മണപ്പുറം മുതലാളിയുടെ കയ്യേറ്റത്തിനും അതിക്രമത്തിനുമെതിരെ ശക്തമായ പ്രതിഷേധം കൊണ്ടുവരും: കയ്യേറ്റവിരുദ്ധ പ്രതികരണവേദി

Written by Taniniram1

Published on:

തൃപ്രയാർ: മണപ്പുറം ഫിനാൻസിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഉടമവി.പി.നന്ദകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് പ്രദേശത്ത് നടക്കുന്ന കയ്യേറ്റങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശക്തമായപ്രതിഷേധവും പ്രക്ഷോഭവും നടത്തുമെന്ന് ‘മണപ്പുറം – കയ്യേറ്റവിരുദ്ധ, പ്രതികരണവേദി ‘ തൃപ്രയാറിൽ അറിയിച്ചു.

നാട്ടിക മേഖലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായ അഡ്വ .ടി.എ. പ്രേംദാസിന്റെ വലപ്പാട് കുരിശുപള്ളിക്കുപടിഞ്ഞാറു ഭാഗത്തുള വീടിന്റെ മുൻവശത്തു കെട്ടിയ മതിൽ കഴിഞ്ഞ 5-ാം തിയ്യതി വെള്ളിയാഴ്ച പകൽ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പൊളിച്ചു കയറ്റിക്കൊണ്ടുപോവുകയും പറമ്പിൽ കയറി അവിടെ ജി.ഐ ഷീറ്റു കൊണ്ടുള്ള മതിൽ സ്ഥാപിച്ചിരിക്കുകയുമാണ്. തൊട്ടടുത്തുള്ള മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന ഗീത രവി പബ്ലിക് സ്കൂളിന് വഴി സൗകര്യം കൂട്ടുന്നതിനാണ് നിയമവിരുദ്ധമായി ഈ അതിക്രമം കാണിച്ചിരിക്കുന്നത്.

അഡ്വ പ്രേംദാസിന്റെ കുടുംബസ്വത്ത് ഭാഗിച്ചതിലുള്ള 10 അടി വീതിയുള്ള സ്വകാര്യ വഴിയാണ് അവിടെയുള്ളത്. കുടുംബ സ്വത്തിന്റെ ഓഹരി വിലക്കുവാങ്ങിയ നിലയിൽ പ്രേംദാസടക്കം മറ്റ് അവകാശികൾക്കുള്ള വഴിയവകാശം മാത്രമാണ് മണപ്പുറം ഫിനാൻസിനും വി.പി നന്ദകുമാറിനുമുള്ളത്. വഴിയായി ഉപയോഗിക്കാനല്ലാതെ മറ്റൊരവകാശവും മണപ്പുറത്തിനില്ല.

കഴിഞ്ഞ 15 വർഷം മുമ്പ് ഇഷ്ടദാനമായി ലഭിച്ചഭൂമിയിൽ വീടു നിർമ്മിച്ച് പത്തുവർഷം മുമ്പ് വസ്തുവിൻ്റേയും പത്തടി വഴിയുടെയും അതിർത്തിയിൽ കരിങ്കൽ തറ നിർമ്മിച്ചിട്ടുണ്ട്. ഏഴു വർഷം മുമ്പു മാത്രമാണ് മറ്റു വസ്തുക്കളിൽ നിന്നു ഒരു ഏക്കറോളം ഭൂമി മണപ്പുറത്തിന് വിറ്റത്. നിലവിലുള്ള അതിർത്തിയിൽ ഒരടി ഉയരത്തിൽ തറകെട്ടി നിർത്തിയിരുന്നതാണ്.തുടർന്ന് അടുത്തിടെ മതിൽപണി പൂർത്തിയാക്കിയിരുന്നു. സ്കൂൾ അധികൃതർ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വലപ്പാട് പോലീസ് ഇൻസ്പെക്ടറും സബ്ബ് ഇൻസ്പെക്ടറും സ്ഥലം പരിശോധിച്ച് മറ്റു തടസങ്ങളുണ്ടാക്കുന്നില്ലെന്ന്ബോധ്യപ്പെട്ടിരുന്നു. അതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് പ്രേംദാസിന്റെ മതിൽ പൊളിച്ചു കയറ്റി കൊണ്ടുപോയത്. മണപ്പുറത്തിന്റെ സൗകര്യപ്രകാരം മറ്റൊരു അതിർത്തിയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ല കയ്യേറ്റ വിരുദ്ധ പ്രതികരണ വേദി അറിയിച്ചു.

