ത്യാഗപൂർണ്ണമായ സമർപ്പണമാണ് ഭക്തി… അതു നാം സ്വയം തിരിച്ചറിഞ്ഞ് ചെയ്യുമ്പോഴാണ് ഏതൊരു പ്രവർത്തിയും അർത്ഥപൂർണ്ണമാകുന്നത്. പെരുന്നാളിന് ഭാരമേറിയ കുരിശ് ചുമന്ന് തൃശ്ശൂർ അരുണാട്ടുകര പള്ളിയിലെ കൊച്ചച്ചൻ ജിജോ മാളിയേക്കൽ ഏറെ വ്യത്യസ്തനായി.
ഭാരമേറിയ കുരിശും വിളക്കും മുത്തു കുടകളും പെരുന്നാളിന്റെ ഭക്തിനിർഭരമായ കാഴ്ചകളാണ്. എന്നാൽ ഏറെക്കാലമായി അന്യസംസ്ഥാന തൊഴിലാളികളാണ് ഇവ ചുമക്കുന്നത്. ഏറെ കായിക അധ്വാനം വേണ്ടിയിരുന്ന ഈ പ്രദക്ഷിണ ചടങ്ങ് അന്യസംസ്ഥാന തൊഴിലാളികളാണ് നിറവേറ്റിയിരുന്നത്. ഇടനിലക്കാരിലൂടെയാണ് ഇത്തരം തൊഴിലാളികളെ ഏർപ്പാട് ആക്കിയിരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി ഇക്കഴിഞ്ഞ അരണാട്ടുകര പള്ളിപ്പെരുന്നാളിൽ സഹ വികാരിയും കൊച്ചച്ചനുമായ ഫാദർ ജിജോ മാളിയേക്കലിന്റെ നേതൃത്വത്തിൽ ഇടവക അംഗങ്ങളും കുരിശു ചുമന്ന് മാതൃകയായി. ഭക്തജനങ്ങൾക്ക് ഇതൊരു വേറിട്ട അനുഭവവും അനുഭൂതിയും ആയി മാറി.
പള്ളി കമ്മിറ്റിയിൽ അന്യസംസ്ഥാന തൊഴിലാളികളെ ഒഴിവാക്കി ഇടവക അംഗങ്ങളെ ഉൾപ്പെടുത്തി പ്രദക്ഷിണം ചെയ്യുക എന്ന ആശയം മുന്നോട്ടുവെച്ചത് ഫാദർ ജിജോ മാളിയേക്കലാണ്. കൊച്ചച്ചനായ താൻ കുരിശ് ചുമക്കാം എന്നുള്ള തീരുമാനം പള്ളി കമ്മിറ്റിയിൽ അറിയിച്ചു. ഇതിനെ തുടർന്നു ഇടവക അംഗങ്ങളും പ്രദക്ഷിണത്തിന് അന്യസംസ്ഥാന തൊഴിലാളികൾ വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
പെരുന്നാളുകളുടെയും ഉത്സവാഘോഷങ്ങളുടെയും ചടങ്ങുകൾ കൂലി തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നതിലെ നിരർത്ഥകതയാണ് ജിജോ മാളിയേക്കലിന്റെ കുരിശ് ചുമക്കലിലൂടെ പുതിയൊരു മാനം കൈവന്നത്. പരമ്പരാഗതമായി തുടർന്ന് വന്നിരുന്നതും നമ്മുടെ നാടിന്റെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നതുമായ കാര്യങ്ങൾ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നതിലെ അസാംഗത്യവും വെളിവാകുന്നു.
–കെ. ആർ. അജിത