പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിനു സർക്കാർ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രൻ എം എൽ എ. കൊടകര ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനം അവലോകന യോഗത്തിൽ അധ്യക്ഷനായാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. സാങ്കേതികാനുമതി ലഭ്യമാക്കി, ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമ്മാണം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുതെന്നും എം എൽ എ കൂട്ടിച്ചേർത്തു.
നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ ഫയർ സ്റ്റേഷൻ, പെൻഷനേഴ്‌സ് ഓഫീസ്, സൊസൈറ്റി എന്നിവയിലേക്കുള്ള റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകുന്നതിന് ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് രണ്ട് സെന്റ് സ്ഥലം പുതുക്കാട് പഞ്ചായത്തിനാണ് ഉടമകൾ വിട്ടുനൽകുന്നത്. 2022 ലെ ബജറ്റിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി 10 കോടി രൂപയാണ് വകയിരുത്തുയിരുന്നത്. നാല് നിലകളിലായാണ് പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ബാബുരാജ്, വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് മെമ്പർ സതി സുധീർ, വാർഡ് മെമ്പർ ഷാജു കാളിയങ്കര, ഇരിഞ്ഞാലക്കുട ആർഡിഒ എംകെ ഷാജി, എൽ ആർ തഹസീൽദാർ സിമീഷ് സാഹു, നോഡൽ ഓഫീസറും ബിഡിഒയുമായ കെ. കെ. നിഖിൽ, തൊറവ് വില്ലേജ് ഓഫീസർ അൻവർ ഷാ, ആർ ബിന്ദു, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി പി ഉമ ഉണ്ണികൃഷ്ണൻ, ഭൂഉടമകളായ ആന്റണി എറുങ്കാരൻ, രാജേഷ് വർഗീസ് പുതുശ്ശേരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.