തൃശൂർ : തൃശൂർ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇലഞ്ഞിത്തറ മേളത്തിനു ഇക്കുറി രണ്ടാമനായ പെരുവനം സതീശൻ മാരാരുടെ മേളപ്പെരുക്കം ഉണ്ടാവില്ല. ഇത്തവണ കുടുംബത്തിൽ വാലായ്‌മ വന്നതിനാലാണിത്. പാറമേക്കാവു ദേവസ്വവുമായി ഇക്കാര്യം അദ്ദേഹം ചർച്ച ചെയ്തിട്ടുണ്ട്. ഇലഞ്ഞിത്തറയിൽ കൊട്ടുന്ന പെരുവനം ശങ്കരനാരായണനും ഇതേ കാരണത്താൽ ഉണ്ടാകില്ല. പാറമേക്കാവിൽ തിരുവല്ല രാധാകൃഷ്‌ണൻ ഈ വർഷം മുതൽ ഉണ്ടാകില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. തിരുവമ്പാടിയുടെ മേളം വലംതല വീക്ക പ്രമാണി തലോർ പീതാംബര മാരാർ ആരോഗ്യ പ്രശ്‌നങ്ങളാൽ ഇത്തവണ ഉണ്ടാകില്ല. പകരം സഹോദരൻ മുതുവറ അനിയൻകുട്ടി പ്രമാണിയാകും. പാറമേക്കാവിൽ സതീശനും ശങ്കരനാരായണനും പുറമേ അനീഷ് നമ്പൂതിരി, അജീഷ് നമ്പൂതിരി എന്നിവരും ഈ വർഷം വാലായ്മ കാരണം മാറി നിൽക്കും. ഇലഞ്ഞിത്തറ യിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ വലതുവശത്തു പഴുവിൽ രഘുവും ഇടത്തു രാജപ്പൻ മാരാരുമാണു കൊട്ടുക. തിരുവമ്പാടി മേളത്തിനു പെരുവനം ശിവനു പകരം ഈ വർഷം കുട്ടനല്ലൂർ കുട്ടൻ മൂന്നാമനാകും.
ഇലഞ്ഞിത്തറ മേളത്തിൽ പെരുവനം സതീശന്റെയും തിരുവല്ല രാധാകൃഷ്‌ണന്റെയും മേളപ്പെരുക്കം ഉണ്ടാവില്ല

- Advertisement -