കൊടകര : മറ്റത്തൂർ ഇറിഗേഷൻ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിർമിച്ചിട്ടുള്ള കോൺക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി. പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽകെട്ട് തകർന്നതിനെ തുടർന്നാണ് പാലം ദുർബലാവസ്ഥയിലായത്. ചാലക്കുടി ഇറിഗേഷൻ പദ്ധതിയിലെ വലതുകര മെയിൻകനാലിൻ്റെ ശാഖയായ മറ്റത്തൂർ ഇറിഗേഷൻ കനാലിന്റെ കുറുകെയാണ് കോൺക്രീറ്റ് നടപ്പാലമുള്ളത്. പ്രദേശവാസികൾക്ക് കനാൽ മുറിച്ചുകടക്കാനായി നിർമിക്കപ്പെട്ടതാണ് പാലം.
1956ൽ മറ്റത്തൂർ കനാൽ പണികഴിപ്പിച്ചപ്പോഴാണ് പാലവും നിർമിച്ചത്. മാരാങ്കോട് മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളമുള്ള മറ്റത്തൂർ കനാലിനു കുറുകെ ഇത്തരത്തിലുള്ള പത്തിലേറെ നടപ്പാലങ്ങൾ ഉണ്ട്. കടമ്പോടുള്ള കോൺക്രീറ്റ്നടപ്പാലത്തിന്റെ ഒരു ഭാഗത്തുള്ള കരിങ്കൽകെട്ട് തകർന്നത് സമീപത്തെ വീടുകൾക്കും ഭീഷണിയായിട്ടുണ്ട്. കരിങ്കൽകെട്ട് തകർന്നതോടെ ബണ്ട് ദുർബലമായി ഇടിയാൻ സാധ്യതയുള്ളതാണ് സമീപവാസികലെ ആശങ്കയിലാക്കുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കനാലിന്റെ ബണ്ട് ദുർബലമായ ഭാഗത്ത് പൊട്ടാനിട വന്നാൽ വെള്ളം വീടുകളിലേക്ക് കുത്തിയൊഴുകി നാശനഷ്‌ടങ്ങൾ സംഭവിക്കുമെന്നാണ് കനാലോരത്തുള്ള കുടുംബങ്ങളുടെ ആശങ്ക.