പീച്ചിയിൽ ഡ്രൈവിംഗ് സ്കൂൾ വാഹനത്തിന് മേലെ മരം വീണ് പരിക്ക്

Written by Taniniram1

Published on:

കണ്ണാറ: പീച്ചിഡാം റോഡിൽ വെറ്റിലപ്പാറയിലും ഒരപ്പൻപാറയിലുമായി രണ്ടിടത്ത് മരം കടപുഴകി വീണു. ഒരപ്പൻപാറയിൽ മരം കടപുഴകി ഡ്രൈവിങ് സ്കൂൾ വാഹനത്തിന് മുകളിലേയ്ക്കാണ് വീണത്. അധ്യാപകനും വിദ്യാർഥികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൃഷ്ണ ഡ്രൈവിങ് സ്കൂൾ അധ്യാപകൻ അപ്പുക്കുട്ടൻ, വിദ്യാർഥികളായ സിന്ധു, സസിനാസ് എന്നിവർക്ക് പരിക്കേറ്റു. പിരിക്കുകൾ സാരമുള്ളതല്ല. മരം വീണതിനെ തുടർന്ന് പീച്ചിഡാം റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് പരിശീലനം നടത്തുകയായിരുന്ന ഡ്രൈവിങ് സ്കൂൾ വാഹനത്തിന് മുകളിലേയ്ക്ക് മരം വീണത്. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റാണ് മരം വീഴാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്തംഗം ഷൈജു കുര്യൻ പറഞ്ഞു. പീച്ചിഡാം റോഡിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരച്ചില്ലകൾ മുഴുവൻ മുറിച്ചു നീക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ഷൈജു കുര്യൻ ആവശ്യപ്പെട്ടു. അസി. സ്റ്റേഷൻ ഓഫീസർ ഹരികുമാർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസമാരായ സുരേഷ്‌കുമാർ, എം സഭാപതി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പ്രതീഷ്, ജിബിൻ, ഫയർമാൻമാരായ സജീഷ് കെ, സുധൻ വി.എസ്, പ്രകാശൻ കെ, ഹോംഗാർഡ് മുരളീധരൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Comment