പണത്തിന്റേയും സ്വാധീനത്തിന്റേയും അഹങ്കാരത്തിൽ ഒരു നിയമവും മര്യാദകളും തനിക്കു ബാധകമല്ലന്ന രീതിയിൽ നടത്തിയ ഈ കയ്യേറ്റത്തിനും അതിക്രമത്തിനുമെതിരെ കർശനനടപടി ഉണ്ടാവണമെന്നും വി.പി. നന്ദകുമാറിനും സ്കൂർ പ്രിൻസിപ്പൽ മിൻറു, പി. മാതൃവിനും മറ്റുപ്രതികൾക്കുമെതിരെ കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വഴിയുടെ സ്ഥിതിയെ കുറിച്ചു ബന്ധപ്പെട്ടവർക്ക് ബോധ്യമുള്ളതാണ്. നന്ദകുമാർ തന്നെ നേരിട്ട് പ്രേംദാസുമായി സംസാരിച്ച് കൂടുതൽ സ്ഥലം വിലക്കു ചോദിച്ചിരുന്നതാണ്. എന്നാൽ ധാരണയിലെത്താത്തതിനാൽ വില്ലന നടക്കുകയുണ്ടായില്ല. അതിന്റെ പകയാണ് മതിൽ പൊളിച്ചുമാറ്റൽ സംഭവത്തിലൂടെ നടത്തിയതെന്നും സംശയിക്കുന്നു.

മണപ്പുറം ഫിനാൻസിനും മറ്റു സ്ഥാപനങ്ങൾക്കുമായി വാങ്ങുന്ന സ്ഥലങ്ങളുടെ പ്രമാണങ്ങളിൽ വിൽപനയിൽ പെടാത്ത വസ്തുക്കളും കൂടി എഴുതി ചേർക്കുന്ന നിയമവിരുദ്ധ നടപടികളും വ്യാജരേഖയുണ്ടാക്കലും വഞ്ചനയും നടക്കുന്നുണ്ട്. ചുറ്റുപാടുമുള്ളവർക്ക് ജീവിക്കാൻ പ്രയാസമുണ്ടാക്കും വിധം നിർമ്മാണം നടത്തുന്നതും ദേശീയ പാതയിലടക്കം കയ്യേറി കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതുമായ പരാതികളുണ്ട്. ഇക്കാര്യങ്ങളിലെല്ലാം നിയമനടപടികളും ബഹുജന സമരങ്ങളും സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. കോർപ്പറേറ്റ് സോഷ്യൽ റിസർവ്വ് ഫണ്ടടക്കം ഉപയോഗിച്ച് ആരോഗ്യ – വിദ്യാഭ്യാസ മേഖലയിൽ ഫൗണ്ടേഷൻ മുഖേന നടത്തുന്ന കഴുത്തറപ്പൻ കച്ചവടത്തിന്റെ നിയമ സാധുതയും പരിശോധിക്കണമെന്നും സമരസമിതി മുന്നോട്ടുവയ്ക്കുന്നു.

പ്രക്ഷോഭ പരിപാടികൾക്കു തുടക്കം കുറിച്ചു കൊണ്ട് ജനുവരി 9 ന് വൈകീട്ട് 5 മണിക്ക് വലപ്പാട് മീഞ്ചന്ത പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ ഇവരുടെ പ്രവൃത്തികളുടെ ഫലമായി ദുരിതമനുഭവിക്കുന്നവരേയും ബഹുജനങ്ങളേയും സംഘടിപ്പിച്ച് കൺവെൻഷൻ വിളിച്ചു ചേർത്ത് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പ്രതികരണവേദി ഭാരവാഹി പി കെ ഷൗക്കത്തലി അറിയിച്ചു.

Leave a Comment