ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടം 4.40 ലക്ഷം രൂപ

Written by Taniniram Desk

Published on:

നെയ്യാറ്റിൻകര ∙ ഓൺലൈൻ തട്ടിപ്പ്; നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയ്ക്ക് 4.40 ലക്ഷം രൂപ നഷ്ടമായി. വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം എന്ന മോഹന വാഗ്ദാനം നൽകിയും ചെയ്യുന്ന ജോലിക്ക് ചെറിയ തുക അക്കൗണ്ടിൽ അയച്ചുകൊടുത്ത് വിശ്വാസം ആർജിച്ചും ആയിരുന്നു തട്ടിപ്പ്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മധ്യപ്രദേശ് ഗ്വാളിയർ ടാൻസൻ നഗറിലെ ഇൻഡസ് ബാങ്കിൽ അക്കൗണ്ടുള്ള ശിവം ശർമയുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വീട്ടിലിരുന്ന് ഓൺലൈനിലൂടെ ചെയ്യാവുന്ന ജോലികൾ സംബന്ധിച്ച് 23ന് വാട്സാപ്പിൽ ലഭിച്ച സന്ദേശമാണ് തുടക്കം. തുടർന്ന് ടെലിഗ്രാമിലൂടെ ലഭിച്ച ലിങ്കിലെ നിർദേശം അനുസരിച്ച് ഒരു സ്ഥാപനത്തിന് സ്റ്റാർ റേറ്റിങ് നൽകിയപ്പോൾ വീട്ടമ്മയ്ക്ക് 150 രൂപ ലഭിച്ചു. പിന്നീട് ചെറിയ ടാസ്ക്കുകൾ ചെയ്തപ്പോഴെല്ലാം ഇതുപോലെ പണം കിട്ടി. ഇത്തരത്തിൽ 5000 രൂപയിലധികം ലഭിച്ചതോടെ വീട്ടമ്മയ്ക്കു വിശ്വാസമായി. പിന്നീടാണ് പ്രീ പെയ്ഡ് ടാസ്ക് എന്ന പേരിൽ തുക അങ്ങോട്ട് ആവശ്യപ്പെട്ടു തുടങ്ങിയത്.

ഇത്തരത്തിൽ കാൽ ലക്ഷം രൂപ വരെയുള്ള ടാസ്ക്കുകൾക്ക് തിരികെ പണം ലഭിച്ചുകൊണ്ടിരുന്നു. ഒടുവിൽ 4.40 ലക്ഷം രൂപ ലഭിച്ചതോടെ തട്ടിപ്പു സംഘത്തിന്റെ മട്ടു മാറി. ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു തുടങ്ങിയതോടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി നൽകിയ പണം തിരികെ ലഭിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നു വീട്ടമ്മ ചൂണ്ടിക്കാട്ടിയപ്പോൾ 2 ലക്ഷം രൂപ കൂടി നൽകിയാൽ തിരികെ നൽകാമെന്നായി. ഒടുവിൽ ഗത്യന്തരമില്ലാതെ ബാങ്കിലും അവിടെ നിന്ന് പൊലീസിലും പരാതി നൽകുകയായിരുന്നു.

Leave a Comment