താലൂക്കാശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചു

Written by Taniniram1

Published on:

തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത്പാടം വീട്ടില്‍ അഷിമോന്റെ ഭാര്യ കാര്‍ത്തിക (28) ആണ് മരിച്ചത്. പ്രസവത്തിന് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്നാണ് ആരോപണം.
മാര്‍ച്ച് 25ന് ആണ് കാര്‍ത്തിക കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നാല് ദിവസത്തിന് ശേഷം അസ്വസ്ഥത തോന്നിയ ഇവരെ ഒമ്പതു ദിവസത്തിന് ശേഷമാണ് സ്‌കാനിങിന് വിധേയയാക്കിയതെന്നു പറയുന്നു. ഗുരുതര പഴുപ്പ് കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ സ്‌കാനിങ്ങില്‍ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കുഞ്ഞ് സുരക്ഷിതയാണ്. കാര്‍ത്തികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ടോടെ വീട്ടില്‍ കൊണ്ടുവന്നു സംസ്‌കരിക്കും.

See also  കല്ലിടുക്ക് പൂളച്ചോട് റോഡ് പണി പുരോഗമിക്കുന്നു

Leave a Comment