തൃശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POORAM) മധ്യത്തിലുള്ള ആനയുടെ മുൻപിൽ ആചാരപരമായിട്ടുള്ള കുത്തുവിളക്കിന് 6 മീറ്റർ പരിധി ബാധകമല്ല. സംഘാടകർ അനുവദിക്കുന്ന വളരെ കുറച്ചുപേർക്ക് മാത്രമാണ് 6 മീറ്റർ പരിധിക്കുള്ളിൽ അനുമതിയുള്ളത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മതിയായ ദ്രുതകർമസേനയെ നിയോഗിക്കണം. സംഘാടകർ എലിഫന്റ് സ്ക്വാഡിനെ വയ്ക്കുന്നുണ്ടെങ്കിൽ ദ്രുതകർമസേനയുടെ നിർദേശം അനുസരിച്ചാകണം ഇവർ പ്രവർത്തിക്കേണ്ടത്. ഇവരുടെ വിശദാംശങ്ങൾ 18ന് വൈകുന്നേരത്തിനകം സോഷ്യൽ ഫോറസ്ട്രി അസി.കൺസർവേറ്റർക്കു കൈമാറണം. ക്യാപ്ചർ ബെൽറ്റിന്റെ ഉപയോഗം ഹൈക്കോടതി വിലക്കി. ആനയെ പരുക്കേൽപ്പിക്കുന്ന ഒരുപകരണവും ഉപയോഗിക്കരുത്. ആനകളുടെ ഫിറ്റ്നസ് നടപടികളുമായി ബന്ധപ്പെട്ടു കലക്ടർ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകരായ ടി.സി.സുരേഷ് മേനോൻ, സന്ദേശ് രാജ എന്നിവരെ ഉൾപ്പെടുത്തി. ഇവർ നടപടികൾ നിരീക്ഷിച്ചശേഷം റിപ്പോർട്ട് ഹൈക്കോടതിക്കു നൽകണം. ഇക്കാര്യത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രസിഡന്റുമാർക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം. അന്ധതയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് എങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ അവസാന ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഇടത് കണ്ണ് നോർമൽ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നെയ്തലക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നു വടക്കുന്നാഥൻ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിനു മാത്രമേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നുള്ളൂയെന്ന് അധികൃതർ കോടതിയെ അറിയിച്ചു.
തുടർന്ന് ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ എഴുന്നള്ളിപ്പിന് അനുമതി നൽകാവൂയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് കോടതി നിർദേശം നൽകി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ജനുവരി 10ലെ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എല്ലാ വശത്തും 10 മീറ്റർ അകലം പാലിക്കണമെന്ന നിർദേശം ലംഘിക്കരുതെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ദൂരപരിധി സംബന്ധിച്ച നിർദേശം കുടമാറ്റത്തിന് ആനയുടെ പിറകിൽനിൽക്കുന്നവർക്കു ബാധകമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മതങ്ങൾക്കും ഉത്സവ ആഘോഷങ്ങൾക്കും അപ്പുറം മനുഷ്യജീവനാണ് ഒന്നാം സ്ഥാനം നൽകേണ്ടതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ദൂരപരിധി 10 മീറ്റർ ആക്കണമെന്നാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്.