മുരിയാട് അജൈവ മാലിന്യങ്ങൾ കെട്ടിക്കിടന്നു നശിക്കുന്നു: പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: മുരിയാട് അജൈവ മാലിന്യങ്ങൾ മഴയത്തും വെയിലത്തും കെട്ടിക്കിടന്നു നശിക്കുന്നതായി പരാതി. ഇത് പഞ്ചായത്തിൻ്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്.

പണം വാങ്ങി, വീട്ടുകാരെ കൊണ്ട് കഴുകി വൃത്തിയാക്കി പഞ്ചായത്തിലെ ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന്റെ അനാസ്ഥ മൂലം വനിതാ വ്യവസായ ഷെഡിന്റെ പറമ്പിൽ മഴയും വെയിലും കൊണ്ട് നശിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർഫീ വാങ്ങി വീട്ടുകാരെ കൊണ്ട് തന്നെ വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇങ്ങനെ പുറത്ത് വലിച്ചു വാരിയിട്ട് നശിപ്പിക്കുന്നത്.

വീട്ടുകാർ നൽകുന്ന വസ്തുക്കളിൽ അല്പം ചെളി പടർന്നാലോ കഴുകിയില്ലെങ്കിലോ യൂസർ ഫീ വാങ്ങി മടങ്ങുന്ന ഹരിത സേനാംഗങ്ങളുമായി തർക്കം പതിവായ പഞ്ചായത്തിലാണ് ഈ സ്ഥിതിയെന്ന് ഏറെ രസകരം എന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അജൈവ മാലിന്യങ്ങൾ എം സി എ യിൽ എത്തിക്കുകയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് പഞ്ചായത്ത് ആണ്.

അവിടെ നിന്നും മാലിന്യം തരം തിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സാധിക്കും.

ഹരിതകർമ്മ സേന ശേഖരിക്കുന്ന വസ്തുക്കൾ നിശ്ചിത വിലക്ക് ക്ലീൻ കേരള കമ്പനിക്ക് നൽകുക വഴി പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്.

എന്നാൽ ഇവിടെ ശേഖരിക്കുന്ന വസ്തുക്കൾ ഇവിടെ തന്നെ കെട്ടി കിടന്നു മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അത് വഴി പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാവുകയും ചെയ്യുന്നു എന്നു മാത്രമല്ല ഇനി ഈ ഉപയോഗശൂന്യമായ വസ്തുക്കൾ സ്വകാര്യ ഏജൻസിക്ക് പണം കൊടുത്ത് നൽകേണ്ട അവസ്ഥയിലാണെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.

ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളകമ്പനി, തദ്ദേശ സ്ഥാപനം എന്നിവരെല്ലാം പങ്കാളിയായ ഈ ബൃഹത് പദ്ധതി പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം നശിച്ചു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദകുമാരി, ജിനി സതീശൻ, നിത അർജ്ജുനൻ എന്നിവർ ആരോപിച്ചു.

See also  പി.പി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ…

Leave a Comment