- Advertisement -
വാണിയമ്പാറ : വിദ്യാർത്ഥികൾ കാർഷിക സംസ്കാരം അറിഞ്ഞു വളരണമെന്നും വിഷ രഹിത പച്ചക്കറി കഴിക്കാൻ ശീലിക്കണമെന്നും മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ഇകെഎം യുപി സ്കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം വിനിയോഗിച്ചാണ് പാചകപ്പുര നിർമ്മിച്ചത്. പാചകപ്പുരയോട് അനുബന്ധമായുള്ള അടുക്കളത്തോട്ടം വിപുലമായി സജ്ജീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ രമേശ്, വാർഡ് മെമ്പർ ഷീലാ അലക്സ്, സ്‌കൂൾ മാനേജർ കെ.പി രാജേന്ദ്രൻ, ഹെഡ്‌മിസ്ട്രസ് ഓമന ആർ, പിടിഎ പ്രസിഡൻ്റ് രാജൻ സി.എം തുടങ്ങിയവർ പങ്കെടുത്തു.