മലപ്പുറം: പ്രാഥമിക വിദ്യാലയം തൊട്ട് ഹയർസെക്കൻഡറി വരെയും തുടർന്ന് പി എസ് സി പരീക്ഷാ പരിശീലനത്തിനും മലപ്പുറം നഗരസഭയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പഠനത്തിന് ഫീസ് നൽകേണ്ടതില്ല. ചെലവ് നഗരസഭ വഹിക്കും. നഗരസഭാ പ്രദേശത്തെ ഗവൺമെൻറ്, എയ്ഡഡ് മേഖലയിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ഫീസുകൾ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുക. പിഎസ്‍സി പരീക്ഷാ പരിശീലനവും നഗരസഭയുടെ നേതൃത്വത്തിൽ നൽകും.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനവും നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. തുല്യത പരീക്ഷ എഴുതുന്ന മുഴുവൻ പഠിതാക്കളുടെ തുകയും പരീക്ഷാ ഫീസും നഗരസഭ വഹിച്ച് ഫീസ് ഫ്രീ നഗരസഭയായി മാറുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി മലപ്പുറം നഗരസഭയെ മാറ്റുകയാണ് ലക്ഷ്യം. നിലവിൽ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ്, സിയുഇടി പ്രവേശന ഫീസ്, മുന്നേറ്റം സ്‌പെഷ്യൽ കോച്ചിംഗ്, സാക്ഷരത, തുല്യത പരീക്ഷകൾ എന്നിവയുടെ എല്ലാം ഫീസുകൾ നഗരസഭയാണ് നൽകി വരുന്നത്.
മലപ്പുറം നഗരസഭ വിദ്യാഭ്യാസത്തിന് ഉയർന്ന ബജറ്റ് വിഹിതം വകയിരുത്താറുണ്ട് . കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയായ സിയുഇടിക്ക് നഗരസഭയുടെ നേതൃത്വത്തിൽ നൽകിയ പരിശീലനം വഴി 284 വിദ്യാർഥികൾ പ്രവേശനം നേടി. കേന്ദ്രസർവകലാശാലകളിലേക്ക് ഏറ്റവും അധികം വിദ്യാർഥികൾ പ്രവേശനം നേടിയ പ്രദേശമായി മലപ്പുറം നഗരസഭ പ്രദേശം മാറി. നഗരസഭയിലുള്ള എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ടോയ്‍ലറ്റ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ പദ്ധതിയായ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനവും നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.