തൃശൂര്‍(THRISSUR) : പാര്‍ലമെന്റ് ശതകോടീശ്വരന്‍മാരുടെയും നികുതിവെട്ടിപ്പുകാരുടെയും സഭയാകരുതെന്ന് സി.പി.ഐ. (CPI)ജനറല്‍ സെക്രട്ടറി ഡി. രാജ. (D.RAJA)എല്‍.ഡി.എഫ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ഡെമോക്രാറ്റിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് എന്നത് സുപ്രധാനമായ സ്ഥാപനമാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ്. ജനകീയപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയും മാത്രമല്ല, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍കൂടി ബാധ്യതയുള്ള സ്ഥാപനമാണ് പാര്‍ലമെന്റ്. അവിടെ ശതകോടീശ്വരന്‍മാര്‍ കടന്നുവരുമ്പോള്‍ മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവണമെന്നില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനു പ്രധാനപ്പെട്ട പങ്കുണ്ട്. കൃത്യമായ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ തന്നെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നൂറിലേറെ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് പ്രതിപക്ഷശബ്ദത്തെ ഇല്ലാതാക്കിയത് വെറുതെയല്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഏകാധിപത്യത്തിനാണ് അത് വഴിവയ്ക്കുക. പാര്‍ലമെന്റിന്റെ അധികാരവും അവകാശങ്ങളും കുറയ്ക്കുന്നത് ജനാധിപത്യത്തെയാണ് നശിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കറും പറഞ്ഞത് പാര്‍ലമെന്റിന് പ്രതിപക്ഷം നിര്‍ണായകമെന്നാണ്. എന്നാല്‍ പാര്‍ലമെന്റിനേയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും ഇന്ത്യയുടെ ഭാവിക്കും നിര്‍ണായകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ട് പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. അതാണ് ഒരു ദേശം, ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി.(BJP) പ്രകടനപത്രികയുടെ കാതല്‍. പക്ഷേ, അംബേദ്കര്‍ പ്രസിഡന്‍ഷ്യല്‍ രീതിക്കെതിരായിരുന്നു. എന്നാല്‍ അംബേദ്കര്‍ വന്നാല്‍പ്പോലും ഭരണഘടന ഭേദഗതി ചെയ്യാനാവില്ലെന്നാണ് മോദി കള്ളം പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സ്ഥിരമായ ഭരണഘടനാ സ്ഥാപനമാണ്. അത് സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണം. എന്നാല്‍ ഇപ്പോള്‍ എന്താണ് നമ്മുടെ അനുഭവം. ഇന്ദ്രജിത് ഗുപ്ത കമ്മിഷന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. അതില്‍ സ്റ്റേറ്റ് ഫണ്ടിങ്ങിനെക്കുറിച്ച് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അത് ചര്‍ച്ച ചെയ്തില്ല. പകരം ഇലക്ട്രല്‍ ബോണ്ടാണ് ചര്‍ച്ചയ്ക്കുവന്നത്. അപ്പോള്‍ തന്ന അത് കോര്‍പ്പറേറ്റ് ഫണ്ടാണെന്നു പറഞ്ഞ് ഇടതുപക്ഷം എതിര്‍ത്തു. ഇലക്ട്രല്‍ ബോണ്ട് എന്നാല്‍ ഏറ്റവും വലിയ അഴിമതിയാണ്. രാഷ്ട്രീയ അഴിമതി. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കേ മോദിക്കു താല്‍പ്പര്യമുള്ളൂ.
അതേസമയം എല്ലാവരുടെയും വികസനമെന്നു കള്ളം പറയുകയും ചെയ്യും. മോദി(MODI) ഗ്യാരന്റിയും മോദിയുടെ നുണയാണ്. തൊഴില്‍, ദാരിദ്ര്യം, സ്ത്രീസുരക്ഷ തുടങ്ങി വികസനം വരെയുള്ള കാര്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷം നല്‍കിയ ഗ്യാരന്റിയുടെ കാര്യം ജനങ്ങള്‍ക്കറിയാം. രൂപയുടെ മൂല്യം അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ ആദരത്തിനു കോട്ടമായി. എല്ലാം സ്വകാര്യവത്കരിച്ചു. പൊതുമേഖല ഇല്ലാതായതോടെ സാമൂഹികനീതിയും സംവരണവും ഇല്ലാതായി. സ്വകാര്യമേഖലയില്‍ സംവരണം വേണമെന്ന ബില്ല് താന്‍ സഭയില്‍ അവതരിപ്പിച്ചെങ്കിലും അതിനെ ബി.ജെ.പി. എതിര്‍ക്കുകയായിരുന്നു. അതാണ് മോദി സര്‍ക്കാരിന്റെ സബ്കാ വികാസ് എന്ന ഗ്യാരന്റി. എല്ലാ അര്‍ഥത്തിലും മോദിയും കൂട്ടരും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കെതിരായ നടപടികളാണ് തുടരുന്നത്. അത് തുടര്‍ന്നാല്‍ ഭരണഘടനയും രാജ്യവും ഇല്ലാതാവും. അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ, മതേതര ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ മോദി സര്‍ക്കാരിനെ പുറന്തള്ളണം. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉണ്ടാകണം. നയരൂപീകരണസമിതികളില്‍ പങ്കാളിത്തമുണ്ടാകണം. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വെറുമൊരു തെരഞ്ഞെടുപ്പല്ല, പാര്‍ലമെന്ററി വ്യവസ്ഥയെയും രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ഡി. രാജ പറഞ്ഞു.
രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ചു.