തൃശൂർ : കാർഷിക മേഖലയിൽ വിപ്ലവം കൊണ്ടുവരാൻ 12 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ത്രിതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പാടശേഖരസമിതി പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തോട്ടുമുഖം ലിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടകസമിതി യോഗം ചേർന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ ശിവരാമൻ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ബിന്ദുപ്രിയൻ, ജോജോ പിണ്ടിയാൻ,റോസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരനെയും, കൺവീനറായി മൈനർ ഇറിഗേഷൻ എൻജിനീയർ കെ ആർ ആര്യയെയും, ട്രഷററായി അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാറാക്കലിനെയും തിരഞ്ഞെടുത്തു.