ഇരിങ്ങാലക്കുട : കേരളീയ നൃത്ത്യനാട്യകലകളിലെ കൈമുദ്രകൾ രേഖപ്പെടുത്തുന്നതിന് സ്വന്തമായി ഒരു ആലേഖന സമ്പ്രദായം ആവിഷ്ക്കരിച്ച് കഴിഞ്ഞ 59 വർഷങ്ങളിലെ കഠിനപ്രയത്നത്തിൽ 1341 മുദ്രകളുടെ ഒരു ബൃഹത് സമാഹാരം പ്രസിദ്ധീകരിച്ചതിലൂടെ കലാസംരക്ഷണത്തിന്അമൂല്യസംഭാവനയാണ് വേണുജി നൽകിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ ആർ ബിന്ദു (DR.R. BINDHU)അഭിപ്രായപ്പെട്ടു. ഇത് അത്യന്തം ആദരണീയമായ സംഭാവനയാണ്. ഈയിടെ കേരള കലാമണ്‌ഡലത്തിന്റെ അത്യുന്നത പുരസ്‌കാരം മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്നും വേണുജിക്ക് ലഭ്യമായതും, രാഷ്ട്രപതിയിൽ നിന്നും കേന്ദ്രസംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടിയതുമൊക്കെ അങ്ങേയറ്റം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നടനകൈരളിയിൽ “മുദ്രോത്സവം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജോർജ്ജ് എസ് പോൾ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നൃത്തസങ്കേതങ്ങൾ രേഖപ്പെടുത്തുവാൻ നടന്നിട്ടുളള സുപ്രധാന സംരംഭങ്ങളിൽ വേണുജിയുടെ നൊട്ടേഷൻ സമ്പ്രദായവും ഉൾപ്പെടുന്നതായി നൃത്തചരിത്രകാരനായ വിനോദ് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ന്യൂയോർക്കിലെ ഹാർവാർഡ് തിയേറ്റർ കളക്ഷനിൽ ഇതു സംബന്ധിച്ച സുപ്രധാന രേഖകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേണുജി നൽകിയത് കലാസംരക്ഷണത്തിന് അമൂല്യ സംഭാവന : മന്ത്രി ഡോ ആർ ബിന്ദു

- Advertisement -