പൂരം : വർണ്ണക്കാഴ്ച ഒരുക്കി ചമയ പ്രദർശനം തുടങ്ങി

Written by Taniniram1

Published on:

തൃശൂർ : ആന എന്ന് പറഞ്ഞാൽ തൃശൂർകാർക്ക് ഒരു വികാരമാണ്. ആനയും കടലും എത്ര കണ്ടാലും മതിവരാത്ത മനസ്സിനെയും കണ്ണുകളെയും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. അപ്പോൾ ആനയണിയുന്ന വർണ്ണാഭമായ അലങ്കാരങ്ങൾ കണ്ടാലോ? അതിൽപരം സന്തോഷവും ആനന്ദവും തൃശ്ശൂർക്കാർക്ക് മറ്റെന്താണ് ഉള്ളത്?? പൂരവും ആനയും പൂര വെയിലും… തണ്ണിമത്തൻ ജ്യൂസും ഇതാണ് തൃശ്ശൂർകാർക്കുള്ള പൂരാവേശം. പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേക്കാവ് വിഭാഗത്തിന്റെയും പൂരത്തിന് അണിനിരക്കുന്ന ആനകൾക്ക് അണിയാനുള്ള ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന പതിവുണ്ട്.

പ്രദർശനത്തിൽ ആനകൾ അണിയുന്ന സ്പെഷ്യൽ വടം, ആലവട്ടം, വെഞ്ചാമരം, കഴുത്തിൽ അണിയുന്ന മണി, നെറ്റിപ്പട്ടം , ഉൾപ്പെടെ എല്ലാം പ്രദർശിപ്പിക്കും. കുടമാറ്റം മത്സര സ്വഭാവം നിലനിർത്തുന്നത് കൊണ്ട് തിരുവമ്പാടിയും പാറമേക്കാവും തങ്ങളുടെ സ്പെഷ്യൽ കുടകൾ പ്രദർശിപ്പിക്കാറില്ല. പൂരദിനത്തിൽ കുടമാറ്റത്തിന് മാത്രമേ സ്പെഷ്യൽ കുടകൾ വെളിച്ചം കാണാറുള്ളൂ. ബഹുവർണ്ണത്തിലുള്ള കുടകൾ മാറിമാറി കുടമാറ്റത്തിന് അണിനിരക്കുമ്പോൾ ആരവങ്ങൾ ഉയർത്തി സന്തോഷം പ്രകടിപ്പിക്കുന്ന കാഴ്ച മനോഹരമാണ്. ആനച്ചമയ പ്രദർശനം കാണാൻ തൃശ്ശൂരിലെ മുഴുവൻ ആളുകളും എത്തിച്ചേരുന്ന ഒരു കാഴ്ചയാണ് തൃശ്ശൂരിൽ പൊതുവേ കണ്ടുവരാറുള്ളത്. നീണ്ട വരിയാണ് ചമയ പ്രദർശനം തീരുന്നതുവരെ കണ്ടുവരാറുള്ളത്. ആനച്ചമയങ്ങളുടെ വിസ്മയക്കാഴ്ചകളുമായി തിരുവമ്പാടി-പാറമേക്കാവ്ദേവസ്വങ്ങളുടെ പൂരം ചമയ പ്രദർശനത്തിന് ഇന്നു തുടക്കമാകും. ഇന്നും നാളെയും ഷൊർണൂർ റോഡിലെ കൗസ്തുഭം ഹാളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണു തിരുവമ്പാടിയുടെ ചമയ പ്രദർശനം. പാറമേക്കാവിന്റെ ചമയപ്രദർശനം ക്ഷേത്രം അഗ്രശാലയിലാണ്. ഇന്നു രാവിലെ തുടങ്ങി. . തുടർന്നു രാത്രി 12 വരെയും നാളെ രാവിലെ 10 മുതൽ രാത്രി 12രെയും അഗ്രശാലയിൽ പ്രദർശനം നടക്കും.

Leave a Comment