കൊരട്ടി: കൊയ്യാറായ പാടത്ത് കനാൽ വെള്ളം തുറന്നു വിട്ടത് കർഷകർക്ക് വിനയായി. കൊരട്ടി ആറ്റപ്പാടത്ത് 20 ഏക്കറോളം നെൽവയലിൽ വെള്ളമെത്തി വൈക്കോൽ നശിച്ചതിനാൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. വെള്ളമെത്തിയതിനെ തുടർന്ന് വൈക്കോൽ നഷ്ടപ്പെടുത്തി നെൽക്കതിരുകൾ തിടുക്കത്തിൽ കൊയ്തെടുക്കുകയായിരുന്നു. കനാൽ തുറന്നിട്ടതിനെ തുടർന്ന് 15 ഓളം കർഷകരുടെ കൃഷിയിടത്തിലാണ് വെള്ളം കയറിയത്.
അധികാരികളുടെ ഈ ക്രൂരവിനോദം എല്ലാ വർഷവും പതിവാണെന്ന് കർഷകരുടെ പരാതി. അടുത്ത വർഷവും ഇത് തുടർന്നാൽ ഈ മേഖലയിലെ നെൽക്കൃഷി ഇറക്കുന്നത് വേണ്ടെന്ന് വെക്കാനാണ് കർഷകരുടെ തീരുമാനം. വയലിലെ നെല്ല് മാത്രം ലഭിച്ചതുകൊണ്ട് കൃഷി നടത്തിക്കൊണ്ട് പോകാൻ പ്രയാസമാണെന്നും കർഷകർ പറയുന്നു. വൈക്കോൽ കൂടി കിട്ടിയാലേ കൃഷിചെലവ് തികയുകയുള്ളൂ. മറ്റ് മേഖലകളിൽ വെള്ളത്തിന്റെ ആവശ്യമുള്ളതുകൊണ്ടാണ് കനാൽ തുറക്കുന്നത്. എന്നാൽ വെള്ളം തുറന്നു വിടുമ്പോൾ ഇവരുടെ വയലുകളിൽ വെള്ളം നിറയുകയാണ്. അതോടെ നെല്ലും വൈക്കോലുമെല്ലാം നനഞ്ഞു പോകുന്നു. കർഷകരോട് മുൻകൂട്ടി അറിയിക്കാതെ വെള്ളം തുറന്നു വിടുന്ന അധികാരികളുടെ നടപടിയാണ് പ്രശ്നങ്ങൾക്ക് കാരണം.