ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടും

Written by Taniniram1

Published on:

ബഡ്‌സ് ആക്ട് 2019 നിയമവിരുദ്ധമായി പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ തൃശൂരിലെ ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്യുന്നതിനും പ്രസ്തുത വസ്തു വകകളുടെ താൽക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനും നിയുക്ത കോടതി മുമ്പാകെ ഹർജി ഫയൽ ചെയ്യുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

പ്രതികളുടെ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുകളുടെ മഹസ്സർ, ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവയുൾപ്പെടെ റിപ്പോർട്ട് തഹസിൽദാർമാർ തയ്യാറാക്കും.

ജില്ലാ രജിസ്ട്രാർ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതും അവയുടെ തുടർന്നുള്ള വില്പന നടപടികൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാർ ഓഫീസർമാർക്കും അടിയന്തരമായി നൽകും.

പ്രതികളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ തയ്യാറാക്കി കളക്ട്രേറ്റിലേക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറും.

പ്രതികളുടെ പേരിൽ ജില്ലയിലെ ബാങ്കുകൾ /ട്രഷറികൾ /സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികൾ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തൃശൂർ ലീഡ് ബാങ്ക് മാനേജർ നൽകണം.

ഉത്തരവ് ജില്ലയിൽ ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് തൃശൂർ സിറ്റി /റൂറൽ ജില്ലാ പോലീസ് മേധാവിമാർ, തൃശൂർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർക്കാണ് ചുമതല.

ആക്ട് 2019 സെക്ഷൻ 14 (1) പ്രകാരം താൽക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് ഡെസിഗ്‌നേറ്റഡ് കോടതി മുമ്പാകെ സമയ ബന്ധിതമായി ഹർജി ഫയൽ ചെയ്യേണ്ടതിനാൽ കണ്ടുകെട്ടൽ നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി കലക്ട്രേറ്റിൽ ലഭ്യമാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave a Comment