മതിക്കുന്ന് ജി ജെ ബി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു
പുത്തൂർ ഗ്രാമപഞ്ചായത്തിൽ നാല് സ്കൂളുകളിലായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 14 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മതിക്കുന്ന് ജി ജെ ബി സ്കൂളിലെ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂർ പഞ്ചായത്തിലെ എല്ലാ സ്കൂളുകളും സ്മാർട്ട് ആയിക്കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്. വർണ കൂടാരം പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
2024 അവസാനത്തോടെ പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ കളിക്കളം തുറന്നു നൽകാനാകും. മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കളിക്കളം വിദ്യാർത്ഥികൾക്ക് പുറമെ ക്ലബ്ബുകൾക്ക് അടക്കം ഉപകാരപ്രദമാകും വിധം സജ്ജമാക്കും. വരുംതലമുറയുടെ മികച്ച വിദ്യാഭ്യാസ അടിത്തറയ്ക്കായി എല്ലാ സാഹചര്യങ്ങളും ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി എസ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി എസ് സജിത്ത്, നളിനി വിശ്വംഭരൻ, ലിബി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡെയ്സി ജേക്കബ്, പി ബി സുരേന്ദ്രൻ, ഇ മോഹനൻ, ഡിഡിഇ ഷാജിമോൻ, എ ഇ ഒ ബാലകൃഷ്ണൻ പി എം, വിദ്യാകിരണം കോഡിനേറ്റർ രമേഷ് കേശവൻ, ഹെഡ്മിസ്ട്രസ് പി ജെ സുനിമോൾ, സീനിയർ അധ്യാപിക എംഎസ് സുമി, പിടിഎ പ്രസിഡൻറ് കെ പി ജയ്സൺ, എംപിടിഎ പ്രസിഡൻറ് ശാലിനി തുടങ്ങിയവർ പങ്കെടുത്തു.