പട്ടിക്കാട്: ഭിന്നശേഷിക്കാരിയായ പത്തുവയസ്സുകാരിക്ക് വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി. ഒറവുംപാടം കുഴിക്കാട്ടിൽ ജിജിമോൻ സോഫിയ ദമ്പതികളുടെ മകൾ ആഗ്നസിനാണ് സെറാഫ്‌സിൻ്റെ പുതുവത്സരസമ്മാനം ലഭിച്ചത്. വീടിന്റെ താക്കോൽ ദാനം തൃശൂർ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ നിർവ്വഹിച്ചു. സെറാഫ്സ് പ്രസിഡന്റ് ഫാ. സി.എം രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സെറാഫ്് വൈസ്പ്രസിഡന്റും ജനറൽ കൺവീനറുമായ അബ്രഹാം നാഞ്ചിറ, ബോർഡ് അംഗം സി.പി അനിൽ, വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ, കണ്ണാറ ജെയിസ്റ്റോ സദൻ പ്രിൻസിപ്പൽ സിസ്റ്റർ അനീഷ തുടങ്ങിയവർ സംസാരിച്ചു.
ആഗ്ന മോൾ ഉൾപ്പെടെയുള്ള നാലംഗ കുടുംബം പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ സ്ഥിതിയറിഞ്ഞ സെറാഫ്സ് ചാരിറ്റബിൽ സൊസൈറ്റി വീട് പൂർണ്ണമായും പുനർനിർമ്മിച്ച് നൽകുകയായിരുന്നു. കണ്ണാറ ജെയിസ്റ്റോ സദൻ വിദ്യാർഥിനിയാണ് ആഗ്നസ്. സഹോദരി എയ്ഞ്ചൽ.