവസം ജനറൽ ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും വിളിച്ചു ചേർത്തിരുന്നു. ബജറ്റടക്കമുള്ള വിഷയങ്ങളിൽ ചർച്ച പൂർത്തിയാക്കി പിരിഞ്ഞ ശേഷമാണ് യോഗം നടന്ന വിവരം ഹരിഹരൻ അറിഞ്ഞത്. തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാതിരുന്നതോടെ അന്വേഷിക്കുകയായിരുന്നു. കമ്മിറ്റിയംഗങ്ങളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഹരിഹരനെ അറിയിച്ചില്ലെന്ന് വിവരമറിഞ്ഞതോടെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ വിളിയെത്തിയതോടെയാണ് പൂരം പ്രദർശന കമ്മിറ്റിയിലെയും പ്രധാന സംഘാടകരായ ദേവസ്വങ്ങളിലെ തന്നെ പ്രധാനപ്പെട്ടവരും അന്വേഷിച്ചത്. ഇതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി വീണ്ടും യോഗം ചേർന്നു. പിന്നാലെ ഒഴിവാക്കിയെന്ന ആക്ഷേപത്തിൽ നിന്നും രക്ഷപ്പെടാൻ യോഗം അറിയിപ്പ് അയക്കുന്നതിൽ സംഭവിച്ച പിഴവാണെന്ന വിശദീകരണവുമായി ഭാരവാഹികൾ രംഗത്തെത്തിയത്. സാങ്കേതിക പിഴവായിരുന്നുവെന്നും ഒഴിവാക്കിയതല്ലെന്നും എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണൻ പറഞ്ഞു.
സംഘാടനത്തിലും ദേവസ്വങ്ങളും രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കാറില്ല. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികളും പൂരം വിഷയങ്ങളിൽ രാഷ്ട്രീയം കലർത്താറില്ല. മാറി മാറിയെത്തുന്ന സർക്കാരുകളും സമാനമായാണ് പ്രവർത്തിക്കാറുള്ളത്.
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അവസരം പൂരം സംഘാടകർ ഒരുക്കാറുമില്ല, ശ്രമിക്കാറുമില്ല. എന്നാൽ സമീപകാലത്ത് രാഷ്ട്രീയ ചായ്‌വുകൾ പരസ്യമായി പ്രകടമായിരുന്നു. അതിലൊന്നായിരുന്നു 2022ലെ പൂരം ചമയപ്രദർശനത്തിൽ സവർക്കർ കുട വന്നത്. അന്ന് ചമയ പ്രദർശനത്തിന് തൃശൂർ എം.പിയെ ഒഴിവാക്കിയതും വലിയ ചർച്ചയായിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ തൃശൂർ പൂരം സംഘാടകരിൽ സജീവമായി രംഗത്തുള്ള ഹരിഹരനെ ഒഴിവാക്കാൻ നടത്തിയ ശ്രമത്തിന് പിന്നിലെന്നുമാണ് പറയുന്നത്. നടപടിയിൽ ദേവസ്വം മാനേജിങ് കമ്മിറ്റിയംഗങ്ങളിൽ തന്നെ കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്.