വായന തന്നെ ലഹരി… പുസ്തകപ്പുര സജീവതയിലേക്ക്

Written by Taniniram1

Published on:

തൃശൂർ : കുട്ടികളിൽ വായന മരിക്കുന്നു, കുട്ടികൾ എപ്പോഴും മൊബൈലിലാണ്, സ്കൂളുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്നിങ്ങനെ മുറവിളികൾ പലേടത്തു നിന്നും ഉയരുന്ന കാലമാണിത്. ഇതിനിടയിലാണ് നിശ്ശബ്ദമായ ഒരു പ്രവർത്തനം പുസ്തകപ്പുര എന്ന പേരിൽ തൃശൂർ ജില്ലയിൽ നടപ്പിലാകുന്നത്. 4 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വീട്ടിൽ ഒരു കൊച്ചു വായനശാല തുടങ്ങുന്നതിന് 50 പുസ്തകം വീതം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. 2022 സെപ്തംബർ 14 ഗ്രന്ഥശാലാ ദിനത്തിൽ തുടങ്ങിയ പദ്ധതിയിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിലുമായി 200-ഓളം കുട്ടികൾ ഭാഗഭാക്കുകളാണ്.കവി സച്ചിദാനന്ദൻ്റെ വായന തന്നെ ലഹരിയെന്ന സന്ദേശമാണ് പുസ്തകപ്പുരയുടെ മുദാവാക്യം.

സ്കൂളുകൾ, വായനശാലകൾ, എസ് എസ് കെ അധികൃതർ മുഖേനെ വായനാശീലമുള്ള കുട്ടികളെ കണ്ടെത്തലാണ് ആദ്യപടി. അങ്ങനെ ലഭിക്കുന്ന കുട്ടികളെ അഭിമുഖം നടത്തി കൂടുതൽ നല്ല വായന അഭിരുചിയുള്ളവരെ പദ്ധതിയിൽ അംഗമാക്കി. തുടർന്നു തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ –കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, തൃശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ– വെച്ച് കുട്ടികൾക്ക് പത്തു പുസ്തകം വീതം നൽകി. ആദ്യ പത്തു പുസ്തകം വായിച്ചു കഴിഞ്ഞതോടെ അടുത്ത ഘട്ടം 10 പുസ്തകം നൽകി. ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായി 5000 ത്തോളം പുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികളെ കൊടകര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, തൃശൂർ, വടക്കാഞ്ചേരി ഇങ്ങനെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചുള്ള വാട്സാപ് കൂട്ടായ്മയുണ്ട്. വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ചെറിയ കുറിപ്പ് പുസ്തകത്തിൻ്റെ കവറിനൊപ്പം കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. വായിച്ചു കഴിയുന്ന മുറയ്ക്കാണു പുതിയ പുസ്തകങ്ങൾ നൽകുന്നത്.

ഒരു നോട്ടുബുക്ക് രജിസ്റ്റർ ആക്കി കുട്ടികൾ പുസ്തകങ്ങളുടെ പേരെഴുതി വെയ്ക്കുന്നു. തൻ്റെ വീട്ടിലൊ അയൽപക്കത്തോ ഉള്ള കുട്ടികൾക്കും വായിക്കാൻ കൊടുക്കുന്നു. ചില മിടുക്കന്മാർ സഹപാഠികൾക്കും പുസ്തകം കൈമാറി വായന കഴിഞ്ഞു തിരികെ വാങ്ങുന്നു. ഇതിലൂടെ ഒരുപുതിയ വായനാസമൂഹം വളർന്നു വരുന്നു. വിശേഷ ദിനങ്ങൾ സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും പുസ്തകങ്ങൾ എന്ന നിബന്ധന വെയ്ക്കുന്നു. അങ്ങനെ അമ്പതു പുസ്തകവുമായി തുടങ്ങിയ കൊച്ചു വായനശാല വികസിച്ചു. അവസാനത്തെ ഘട്ടത്തിൽ പുസ്തകപ്പുര അംഗങ്ങളെ അടുത്തുള്ള പൊതുവായനശാലയുമായി ബന്ധപ്പെടുത്തുന്നു. ഇതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഡോ.എൻ.ആർ.ഗ്രാമപ്രകാശ് ചെയർമാനായ ഒരു സംഘത്തിൻ്റെ നേതൃത്വത്തിലാണ് പുസ്തകപ്പുര പദ്ധതി നടപ്പിലാക്കുന്നത്. എഴുത്തുകാരും വായനക്കാരുമടങ്ങിയ സംഘം പുസ്തക ശേഖരണത്തിലും സഹായിക്കുന്നു. ലക്ഷക്കണക്കിനു രൂപയുടെ പുസ്തകങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. പുസ്തകപ്പുര സംഘാംഗങ്ങളുടെ ധനവും സമയവും ആവശ്യമനുസരിച്ച് ഇതിനായി മാറ്റിവെയ്ക്കുന്നു. അതിലൂടെ പുതിയൊരു വായനാസമൂഹം പിറവി കൊള്ളന്നു.

മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാർ, എഴുത്തുകാർ, അധ്യാപകർ, വായനശാല പ്രവർത്തകർ രക്ഷിതാക്കൾ, തുടങ്ങി നിരവധി പേർ വിവിധ പരിപാടികളിൽ പങ്കെടുത്തു.ഡോ.കെ.ആർ. ബീന, കോ ഓർഡിനേറ്റർ ആയ സംഘത്തിൽ നന്ദകിഷോർ വർമ്മ, ഡോ.പി.സജീവ് കുമാർ, ഡോ.കല സജീവൻ, ഡോ. സ്വപ്ന സി കോമ്പാത്ത്, ചന്ദ്രതാര, മേഴ്സി ആൻറണി, സ് മിത കോടനാട് , കെ.എസ്.ശ്രുതി, ഉർസുല ബിനോയ്‌ തുടങ്ങിയവർ സജീവമായി പ്രവർത്തിക്കുന്നു.

ഏപ്രിൽ 28 മഹാസംഗമം

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, മാതൃഭൂമി, ചിന്ത, മനോരമ, ഡിസി ബുക്ക്സ്, പൂർണ്ണ, കൈരളി, ഹരിതം.എച്ച് ആൻറ് സി തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഇതു വരെ പുസ്തകം ലഭിച്ച കുട്ടികളുടെ മഹാസംഗമം ഏപ്രിൽ 28 ന് തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി,ചങ്ങമ്പുഴ ഹാളുകളിൽ നടക്കും .പ്രധാനമായും കുട്ടികളുടെ കൈവശമുള്ള പുസ്തകങ്ങളുടെ കൈമാററമാണ് ഉദ്ദേശിക്കുന്നത് .പരസ്പരം പുസ്തകങ്ങൾ കൈമാറുന്നതിലൂടെ പുതിയ പുസ്തകങ്ങൾ വായിക്കാൻ ലഭിക്കുന്നു .ഇന്നേ ദിവസം കുട്ടികൾക്കു പുസ്തകങ്ങൾ നൽകാൻ താല്പര്യമുള്ള വ്യക്തികൾക്ക് പുസ്തകമോ ധനസഹായമോ എത്തിക്കുകയും ചെയ്യാം. കുട്ടികളുടെ വായനാനുഭവം പങ്കുവെയ്ക്കലും അന്നു നടക്കും.

Leave a Comment