തിരുവനന്തപുരം: ഗൂഗിൾ പേയിൽ തകരാറെന്ന് കാട്ടി പെട്രോൾ പമ്പിൽ നിന്ന് പണം തട്ടി യുവാവ്. തിരുവനന്തപുരം വെഞ്ഞാറമൂട് – ആറ്റിങ്ങൽ റോഡിലുള്ള പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. പണം തട്ടിയ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്ത് മണിയോടെ യുവാവ് പെട്രോൾ പമ്പിലെത്തി. എതിർവശത്ത് ‘മമ്മൂസ്’ എന്ന സാനിറ്ററി സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പറഞ്ഞുവിട്ടതാണെന്നായിരുന്നു പമ്പിലുള്ളവരോട് പറഞ്ഞത്.
മമ്മൂസിലെ ഗൂഗിൾ പേ പ്രവർത്തിക്കാത്തതിനാൽ 3000രൂപ പമ്പിൽ നിന്നും വാങ്ങാൻ പറഞ്ഞുവിട്ടതാണെന്നും ഇയാൾ പറഞ്ഞത്. കടയിൽ സാധനം ഇറക്കാൻ വന്നതാണെന്ന് പറഞ്ഞ യുവാവ് കുറച്ച് പേപ്പറുകളും കയ്യിൽ കരുതിയിരുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ ഇതുപോലെ പണം കൊടുക്കാറുള്ളതിനാൽ മാനേജർ വിഷ്ണു യുവാവിന് പണം നൽകി.
വൈകിട്ട് പണം ചോദിച്ച് മമ്മൂസിലേയ്‌ക്ക് വിളിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്നറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. ഇയാളെ സമീപത്തുള്ള ആർക്കും കണ്ടുപരിചയമില്ല. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പമ്പുടമ.